DISCOURSE
രാമനവമിയും ബി.ജെ.പിക്ക് സുവർണാവസരമോ? ബംഗാളിൽ നിന്നുള്ള വാർത്തകൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
3 days ago
Tuesday, 1st April 2025, 5:00 pm

പശ്ചിമ ബംഗാളിൽ അശാന്തി വിതച്ചുകൊണ്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു വർഗീയ സംഘർഷം നടന്നിരുന്നു. പശ്ചിമ ബംഗാളിലെ മാൾഡയിലെ പ്രാദേശിക പള്ളിയുടെ സമീപത്ത് കൂടി നടന്ന രാമനവമിക്കുള്ള ഒരുക്കങ്ങൾക്ക് മുമ്പായി നടന്ന ഘോഷയാത്രക്കിടെ ചിലർ പള്ളിക്ക് നേരെ പടക്കം എറിഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവം വർഗീയ സംഘർഷമായി പരിണമിക്കുകയും ഇത് റോഡ് ഉപരോധങ്ങൾക്കും നിയമപാലകരുമായുള്ള ഏറ്റുമുട്ടലുകൾക്കും കാരണമായി. എന്നാൽ വിഷയം ഹിന്ദുക്കൾക്ക് നേരെ മുസ്‌ലിങ്ങൾ നടത്തുന്ന ആക്രമണമെന്ന രീതിയിൽ അവതരിപ്പിക്കുകയാണ് ബി.ജെ.പി.

അതിക്രമങ്ങളുടെ വീഡിയോകൾ പങ്കുവെച്ചുകൊണ്ട് ഇരു മത വിഭാഗങ്ങളിലും ഭിന്നതയുണ്ടാക്കുന്ന വർഗീയ പരാമർശങ്ങളുമായി നിരവധി ബി.ജെ.പി നേതാക്കളാണ് എത്തിയിരിക്കുന്നത്.

ബി.ജെ.പി എം.എൽ.എ സുവേന്ദു അധികാരി, ബി.ജെ.പി എം.പി ഡോ. സുകാന്ത മജുംദാർ എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കൾ ഈ വീഡിയോകൾ പങ്കിട്ടു. എക്‌സിൽ വീഡിയോ പങ്കിട്ട ബി.ജെ.പി എം.എൽ.എ സുവേന്ദു അധികാരി, മൊട്ടാബാരിയിലെ ചില അക്രമികൾ ഹിന്ദുക്കളുടെ കടകൾ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നുണ്ടെന്നും ആരോപിച്ചു.

‘ദക്ഷിണ മാൾഡയിലെ മൊട്ടാബാരിയിൽ നിന്നുള്ള ഭയാനകമായ കാഴ്ചകൾ, അക്രമാസക്തരായ ജനക്കൂട്ടം ഹിന്ദുക്കളുടെ വീടുകളും കടകളും നശിപ്പിച്ചു. മമതാ ബാനര്ജിയും അവരുടെ നിശബ്ദ കാഴ്ചക്കാരായ വെസ്റ്റ് ബംഗാൾ പൊലീസും എന്താണ് ചെയ്യുന്നത്? നിശബ്ദത. അവരുടെ ലജ്ജാകരമായ പ്രീണന രാഷ്ട്രീയത്തിന്റെ വിലയാണിത്. ജസ്റ്റിസ് ഫോർ ഹിന്ദൂസ്,’ സുകാന്ത മജുംദാർ എക്‌സിൽ കുറിച്ചു.

