ജയ്പൂര്‍: രാജസ്ഥാനില്‍ കെമിക്കല്‍ ഫാക്ടറിയിലെ ടാങ്കറിനുള്ളില്‍ നിന്നും വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. വിഷവാതകം ശ്വസിച്ച 50 തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമായാണ് റിപ്പോര്‍ട്ടുകള്‍.
ഫാക്ടറി ഉടമയും മറ്റ് രണ്ട് പേരുമാണ് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഫാക്ടറി ഉടമ സുനില്‍ സിംഗാള്‍ (47) തിങ്കളാഴ്ച രാത്രി മരിച്ചതായും ദയാറാം (52), നരേന്ദ്ര സോളങ്കി എന്നിവരാണ് മരിച്ചത്.ബദിയ പ്രദേശത്തെ ഒരു റെസിഡന്‍ഷ്യല്‍ ഏരിയയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറിയിലാണ് ചോര്‍ച്ചയുണ്ടായത്.
തിങ്കാളാഴ്ച രാത്രിയാണ് നൈടിക്രി ആസിഡ് ചോര്‍ന്ന് 53 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ഇവരില്‍ മൂന്ന് പേര്‍ ഇന്ന് മരണപ്പെടുകയായിരുന്നുവെന്ന് ജില്ല കളക്ടര്‍ മഹേന്ദ്ര ഖഡ്ഗാവത് പറഞ്ഞു. നിലവില്‍ ഫാക്ടറി പ്രദേശത്തെ സ്ഥിതി സമയബന്ധിതമായി നിയന്ത്രണവിധേയമാക്കിയതായും അദ്ദേഹം പറഞ്ഞു.
വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് ശ്വാസതടസ്സം, നെഞ്ചുവേദന, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്തെ ആളുകളെ ഒരു പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ഫാക്ടറിക്ക് ചുറ്റുമുള്ള പ്രദേശത്തുള്ള ആളുകളെയെല്ലാം ഒഴിപ്പിച്ചതായാണ് വിവരം. ജില്ലയില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഫാക്ടറികള്‍ പരിശോധിക്കുന്നതിനായി നഗര്‍ പരിഷത്ത്, റവന്യൂ വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും കളക്ടര്‍ ഖഡ്ഗാവത് പറഞ്ഞു.
Content Highlight: Toxic gas leak from chemical factory in Rajasthan; Three dead, 50 hospitalized