ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളാണ് ഐ.വി. ശശി. ഉത്സവം എന്ന ചിത്രത്തിലൂടെയാണ് ഐ.വി. ശശി തന്റെ സംവിധാനജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി 110ഓളം സിനിമകൾ അണിയിച്ചൊരുക്കാൻ ഐ.വി. ശശിക്ക് സാധിച്ചു. മലയാളത്തിലെ സൂപ്പർസ്റ്റാർഡം നേടിയ ആദ്യ സംവിധായകനെന്ന് ഐ.വി. ശശിയെ പലരും വിശേഷിപ്പിച്ചിട്ടുണ്ട്.
ഐ.വി ശശിയെ കുറിച്ച് സംസാരിക്കുകയാണ് നടൻ വിനീത്. ഐ.വി ശശിയുടെ സിനിമയിൽ അഭിനയിക്കാൻ അവസരം വന്നപ്പോൾ കൊച്ചുനടൻ എന്ന നിലയിൽ വലിയ അഭിമാനം തോന്നിയെന്ന് വിനീത് പറയുന്നു. ഐ.വി ശശിയുടെ ഇടനിലങ്ങൾ എന്ന സിനിമയിലാണ് താൻ ആദ്യമായി അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നതെന്നും അതിൽ നടി സുകുമാരിയമ്മയുടെ മകന്റെ വേഷമായിരുന്നുവെന്നും വിനീത് പറഞ്ഞു.
ചിത്രത്തിലെ കഥാപാത്രത്തിനായി കുട്ടി ട്രൗസറും ഷർട്ടും തന്നപ്പോൾ സ്ഥിരമായി പാന്റും ഷർട്ടുമിടുന്ന തനിക്ക് ചമ്മൽ തോന്നിയെന്നും വിനീത് പറഞ്ഞു. ഐ.വി ശശിയുടെ കയ്യിൽ നിന്നാണ് ആദ്യത്തെ പ്രതിഫലം വാങ്ങിയതെന്നും അപ്പോൾ നടിമാരായ സീമയും സുകുമാരിയും തന്നെ അനുഗ്രഹിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അന്നത്തെ സെലിബ്രേറ്റഡ് ഡയറക്ടറായിരുന്നു ഐ.വി. ശശി. സിനിമയിൽ അദ്ദേഹത്തിന്റെ ടൈറ്റിൽ കാണിക്കുമ്പോൾ കേൾക്കാറുള്ള സ്ഥിരം മ്യൂസിക്പോലും എനിക്ക് കാണാപാഠമായിരുന്നു. സിനിമയിൽ വരുന്നതിന് മുമ്പ് ‘അതിരാത്രം’ എന്ന സിനിമയുടെ ഷൂട്ടിങ് തലശ്ശേരിയിൽ നടന്നപ്പോൾ ഞാൻ പോയിട്ടുണ്ട്.
അങ്ങനെയുള്ള ആ സംവിധായകന്റെ ചിത്രത്തിൽ അഭിനയിക്കാൻ അവസരം വന്നപ്പോൾ കൊച്ചുനടൻ എന്ന നിലയിൽ ഏറെ അഭിമാനം തോന്നി. പാലക്കാട്ട് വൻ ജനക്കൂട്ടത്തിന് നടുവിൽ ലാലേട്ടന്റെ ഫൈറ്റ് സീൻ ചിത്രീകരിക്കുന്ന സമയത്താണ് ഞാൻ ‘ഇടനിലങ്ങളു’ടെ സെറ്റിൽ എത്തിയത്. സുകുമാരിയമ്മയുടെ മകന്റെ വേഷം. സ്ഥിരം പാൻറ്സും ഷർട്ടുമിട്ട് നടക്കുന്ന ആ പത്താംക്ലാസുകാരന് കഥാപാത്രത്തിന്റെ വേഷമായ കുട്ടി ട്രൗസറും ഷർട്ടും തന്നപ്പോൾ വലിയ ചമ്മൽ തോന്നിയത് ഓർമ്മയുണ്ട്.
സിനിമയെന്ന സ്വപ്നലോകത്ത് എത്തിയതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. ഐ.വി.ശശിസാറിന്റെ കയ്യിൽനിന്നാണ് ആദ്യത്തെ പ്രതിഫലം ഏറ്റുവാങ്ങിയത്. 1001 രൂപയുടെ ചെക്ക്. സീമച്ചേച്ചിയും സുകുമാരിയമ്മയും ചേർന്ന് അനുഗ്രഹിച്ചു. അത് കഴിഞ്ഞ് അദ്ദേഹത്തിന്റെ ‘പ്രാർത്ഥന’ എന്ന ചിത്രത്തിലും അഭിനയിച്ചു,’ വിനീത് പറയുന്നു.
Content Highlight: Vineeth Talks About I V Sasi