 

ബി.ജെ.പിയും ഹിന്ദുത്വ ഗ്രൂപ്പുകളും ഹിന്ദു ഐക്യത്തെക്കുറിച്ച് ഗൗരവമുള്ളവരായിരുന്നെങ്കിൽ, ദളിതർക്കും പിന്നോക്ക സമുദായങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെയും അവർ സംസാരിക്കണമായിരുന്നു. വസ്തുത എന്തെന്നാൽ, ബി.ജെ.പി തങ്ങളുടെ ഹിന്ദുത്വ അജണ്ട പ്രചരിപ്പിച്ചുകൊണ്ട് ബ്രാഹ്മണ മേധാവിത്വം സ്ഥാപിക്കാൻ ആഗ്രഹിക്കുകയാണ് ചെയ്യുന്നത്
സുമൻ ഭട്ടാചാര്യ

‘മാർച്ച് 26ന് മോട്ടബാരി പ്രദേശത്തുകൂടി ഒരു ഹിന്ദു മത ഘോഷയാത്ര കടന്നുപോകുമ്പോൾ പള്ളിയിൽ നമസ്കാരം നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് സംഭവം നടന്നതെന്ന് പ്രാദേശിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഭക്തർ മുദ്രാവാക്യം വിളിച്ചതോടെ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. മുസ്‌ലിം സമുദായത്തിലെ അംഗങ്ങൾ ഘോഷയാത്രയെ എതിർത്തു. താമസിയാതെ ഈ അഭിപ്രായവ്യത്യാസം ചൂടേറിയ ഏറ്റുമുട്ടലിലേക്ക് നീങ്ങി. അത് അക്രമത്തിലേക്ക് നയിച്ചു. പിറ്റേന്ന് രാത്രിയോടെ നിരവധി ഹിന്ദുക്കളുടെ വീടുകളും കടകളും വാഹനങ്ങളും നശിപ്പിക്കപ്പെടുകയും തീയിടുകയും ചെയ്തു. ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ ആക്രമിച്ച് വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി’ ആർ.എസ്.എസിന്റെ മുഖപത്രമായ ഓർഗനൈസറിൽ വന്ന വാർത്താ ശകലമാണിത്.

മമത ബാനർജി

മുസ്‌ലിങ്ങളെ ജിഹാദികളെന്ന് വിളിക്കുകയും തൃണമൂൽ കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയമാണ് നടത്തുന്നതെന്നുമുള്ള ആരോപണങ്ങളും മജുംദാർ ഉന്നയിച്ചിരുന്നു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ പശ്ചിമ ബംഗാളിലെ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അക്രമണങ്ങളായി ചിത്രീകരിച്ച് ഹിന്ദു വികാരം ഇളക്കിവിടാനും ശ്രമിക്കുന്നുണ്ട് മജുംദാർ. ‘ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾ അതിർത്തിയുടെ ഈ വശത്തുള്ളവരുടെ കണ്ണുതുറപ്പിക്കുന്നതാണ്.

ഇപ്പോൾ നമ്മൾ ചെറുത്തുനിന്നില്ലെങ്കിൽ, ടി.എം.സിയുടെ പ്രീണന നയങ്ങൾ കാരണം പശ്ചിമ ബംഗാളിലെ ഹിന്ദുക്കൾക്കും സമാനമായ വിധി നേരിടേണ്ടി വരും. പശ്ചിമ ബംഗാളിലെ ഹിന്ദുക്കൾ ഇതിനകം തന്നെ ടി.എം.സി പിന്തുണയ്ക്കുന്ന ജിഹാദികളിൽ നിന്ന് സമാനമായ ആക്രമണങ്ങൾ നേരിടുന്നുണ്ട്,’ സംസ്ഥാന ബി.ജെ.പി പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ സുകാന്ത മജുംദാർ പി.ടി.ഐയോട് പറഞ്ഞു.

പ്രത്യക്ഷത്തിൽ പശ്ചിമ ബംഗാളിൽ ഹിന്ദുക്കൾക്ക് നേരെ അതിക്രമം നടക്കുന്നുണ്ടെന്നും സംസ്ഥാന സർക്കാർ അതിനെതിരെ പ്രതികരിക്കുന്നില്ലെന്നുമുള്ള പ്രചാരണമാണിവിടെ നടക്കുന്നത്.

