പാമ്പിന്റെ പക, കാത്തിരുന്ന് വീട്ടിയ പ്രതികാരം; ഇംഗ്ലണ്ടില്‍ കരടികളുടെ തേരോട്ടം
Sports News
പാമ്പിന്റെ പക, കാത്തിരുന്ന് വീട്ടിയ പ്രതികാരം; ഇംഗ്ലണ്ടില്‍ കരടികളുടെ തേരോട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th July 2024, 3:42 pm

കഴിഞ്ഞ ദിവസം വെറ്റിലാറ്റി ബ്ലാസ്റ്റില്‍ നടന്ന ബെര്‍മിങ്ഹാം ബെയേഴ്‌സ് (വാര്‍വിക്‌ഷെയര്‍) – നോട്ട്‌സ് ഔട്ട്‌ലോസ് (നോട്ടിങ്ഹാംഷെയര്‍) മത്സരത്തില്‍ ബെയേഴ്‌സ് ചരിത്ര വിജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത നോട്ട്‌സിനെ വെറും 57 റണ്‍സിന് പുറത്താക്കിയ ബെയേഴ്‌സ് 5.2 ഓവറില്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ ബെര്‍മിങ്ഹാം എതിരാളികളെ ബാറ്റിങ്ങിനയച്ചു. തൊട്ടതെല്ലാം പിഴച്ച നോട്ട്സിന് തിരിച്ചടികളുടെ ഘോഷയാത്രയാണ് ബെയേഴ്‌സ് സമ്മാനിച്ചത്. ടീം സ്‌കോര്‍ ഒമ്പതില്‍ നില്‍ക്കവെ അവരുടെ ആദ്യ വിക്കറ്റ് പിഴുതെറിഞ്ഞ ബെര്‍മിങ്ഹാം, 18ാം ഓവറിലെ രണ്ടാം പന്തില്‍ എതിരാളികള്‍ 57ല്‍ നില്‍ക്കവെ പത്താം വിക്കറ്റും നേടി.

വെറും രണ്ട് നോട്ടിങ്ഹാം താരങ്ങള്‍ക്ക് മാത്രമാണ് ഇരട്ടയക്കം കാണാന്‍ സാധിച്ചത്. 23 പന്തില്‍ 15 റണ്‍സടിച്ച ലിന്‍ഡന്‍ ജെയിംസാണ് ടോപ് സ്‌കോറര്‍.

ബെര്‍മിങ്ഹാമിനായി മോയിന്‍ അലി, ജോര്‍ജ് ഗാര്‍ടണ്‍, ജേക് ലിന്‍ടോട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ഡാന്‍ മൂസ്‌ലി, സകാരി ഫോള്‍കസ്, ക്യാപ്റ്റന്‍ ഡാനി ബ്രിഗ്സ്, ജേകബ് ബേഥല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെയേഴ്സ് 5.2 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ഒമ്പത് വിക്കറ്റും 88 പന്തും ശേഷിക്കവെയായിരുന്നു ബെര്‍മിങ്ഹാമിന്റെ വിജയം.

ഈ വിജയത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ബെര്‍മിങ്ഹാം സ്വന്തമാക്കി. ബൈറ്റാലിറ്റി ബ്ലാസ്റ്റിന്റെ ചരിത്രത്തില്‍ ശേഷിക്കുന്ന പന്തുകളുടെ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയമാണ് ഇവര്‍ സ്വന്തമാക്കിയത്.

മൂന്ന് വര്‍ഷം മുമ്പ്, 2021 സീസണില്‍, തങ്ങള്‍ക്കെതിരെ നോട്ടിങ്ഹാം സ്വന്തമാക്കിയ 82 പന്തുകള്‍ ബാക്കി നില്‍ക്കെ നേടിയ വിജയത്തിന്റെ റെക്കോഡാണ് അതേ ടീമിനെ തന്നെ തോല്‍പിച്ച് ബെയേഴ്‌സ് സ്വന്തമാക്കിയത്.

