Entertainment
എന്നെ ഒരിക്കലും നിരാശപ്പെടുത്താത്ത നടന്‍; നേരിട്ട് കാണും മുമ്പേ അദ്ദേഹത്തെ ഇഷ്ടമായിരുന്നു: ശ്രീനിധി ഷെട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 26, 02:15 am
Saturday, 26th April 2025, 7:45 am

കെ.ജി.എഫ് എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടിയാണ് ശ്രീനിധി ഷെട്ടി. മോഡല്‍ കൂടിയായ ശ്രീനിധി 2016ലെ മിസ് ദിവാ മത്സരത്തില്‍ മിസ് സൂപ്പര്‍നാഷണല്‍ ഇന്ത്യയായി കിരീടമണിഞ്ഞിരുന്നു.

പിന്നീട് മിസ് സൂപ്പര്‍നാഷണല്‍ 2016ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് ശ്രീനിധി പങ്കെടുത്തു. ഈ കിരീടം നേടിയ രണ്ടാമത്തെ ഇന്ത്യന്‍ പ്രതിനിധിയാണ് ശ്രീനിധി ഷെട്ടി. ഇപ്പോള്‍ നടിയുടേതായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹിറ്റ്: ദി തേര്‍ഡ് കേസ്.

ഹിറ്റ് യൂണിവേഴ്സിലെ മൂന്നാം ഭാഗവും 2022ല്‍ പുറത്തിറങ്ങിയ ഹിറ്റ്: ദി സെക്കന്റ് കേസിന്റെ തുടര്‍ച്ചയുമാണ് ഈ ചിത്രം. സിനിമയില്‍ നാനിയാണ് നായകനായി എത്തുന്നത്. ഇപ്പോള്‍ നാനിയെ കുറിച്ചും അദ്ദേഹത്തിനെ ആദ്യമായി നേരില്‍ കണ്ടതിനെ കുറിച്ചും പറയുകയാണ് ശ്രീനിധി ഷെട്ടി.

താന്‍ നേരിട്ട് കാണുന്നതിന് മുമ്പ് തന്നെ ഇഷ്ടമുള്ള നടനാണ് നാനിയെന്നും നമുക്ക് നമ്മുടെ സ്വന്തമാണെന്ന് തോന്നിയിട്ടുള്ള നടന്മാരില്‍ ഒരാളാണ് അദ്ദേഹമെന്നും നടി പറയുന്നു. ഷോഷ എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീനിധി. നാനി ഒരിക്കലും തന്നെ നിരാശപ്പെടുത്തിയിട്ടില്ലെന്നും ശ്രീനിധി ഷെട്ടി കൂട്ടിച്ചേര്‍ത്തു.

‘നേരിട്ട് കാണും മുമ്പ് തന്നെ എനിക്ക് ഇഷ്ടമുള്ള നടനാണ് നാനി. നമുക്ക് നമ്മുടെ സ്വന്തമാണെന്ന് തോന്നിയിട്ടുള്ള നടന്മാരില്‍ ഒരാളാണ് നാനി. കാരണം വര്‍ഷങ്ങളായി നമ്മള്‍ അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കാണുന്നതാണ്.

നാനിയെ കാണാതെ തന്നെ അദ്ദേഹം എങ്ങനെയുള്ള ആളാണെന്ന് നമുക്ക് മുന്‍കൂട്ടി അറിയാവുന്നതാണ്. അത്തരത്തിലുള്ള ഒരു ഓറയാണ് അദ്ദേഹത്തിനുള്ളത്. ഞാന്‍ നാനിയെ കണ്ടതിന് ശേഷം എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്.

‘നിങ്ങളെ കണ്ടതിന് ശേഷം നിങ്ങള്‍ ഒരിക്കലും എന്നെ നിരാശപ്പെടുത്തിയിട്ടില്ല’ എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. അത് സത്യമാണ് നാനി ഒരിക്കലും എന്നെ നിരാശപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ 15 വര്‍ഷമായി എങ്ങനെ ആയിരുന്നോ നമ്മളൊക്കെ നാനിയെ കണ്ടിരുന്നത് അതുപോലെ തന്നെയാണ് അദ്ദേഹമുള്ളത്,’ ശ്രീനിധി ഷെട്ടി പറയുന്നു.


Content Highlight: Srinidhi Shetty Talks About Nani