കലാപത്തിന് ആക്കം കൂട്ടാൻ പ്രകോപനങ്ങൾ നടക്കുന്നുണ്ട്. പക്ഷേ ദയവായി ഈ കെണികളിൽ വീഴരുത്. പശ്ചിമ ബംഗാളിൽ ബി.ജെ.പിയും ആർ.എസ്.എസും കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. ജനങ്ങളെ ഭിന്നിപ്പിക്കാൻ ബി.ജെ.പി ‘ജുംല രാഷ്ട്രീയത്തിൽ’ ഏർപ്പെടുകയാണ്. ‘എല്ലാ മതങ്ങൾക്കും വേണ്ടി ജീവൻ ത്യജിക്കാൻ ഞങ്ങൾ തയ്യാറാണ്. ഭൂരിപക്ഷത്തിന്റെ കടമ ന്യൂനപക്ഷത്തെ സംരക്ഷിക്കുക എന്നതാണ്, ന്യൂനപക്ഷത്തിന്റെ കടമ ഭൂരിപക്ഷത്തോടൊപ്പം നിൽക്കുക എന്നതാണ്. ആരെയും കലാപത്തിന് അനുവദിക്കില്ല. കലാപം തടയുക എന്ന ലക്ഷ്യമാണ് ഞങ്ങൾക്കുള്ളത്

മമത ബാനർജി

അതേസമയം മൊട്ടാബാരിയിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സമാധാനം തകർത്തതിന് മാൾഡയിൽ 17 പേരെ അറസ്റ്റ് ചെയ്യുകയും 19 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നിയമ-ക്രമസമാധാന അഡീഷണൽ ഡയറക്ടർ ജനറൽ ജാവേദ് ഷമീം ഇന്ത്യൻ എക്സ്പ്രെസിനോട് പറഞ്ഞു.

‘ഇപ്പോൾ സ്ഥിതി നിയന്ത്രണവിധേയമാണ്. ഇരു സമുദായങ്ങളിലെയും ആളുകൾ പങ്കെടുക്കുന്ന ശാന്തി കമ്മിറ്റിയുടെ യോഗം ഭരണകൂടം വിളിച്ചിട്ടുണ്ട്. എല്ലാവരോടും സമാധാനം പാലിക്കാൻ ഞങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ കിംവദന്തികൾക്ക് ചെവികൊടുക്കരുതെന്ന് ഞങ്ങൾ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്,’ മൊട്ടാബാരിയിൽ നിന്നുള്ള ടി.എം.സി എം.എൽ.എ സബീന യാസ്മിൻ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

അക്രമസംഭവങ്ങൾക്ക് മറുപടിയായി, മാൾഡയിൽ മാർച്ച് 31 ന് സമാധാന യോഗം സർക്കാർ സംഘടിപ്പിച്ചു. അതിൽ ഇരു സമുദായത്തിലെയും പ്രധാന നേതാക്കൾ പങ്കെടുത്തു. ഈദ്, രാമനവമി ആഘോഷങ്ങൾ യോജിപ്പോടെ നടത്തുക എന്നതായിരുന്നു യോഗത്തിന്റെ ലക്ഷ്യം.

‘ഞങ്ങൾ ജില്ലാതലത്തിൽ ഒരു സമാധാന യോഗം നടത്തി. അതിൽ പൊതുജന പ്രതിനിധികളെയും സാധാരണ ജനങ്ങളെയും ക്ഷണിച്ചു. മതപരവും സാമ്പത്തികവുമായ സ്ഥാപനങ്ങളും സാമൂഹിക വ്യക്തിത്വങ്ങളും ഇതിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടു. എല്ലാവരും ഇതിൽ സന്തോഷത്തോടെ പങ്കെടുത്തു. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാണ്. ഈദ് ആഘോഷങ്ങളും രാമനവമി ആഘോഷങ്ങളും ഒന്നിച്ച് നടത്തുമെന്ന് എല്ലാവരും തീരുമാനിച്ചു,’ മാൾഡ എസ്.പി പ്രദീപ് കുമാർ യാദവ് പറഞ്ഞു.

