തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. ദ്വീപിലെ ശാന്തമായ അന്തരീക്ഷം തകര്‍ക്കുകയും ജനജീവിതം ദുരിതപൂര്‍ണമാക്കുകയും ചെയ്യുന്ന പ്രഫുലിന്റെ നടപടികള്‍ അധികാരദുര്‍വിനിയോഗമാണെന്ന് സുധീരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
ലക്ഷദ്വീപിനെ സര്‍വ്വനാശത്തിലേക്ക് നയിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ആ സ്ഥാനത്ത് നിന്നും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടനടി തയ്യാറാകണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.
‘തന്റെ ഭ്രാന്തന്‍ നടപടിയിലൂടെ ലക്ഷദ്വീപിലെ ശാന്തമായ അന്തരീക്ഷം തകര്‍ക്കുകയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ അധികാര ദുര്‍വിനിയോഗ നടപടി അങ്ങേയറ്റം അപലപനീയമാണ്. കേന്ദ്ര ഭരണ കൂടത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കി ലക്ഷദ്വീപിനെ സര്‍വ്വനാശത്തിലേക്ക് നയിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കോദഭായി പട്ടേലിനെ തല്‍സ്ഥാനത്തു നിന്നും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടനടി തയ്യാറാകണം’, സുധീരന്‍ ഫേസ്ബുക്കിലെഴുതി.
ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.
ചുമതലയേറ്റത് മുതല്‍ പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിച്ചിരുന്നത്. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു.
കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്.
മാത്രമല്ല കൊവിഡ് പ്രോട്ടോകോളില്‍ ഇളവ് നല്‍കിയതോടെ ദ്വീപില്‍ കൊവിഡ് വ്യാപിക്കുകയാണ്. രാജ്യം മുഴുവന്‍ കൊവിഡില്‍ മുങ്ങിയപ്പോഴും ഒരു വര്‍ഷത്തോളം രോഗത്തെ കടലിനപ്പുറം നിര്‍ത്തിയ ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 68 ശതമാനമാണ്.
കൊച്ചിയില്‍ ക്വാറന്റീനില്‍ ഇരുന്നവര്‍ക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നല്‍കി പാലിച്ച് പോന്ന നിയന്ത്രണങ്ങള്‍ക്കാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇളവുകളനുവദിച്ചത്.
സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ലക്ഷദ്വീപില്‍ വലിയ പ്രതിഷേധം ഉയരുകയാണ്.
ലക്ഷദ്വീപ് ജനതയെ പിന്തുണച്ച് ഇതിനോടകം നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യസഭാ എം.പി എളമരം കരീം, നടന്‍ പൃഥ്വിരാജ്, നടി റിമ കല്ലിങ്കല്‍, ഫുട്ബോള്‍ താരം സി. കെ വിനീത് തുടങ്ങി നിരവധി പേരാണ് ലക്ഷദ്വീപിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയത്.