[]കോട്ടയം: പ്രതികളെ ഓര്‍മ്മയില്ലെന്ന് വിതുര കേസിലെ പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി. നാല് കേസിലെ പ്രതികളെ ഓര്‍മയില്ലെന്നും പലയിടങ്ങളിലായാണ് പീഡനം നടന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. []
പീഡനം നടന്ന് പതിനഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാലാണ് പ്രതികളെ ഓര്‍മ്മ വരാത്തതെന്നും പെണ്‍കുട്ടി പറഞ്ഞു. വിതുരപെണ്‍വാണിഭ ക്കേസില്‍ ഇന്ന് പരിഗണിക്കാനിരുന്ന അഞ്ച് കേസുകളില്‍ ഒരെണ്ണം ഈ മാസം 13ലേക്ക് മാറ്റി.
ഈ കേസിലെ മുഴുവന്‍ പ്രതികളും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കേസ് മാറ്റിവച്ചത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റിരുന്നു.
വിചാരണ ആരംഭിച്ച ആഗസ്ത് 12നും പെണ്‍കുട്ടി കോടതിയില്‍ ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്ന് കോടതി പെണ്‍കുട്ടിയെ വിമര്‍ശിച്ചിരുന്നു. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ചെറിയ കുഞ്ഞുണ്ടെന്നും അതുകൊണ്ട് വിചാരണ ഒറ്റ ദിവസമാക്കണമെന്നും പെണ്‍കുട്ടി നേരത്തെ കോടതിയോട് അപേക്ഷിച്ചിരുന്നു.
ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പെണ്‍കുട്ടി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിതിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചത്തെ സാവകാശമായിരുന്നു അനുവദിച്ചിരുന്നത്.
നടപടികള്‍ വേഗത്തിലാക്കാമെന്ന് കോടതി ഉറപ്പ് നല്‍കിയെങ്കിലും പെണ്‍കുട്ടി തുടര്‍ച്ചയായ രണ്ടാം തവണയും ഹാജരായിരുന്നില്ല.
പെണ്‍കുട്ടി നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കയാണെന്നായിരുന്നു കഴിഞ്ഞ ദിവസം കോടതി പറഞ്ഞത്.
ഇതേതുടര്‍ന്ന് പെണ്‍കുട്ടി ഇന്ന് കോട്ടയം കോടതിയില്‍ ഹാജരായി. എല്ലാ കേസുകളും ഒരുമിച്ച് വിചാരണ നടത്തണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം പരിഗണിച്ചാണ് കേസ് ഇന്നത്തേയ്ക്ക് മാറ്റിയിരുന്നത്. മറ്റുകേസുകളുടെ വിചാരണ അടച്ചിട്ട കോടതിയില്‍ രഹസ്യമായി നടന്നു.
1995 നവംബറിലാണ് വിതുര പെണ്‍വാണിഭം നടക്കുന്നത്. വിതുര സ്വദേശിയായ അജിത ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ കെണിയില്‍പ്പെടുത്തിയെന്നും ഒന്നാം പ്രതിയായ സുരേഷിനു കൈമാറിയെന്നുമാണു കേസ്.