മാൾഡയിലുണ്ടായ വർഗീയ സംഘർഷത്തിന് വ്യത്യസ്തമായൊരു മാനം നൽകി ഹിന്ദു വികാരം ഇളക്കിവിടാനാണ് ബി.ജെപിയുടെ ശ്രമമെന്നും വർഗീയ കലാപങ്ങൾക്ക് ആക്കം കൂട്ടാൻ ലക്ഷ്യമിട്ടുള്ള പ്രകോപനങ്ങളിൽ വീഴരുതെന്നും മുഖ്യമന്ത്രി മമത ബാനർജി മാർച്ച് 31ന് സംഘടിപ്പിച്ച സമാധാന യോഗത്തിൽ പറഞ്ഞു.

‘കലാപത്തിന് ആക്കം കൂട്ടാൻ പ്രകോപനങ്ങൾ നടക്കുന്നുണ്ട്. പക്ഷേ ദയവായി ഈ കെണികളിൽ വീഴരുത്. പശ്ചിമ ബംഗാളിൽ ബി.ജെ.പിയും ആർ.എസ്.എസും കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. ജനങ്ങളെ ഭിന്നിപ്പിക്കാൻ ബി.ജെ.പി ‘ജുംല രാഷ്ട്രീയത്തിൽ’ ഏർപ്പെടുകയാണ്. ‘എല്ലാ മതങ്ങൾക്കും വേണ്ടി ജീവൻ ത്യജിക്കാൻ ഞങ്ങൾ തയ്യാറാണ്. ഭൂരിപക്ഷത്തിന്റെ കടമ ന്യൂനപക്ഷത്തെ സംരക്ഷിക്കുക എന്നതാണ്, ന്യൂനപക്ഷത്തിന്റെ കടമ ഭൂരിപക്ഷത്തോടൊപ്പം നിൽക്കുക എന്നതാണ്. ആരെയും കലാപത്തിന് അനുവദിക്കില്ല. കലാപം തടയുക എന്ന ലക്ഷ്യമാണ് ഞങ്ങൾക്കുള്ളത്,’ മമത പറഞ്ഞു.

വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കാനും ബംഗാളിന്റെ സാമുദായിക ഐക്യം ഇല്ലാതാക്കാനും ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് വെസ്റ്റ് ബംഗാൾ സി.പി.ഐ.എം തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു.

 

‘ബംഗാളിൻ്റെ പരമ്പരാഗത പാരമ്പര്യങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ട് സമാധാനത്തിൻ്റെയും ഐക്യത്തിൻ്റെയും അന്തരീക്ഷത്തിൽ ഈദും രാമാനവമിയും ആഘോഷിക്കാൻ ഇടതുമുന്നണി സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുമെന്ന ഭയം അവഗണിക്കാനാവില്ല. കാരണം, ഇതിനോടകം ഇത്തരം ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാത്തരം പ്രകോപനങ്ങളെയും അവഗണിച്ച് ഐക്യം ഊട്ടിയുറപ്പിക്കാൻ ഇടതുമുന്നണി ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇതോടൊപ്പം സംസ്ഥാനത്ത് സമാധാനവും ക്രമസമാധാനവും വേണമെന്ന് സംസ്ഥാന ഭരണസംവിധാനത്തോട് ഇടതുമുന്നണി ആവശ്യപ്പെടുന്നു. ഇത് നിലനിർത്താൻ എല്ലാ നടപടികളും സ്വീകരിക്കണം. പ്രകോപനത്തിന് ശ്രമിച്ചാൽ കർശനമായി നേരിടണം. ബംഗാളിൻ്റെ സാമുദായിക സൗഹാർദത്തിൻ്റെ പാരമ്പര്യം സംരക്ഷിക്കാൻ സിവിൽ സേനകൾ ഒന്നിക്കണം,’ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.

