Entertainment
ആ സിനിമയിലഭിനയിക്കാന്‍ എനിക്ക് ഭയമായിരുന്നു; ഞാന്‍ ചെയ്യുന്നത് തെറ്റാണെന്ന് തോന്നും: ജോജു ജോര്‍ജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 01, 11:10 am
Tuesday, 1st April 2025, 4:40 pm

അസിസ്റ്റന്റ് ഡയറക്ടറായി സിനിമാജീവിതം ആരംഭിച്ചയാളാണ് ജോജു ജോര്‍ജ്. തുടര്‍ന്ന് ക്യാമറക്ക് മുന്നിലേക്കും ജോജു കടന്നുവന്നു. തുടക്കകാലത്ത് പല ചിത്രങ്ങളിലും ചെറിയ വേഷങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന ജോജു പിന്നീട് മലയാളസിനിമയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത നടനെന്ന രീതിയില്‍ വളര്‍ന്നു. കഴിഞ്ഞ വര്‍ഷം തിയേറ്ററില്‍ എത്തി വലിയ ശ്രദ്ധ നേടിയ പണി എന്ന സിനിമയിലൂടെ സംവിധായകനായും അദ്ദേഹം കഴിവ് തെളിയിച്ചു.

ജോജു ജോര്‍ജ് നായകനായി 2021ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മധുരം. അഹമ്മദ് ഖബീര്‍ സംവിധാനം ചെയ്ത ചിത്രം പ്രണയത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. മധുരത്തെ കുറിച്ച് സംസാരിക്കുകയാണ് ജോജു ജോര്‍ജ്. മധുരത്തില്‍ അഭിനയിക്കുമ്പോള്‍ തന്റെ ശരീരം വെച്ച് റൊമാന്‍സ് ചെയ്യുന്നത് പ്രശ്‌നമാകുമെന്ന് തന്റെ സുഹൃത്തുക്കള്‍ പറഞ്ഞെന്നും അത് കേട്ട് തനിക്ക് ഭയം തോന്നിയെന്നും ജോജു പറഞ്ഞു.

‘മധുരം സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് ഭയം തോന്നിയിരുന്നു. കാരണം എന്റെ ശരീരം കുറച്ച് തടിച്ചിട്ടാണല്ലോ. അതെല്ലാം വെച്ച് റൊമാന്‍സ് ചെയ്യുന്നത് കണ്ട് എന്റെ കൂട്ടുകാര്‍ പറഞ്ഞിരുന്നു പ്രശ്നമാവുമെന്ന്. എന്റെ ബോഡി അതിന് ചേരുമോ എന്നായിരുന്നു അവര്‍ ചോദിച്ചത്. അവരുടെ ജഡ്ജ്മെന്റ് ശരിയാവുകയാണെങ്കില്‍ ഞാന്‍ ചെയ്യുന്നത് തെറ്റാണ് എന്നെനിക്ക് തോന്നും. പക്ഷെ അത് സംഭവിച്ചില്ല.

ഒരു നടനെ സംബന്ധിച്ച് ബോഡി ഫിറ്റ്നസ് എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. പക്ഷെ അതെനിക്ക് കഴിയാത്ത കാര്യമാണ്. എനിക്ക് ഭക്ഷണം കഴിക്കാന്‍ ഒരുപാട് ഇഷ്ടമാണ്. ഏറ്റവും സന്തോഷം നല്‍കുന്ന ഒരു കാര്യമാണത്. അത് അങ്ങനെ ആയിപ്പോയി. അതുകൊണ്ട് ആരോഗ്യപരമായി എനിക്കൊരു പ്രശ്നവുമില്ല.

എനിക്ക് വലിയ ആഗ്രഹമുണ്ട് ബോഡി നന്നായി ഫിറ്റ് ആവണമെന്ന്. ഞാന്‍ അതിന് വേണ്ടി ശ്രമിക്കുക തന്നെ ചെയ്യും. പണ്ടെല്ലാം എനിക്ക് അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റുമായിരുന്നു. പക്ഷെ ഭാവിയില്‍ ഇങ്ങനെ ഹീറോ വേഷങ്ങള്‍ ചെയ്യാന്‍ പറ്റുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ലല്ലോ. അങ്ങനെ അറിയുമായിരുന്നുവെങ്കില്‍ അന്നേ ഞാന്‍ ശരീരം ശ്രദ്ധിക്കുമായിരുന്നു.

പക്ഷെ എനിക്ക് സമയം കിട്ടിയില്ല. കാരണം ഒരു സിനിമ കഴിഞ്ഞാല്‍ അടുത്തത്, അതിന്റടുത്തത് അങ്ങനെ ഞാന്‍ ചാന്‍സിനായി ഓടുകയായിരുന്നു. അതിനായി ശ്രമിക്കുമ്പോള്‍ സമയം പോയത് ഞാന്‍ അറിഞ്ഞില്ല. ഞാനും ആലോചിക്കും ഇത്രയും കാലം ഞാന്‍ ഇതിനായി നടന്നോയെന്ന്. സ്വപ്നത്തിനുള്ളില്‍ യാത്ര ചെയ്ത പോലെ ആയിരുന്നു,’ ജോജു ജോര്‍ജ് പറയുന്നു.

Content highlight: Joju George Talks  About Madhuram Movie