Entertainment
കല്യാണരാമനിലെ സെന്റിമെന്റ് സീനിന്റെ ഇടയില്‍ സലിം കുമാര്‍ പറഞ്ഞ ആ കോമഡി ആദ്യം കളയാനിരുന്നതായിരുന്നു: ബെന്നി പി. നായരമ്പലം

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് ബെന്നി പി. നായരമ്പലം. 1993ല്‍ റിലീസായ കൗശലം എന്ന ചിത്രത്തിലൂടെയാണ് ബെന്നി തിരക്കഥാലോകത്തേക്കെത്തിയത്. ചട്ടമ്പിനാട്, ചാന്തുപൊട്ട്, തൊമ്മനും മക്കളും, ചോട്ടാ മുംബൈ, അണ്ണന്‍ തമ്പി തുടങ്ങി ഹിറ്റ് സിനിമകള്‍ക്ക് ബെന്നി തിരക്കഥയൊരുക്കി.

ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത് 2002ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കല്യാണരാമന്‍. ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ട ചിത്രത്തിലെ പല ഡയലോഗുകളും ആളുകള്‍ക്ക് മനഃപാഠമാണ്. ചിത്രത്തില്‍ എല്ലാവരെയും പൊട്ടിച്ചിരിപ്പിക്കുകയും ഇന്നും പല ട്രോള്‍ പേജുകളിലും നിറഞ്ഞുനില്‍ക്കുന്ന ഡയലോഗാണ് സലിംകുമാര്‍ പറഞ്ഞ ‘എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍’.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളുടെ വിവാഹം മുടങ്ങിയ സെന്റിമെന്റ് സീനായിരുന്നു അതെന്ന് ബെന്നി പി. നായരമ്പലം പറഞ്ഞു. അത്രയും സെന്റിമെന്റായിട്ടുള്ള സീനില്‍ സലിംകുമാര്‍ പറയുന്ന ഡയലോഗ് മാത്രമാണ് കോമഡിയെന്നും അത് മറ്റൊരു ട്രാക്കായെന്നും ബെന്നി കൂട്ടിച്ചേര്‍ത്തു. ആ ഡയലോഗ് ആദ്യം മാറ്റിയാലോ എന്ന് ഷാഫി ചിന്തിച്ചിരുന്നെന്നും ബെന്നി പി. നായരമ്പലം പറയുന്നു.

ആ സെന്റിമെന്റ്‌സിനെ വിലകുറച്ച് കാണുന്നതുപോലെ പലര്‍ക്കും തോന്നുമോ എന്ന ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നും ബെന്നി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പുറത്ത് നടക്കുന്ന സെന്റിമെന്റ്‌സ് സലിം കുമാറിന്റെ കഥാപാത്രത്തെ ബാധിക്കുന്നില്ല എന്നത് ആ ഒരു സീനിലൂടെ കാണിച്ചെന്നും ബെന്നി പി. നായരമ്പലം പറയുന്നു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ബെന്നി. പി. നായരമ്പലം.

‘സിനിമയിലെ പ്രധാന കഥാപാത്രത്തിന്റെ കല്യാണം മുടങ്ങിയ സീനാണ്. എല്ലാവരും സങ്കടപ്പെട്ട് ഇരിക്കുന്ന സെന്റി സീനിലാണ് സലിം കുമാര്‍ ‘എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍’ എന്ന് പറയുന്നത്. ആ ഒരൊറ്റ ഡയലോഗോടെ ആ സീനിന്റെ ട്രാക്ക് മാറി. അത്രയും സീരിയസായിട്ടുള്ള സീനില്‍ ആ ഡയലോഗ് വേണോ എന്ന് ഷാഫി ചിന്തിച്ചിരുന്നു.

എന്നാല്‍ ആ ഡയലോഗ് സീനിന്റെ സെന്റിമെന്റ്‌സിനെ വിലകുറച്ച് കാണുന്നതായി പലര്‍ക്കും തോന്നുമോ എന്ന ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ സെന്റിമെന്റ്‌സ് സലിമിന്റെ കഥാപാത്രത്തെ ബാധിക്കുന്നില്ല എന്ന് കാണിക്കുന്നതാണ് ആ ഡയലോഗ്. അത് വര്‍ക്കായെന്ന് മാത്രമല്ല, ഇന്നും പലരും അത് പല സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്,’ ബെന്നി പി. നായരമ്പലം പറയുന്നു.

Content Highlight: Benny P Nayarambalam about Salimkumar’s comedy scene in Kalyanaraman movie