സുകാന്ത മജുംദാർ

അതേസമയം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെ അപേക്ഷിച്ച് പശ്ചിമ ബംഗാളിൽ രാമനവമി വലിയ പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നില്ലെന്ന് മജുംദാർ ആരോപിച്ചതിന് പിന്നാലെ സംസ്ഥാനം കണ്ട ഏറ്റവും വലിയ രാമനവമി ആഘോഷം നടത്താനൊരുങ്ങുകയാണ് ബി.ജെ.പിയും സംഘപരിവാറും.

രാമനവമിക്ക് മുന്നോടിയായുള്ള ഒരുക്ക റാലിക്കിടെ മുസ്‌ലിം പള്ളിക്ക് നേരെ പടക്കമെറിയപ്പെടുന്നതും സംഘർഷം ഉണ്ടാകുന്നതും പിന്നാലെ ബംഗാളിൽ രാമനവമിക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന ബി.ജെ.പി നേതാക്കളുടെ പരാമർശവും ഒടുക്കം ബി.ജെ.പിയുടെ നേതൃത്വത്തിൽ അതിഗംഭീരമായ രാമനവമി ആഘോഷങ്ങളൊരുങ്ങുന്നതും യാദൃശ്ചികമാണെന്ന് പറയാൻ സാധിക്കില്ല.

2026ൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ കാലുറപ്പിക്കാനുള്ള ബി.ജെ.പിയുടെ കുതന്ത്രമായിതിനെ വിലയിരുത്താം. അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദു വോട്ടുകൾ ഏകീകരിക്കാൻ ശ്രമിക്കുന്ന ബി.ജെ.പി, രാമനവമിയെ പ്രചരണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റിയിരിക്കുകയാണ്.

പിന്നാലെ രാമനവമി ആഘോഷിക്കുന്നതിനായി ഏപ്രിൽ ആറിന് മാത്രം പശ്ചിമ ബംഗാളിൽ ഏകദേശം 2,000 ഘോഷയാത്രകൾ സംഘപരിവാർ നേതാക്കൾ സംഘടിപ്പിക്കുമെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

2024ൽ നടത്തിയ 1,000 ഘോഷയാത്രകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ വർഷം ഏകദേശം 3,000 ഘോഷയാത്രകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വി.എച്ച്. പി നേതാക്കൾ പറഞ്ഞതായി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. ഗ്രാമപ്രദേശങ്ങളിലേക്കും ആഘോഷങ്ങൾ വ്യാപിപ്പിക്കുമെന്നും നേതാക്കൾ പറയുന്നുണ്ട്. 35,000ത്തിലധികം പേർ ആഘോഷങ്ങളിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചിലയിടങ്ങളിൽ 50,000ത്തിലധികം പേർ പങ്കെടുക്കുമെന്നും പ്രതീക്ഷിക്കുന്നതായി വി.എച്ച്.പി വൃത്തങ്ങൾ പറഞ്ഞു.

ഏപ്രിൽ ആറിന് ആരംഭിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിൽ പശ്ചിമ ബംഗാളിലെ എല്ലാ ബ്ലോക്കുകളിലും മൂന്ന് കോടിയിലധികം ആളുകളെ അണിനിരത്താനും റാലികൾ നടത്താനും വി.എച്ച്.പി-ആർ.എസ്.എസ് എന്നിവയുൾപ്പെടെയുള്ള ഹിന്ദുത്വ ഗ്രൂപ്പുകൾ ലക്ഷ്യമിടുന്നതായി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം പശ്ചിമ ബംഗാളിലെ വി.എച്ച്.പി സെക്രട്ടറി ചന്ദ്ര നാഥ് ദാസിന്റെ പരാമർശം ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയം വെളിവാക്കുന്നതാണ്.