 

ശേഷിക്കുന്ന പന്തുകളുടെ അടിസ്ഥാനത്തില്‍ വൈറ്റാലിറ്റി ബ്ലാസ്റ്റിലെ ഏറ്റവും വലിയ വിജയം

(ശേഷിച്ച പന്തുകള്‍ – ടീം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

88 പന്തുകള്‍ – ബെര്‍മിങ്ഹാം ബെയേഴ്‌സ്/വാര്‍വിക്‌ഷെയര്‍ – നോട്ട്‌സ് ഔട്ട്‌ലോസ്/നോട്ടിങ്ഹാംഷെയര്‍ – 2024*

82 പന്തുകള്‍- നോട്ട്‌സ് ഔട്ട്‌ലോസ്/നോട്ടിങ്ഹാംഷെയര്‍ – ബെര്‍മിങ്ഹാം ബെയേഴ്‌സ്/വാര്‍വിക്‌ഷെയര്‍ – 2021

75 പന്തുകള്‍ – ഹാംഷെയര്‍ ഹോക്‌സ്/ഹാംഷെയര്‍ – ഗ്ലോസ്റ്റര്‍ഷെയര്‍ – 2010

ഇതിന് പുറമെ വൈറ്റാലിറ്റി ബ്ലാസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും ചെറിയ നാലാമത് സ്‌കോര്‍ എന്ന മോശം നേട്ടം ഔട്ട്‌ലോസിന് ചാര്‍ത്തിക്കൊടുക്കാനും ബെയേഴ്‌സിന് സാധിച്ചു.

ടി-20 കപ്പിലെ (നിലവില്‍ വൈറ്റാലിറ്റി ബ്ലാസ്റ്റ്) ഏറ്റവും ചെറിയ ടോട്ടലുകള്‍

(റണ്‍സ് – ടീം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

44 – ഗ്ലാമോര്‍ഗണ്‍ – സറേ – 2019

47 – നോര്‍തന്റ്‌സ് സ്റ്റീല്‍ബാക്‌സ്/നോര്‍താംപ്ടണ്‍ഷെയര്‍ – ഡുര്‍ഹാം – 2011

53 – വോസ്റ്റര്‍ഷെയര്‍ റാപിഡ്‌സ്/വോസ്റ്റര്‍ഷെയര്‍ – ലങ്കാഷെയര്‍ ലൈറ്റ്‌നിങ്‌സ്/ലങ്കാഷെയര്‍ – 2016

57 – നോട്ട്‌സ് ഔട്ട്‌ലോസ്/നോട്ടിങ്ഹാംഷെയര്‍ – ബെര്‍മിങ്ഹാം ബെയേഴ്‌സ്/വാര്‍വിക്‌ഷെയര്‍ – 2024*

നോട്ട്‌സ് ഔട്ടലോസിന്റെ ചരിത്രത്തിലെ ഏറ്റവും മോശം സ്‌കോര്‍ കൂടിയാണിത്.

ടി-20യില്‍ നോട്ട്‌സ് ഔട്ടലോസിന്റെ മോശം ടോട്ടലുകള്‍

57 – ബെര്‍മിങ്ഹാം ബെയേഴ്‌സ്/വാര്‍വിക്‌ഷെയര്‍ – 2024*

91- ലങ്കാഷെയര്‍ ലൈറ്റ്‌നിങ്‌സ് /ലങ്കാഷെയര്‍ – 2006

91- ലങ്കാഷെയര്‍ ലൈറ്റ്‌നിങ്‌സ്/ലങ്കാഷെയര്‍ – 2022

 

ഈ വിജയത്തിന് പിന്നാലെ നോര്‍ത്ത് ഗ്രൂപ്പില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബെയേഴ്സ്. പത്ത് മത്സരത്തില്‍ നിന്നും എട്ട് ജയവും രണ്ട് തോല്‍വിയുമായി 16 പോയിന്റാണ് ടീമിനുള്ളത്.

ജൂലൈ 12നാണ് ബെര്‍മിങ്ഹാമിന്റെ അടുത്ത മത്സരം. എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന മത്സരത്തില്‍ വോസ്റ്റര്‍ഷെയര്‍ റാപ്ഡിസാണ് (വോസ്റ്റര്‍ഷെയര്‍) എതിരാളികള്‍.

 

 

Also Read: ഇങ്ങനെയൊരു സെഞ്ച്വറി നേട്ടം ചരിത്രത്തിലാദ്യം; അഭിഷേകിന്റെ വെടിക്കെട്ടിൽ സിംബാബ്‌വെ ചാരം

 

Also Read: ‘അവര്‍ ലോകചാമ്പ്യന്‍മാരാണ്, വൈകിയാലും ലോകചാമ്പ്യന്‍മാരെ പോലെ തന്നെ കളിക്കും’; തോല്‍വി അംഗീകരിച്ച് റാസ

 

Content highlight: Vitality Blast: Birmingham Bears bags biggest win in the history of the tournament based on balls remaining