‘ഈ വർഷത്തെ രാമനവമി ജനങ്ങൾക്ക് അവരുടെ രോഷം പ്രകടിപ്പിക്കാനും പ്രതിഷേധങ്ങൾ പ്രകടിപ്പിക്കാനുമുള്ള അവസരം നൽകും. അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദു ഐക്യത്തിനായുള്ള ഒരു ചവിട്ടുപടിയായി ഈ ആഘോഷങ്ങൾ നിലകൊള്ളും. ഹിന്ദു സമൂഹം എത്രത്തോളം ആക്രമിക്കപ്പെടുന്നുവോ അത്രത്തോളം ശക്തമായ പ്രതികരണമായിരിക്കും അത്,’ ദാസ് പി.ടി.ഐയോട് പറഞ്ഞു.

 

2026ൽ പശ്ചിമ ബംഗാളിൽ ഒരു ഹിന്ദു സർക്കാർ രൂപീകരിക്കപ്പെടുമെന്നാണ് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി അവകാശപ്പെടുന്നത്. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് രാമനവമിയുടെ പേരിൽ ബി.ജെ.പിയും സംഘപരിവാറും അവരുടെ ശാഖകളും ചേർന്ന് നടത്താനൊരുങ്ങുന്ന വർഗീയ കുതന്ത്രമാണ്.

രാമനവമി പോലുള്ള ആഘോഷങ്ങൾ ബി.ജെ.പിയും തീവ്ര ഹിന്ദുത്വവാദികളും എങ്ങനെ വർഗീയ ഉപകരണമായി ഉപയോഗിക്കുന്നുവെന്ന് വ്യക്തമാക്കുന്ന പുസ്തകമാണ് ഇർഫാൻ എഞ്ചിനീയറും നേഹ ദബാഡെയും സംയുക്തമായി രചിച്ച Weaponisation of Hindu Festivals.

2022ലും 2023ലും ബംഗാൾ, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ബീഹാർ, ജാർഖണ്ഡ് എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ രാമനവമി ആഘോഷത്തിനിടെയുണ്ടായ വർഗീയ കലാപങ്ങളെക്കുറിച്ചുള്ള വസ്തുതാന്വേഷണ റിപ്പോർട്ടുകളുടെ സമാഹാരമാണ് ഈ പുസ്തകം.

രാമനവമി സമയത്ത് നിരവധി തീവ്ര ഹിന്ദുത്വ സംഘടനകൾ ഘോഷയാത്രകൾ നടത്തിയതായും മതപരമായ ചടങ്ങുകളോ ആഘോഷങ്ങളോ നടത്തുക എന്നതിനേക്കാൾ കൂടുതൽ അവരുടെ വർഗീയ ശക്തി പ്രകടിപ്പിക്കുന്നതിനാണ് ആഘോഷങ്ങളെ അവർ ഉപയോഗിച്ചതെന്നും പുസ്തകത്തിൽ പറയുന്നു. 2022ലും 2023ലും നിരവധി സംസ്ഥാനങ്ങളിൽ നടന്ന രാമനവമി ഉത്സവങ്ങളിലെ വർഗീയ കലാപങ്ങളെക്കുറിച്ച് പുസ്തകം പരാമർശിക്കുന്നുണ്ട്.

രാമനവമി ആഘോഷം

രാമനവമി ആഘോഷങ്ങൾ മുസ്‌ലിം സമൂഹത്തിന് നേരെ ഭീഷണിയുയർത്തുന്നതിനും ആക്രമണാത്മകവുമാക്കി മാറ്റുന്നതും, പ്രധാനമായും ധ്രുവീകരണത്തിലേക്ക് നയിക്കുന്നതിനുമാണ് തീവ്ര ഹിന്ദുത്വവാദികൾ ഉപയോഗിച്ചതെന്ന് പുസ്തകം പറയുന്നു. ഹൗറ, ഹൂഗ്ലി (2023), സംബാജി നഗർ (2023), വഡോദര (2023), ബിഹാർഷരീഫ്, സസാരം (2023), ഖാർഗോൺ (2022), ഹിമ്മത് നഗർ, ഖംബത് (2022), ലോഹാർദഗ്ഗ (2022) എന്നിവിടങ്ങളിലൊക്കെയും 2022 -2023 വർഷങ്ങളിൽ വർഗീയ സംഘർഷം ഉണ്ടായതായി പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്.

‘മതപരമായ ഘോഷയാത്ര എന്ന വ്യാജേന ഹിന്ദു ദേശീയവാദികളുടെ ഒരു ചെറിയ സംഘം പോലും ന്യൂനപക്ഷങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിലൂടെ ഘോഷയാത്ര കടന്നുപോകാൻ നിർബന്ധിക്കുകയും, രാഷ്ട്രീയവും അധിക്ഷേപകരവുമായ മുദ്രാവാക്യങ്ങൾ ഉപയോഗിച്ച് യുവാക്കളെ പ്രകോപിപ്പിക്കുകയും, അക്രമാസക്തമായ ഗാനങ്ങളും സംഗീതവും ആലപിക്കുകയും ചെയ്യും. തൽഫലമായി ഒരു പ്രതികരണം, ഒരു കല്ലേറ് നടക്കുമെന്ന് അവർക്കറിയാം. പിന്നീട് നടക്കുക ഒരു ജുഡീഷ്യൽ നടപടിക്രമവുമില്ലാതെ, ന്യൂനപക്ഷത്തിലെ വലിയൊരു വിഭാഗം അംഗങ്ങൾ അറസ്റ്റ് ചെയ്യപ്പെടും. അവരുടെ വീടുകളും സ്വത്തുക്കളും ദിവസങ്ങൾക്കുള്ളിൽ തകർക്കപ്പെടും,’ പുസ്തകത്തിന്റെ ആമുഖത്തിൽ ഇർഫാൻ എഞ്ചിനീയർ ചൂണ്ടിക്കാണിക്കുന്നു. (പേജ് 24)

ബി.ജെ.പിയുടെ വർഗീയ പ്രചാരണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ടി.എം.സി നേതാവ് ഫിർഹാദ് ഹക്കീം എത്തി. ‘വോട്ട് നേടുന്നതിനായി ബംഗ്ലാദേശിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് വർഗീയ പ്രശ്നങ്ങൾ ഇറക്കുമതി ചെയ്യാൻ ബി.ജെ.പി ശ്രമിക്കുന്നു. ഇത് അപകടകരമായ രാഷ്ട്രീയമാണിത്,’ മന്ത്രി ഫിർഹാദ് ഹക്കീം പറഞ്ഞു.

‘ബി.ജെ.പിയും ഹിന്ദുത്വ ഗ്രൂപ്പുകളും ഹിന്ദു ഐക്യത്തെക്കുറിച്ച് ഗൗരവമുള്ളവരായിരുന്നെങ്കിൽ, ദളിതർക്കും പിന്നോക്ക സമുദായങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെയും അവർ സംസാരിക്കണമായിരുന്നു. വസ്തുത എന്തെന്നാൽ, ബി.ജെ.പി തങ്ങളുടെ ഹിന്ദുത്വ അജണ്ട പ്രചരിപ്പിച്ചുകൊണ്ട് ബ്രാഹ്മണ മേധാവിത്വം സ്ഥാപിക്കാൻ ആഗ്രഹിക്കുകയാണ് ചെയ്യുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകൻ സുമൻ ഭട്ടാചാര്യ വിമർശിച്ചു.

വർഗീയ കലാപങ്ങൾക്ക് കാരണമായേക്കാവുന്ന പ്രകോപനങ്ങളിൽ വീഴരുതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

Content Highlight: Is Ram Navami also a golden opportunity for BJP? News from Bengal