ലണ്ടന്‍: ബ്രിട്ടനില്‍ ഗസയിലെ ഫലസ്തീനികള്‍ നേരിടുന്ന ദുരവസ്ഥകള്‍ ചര്‍ച്ച ചെയ്യുന്നതിനായി യോഗം ചേര്‍ന്ന യുവാക്കളെ അറസ്റ്റില്‍. ആറ് യുവതികള്‍ ഉള്‍പ്പെടെ ഒമ്പത് പേരാണ് അറസ്റ്റിലായത്. ലണ്ടന്‍ പൊലീസിന്റേതാണ് നടപടി. വെള്ളിയാഴ്ച എട്ട് മണിയോടെയാണ് സംഭവം നടന്നത്.
ഗസക്കെതിരായ യുദ്ധത്തിനിടെ ഇസ്രഈലിന് ആയുധങ്ങള്‍ കൈമാറുന്നതില്‍ യു.കെ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്ന യൂത്ത് ഡിമാന്‍ഡ് എന്ന സംഘടനയിലെ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. പ്രവര്‍ത്തകരുടെ വീടുകളിലും ബന്ധപ്പെട്ട ഇടങ്ങളിലുമായി നടത്തിയ റെയ്ഡിനിടെയാണ് ലണ്ടന്‍ പൊലീസിന്റെ അറസ്റ്റ്.
അറസ്റ്റ് ചെയ്യപ്പെട്ട യുവതികളില്‍ ഒരാള്‍ പത്രപ്രവര്‍ത്തകയാണ്. വെസ്റ്റ്മിന്‍സ്റ്ററിലെ ക്വാക്കര്‍ മീറ്റിങ് ഹൗസില്‍ നടന്ന യൂത്ത് ഡിമാന്‍ഡ് വെല്‍ക്കം ടോക്കിലേക്ക് അതിക്രമിച്ചെത്തിയ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവരില്‍ മൂന്ന് പേരെ ശനിയാഴ്ച പുലര്‍ച്ചയോടെ വിട്ടയച്ചു. എന്നാല്‍ മൂന്ന് പേര്‍ ഇപ്പോഴും കസ്റ്റഡിയിലാണ്. ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് യൂത്ത് ഡിമാന്‍ഡ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. വിട്ടയച്ചവരുടെ പേരില്‍ കുറ്റകൃത്യങ്ങള്‍ ചുമത്തിയിട്ടില്ലെന്നാണ് വിവരം.
ലണ്ടന്‍ പൊലീസിന്റെ നടപടി യു.കെയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത അടിച്ചമര്‍ത്തലാണെന്ന് യൂത്ത് ഡിമാന്‍ഡ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. അടിച്ചമര്‍ത്തല്‍ അര്‍ത്ഥമാക്കുനന്ത്, ഭരണകൂടം പരിഭ്രാന്തരാണെന്നും നമ്മള്‍ വിജയിച്ചെന്നുമാണെന്നും യൂത്ത് ഡിമാന്‍ഡ് പറഞ്ഞു.
കഴിഞ്ഞ ദിവസം യു.കെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫലസ്തീന്‍ അനുകൂല സ്വതന്ത്ര സ്ഥാനാര്‍ത്ഥി അട്ടിമറി വിജയം കൈവരിച്ചിരുന്നു. വ്യാഴാഴ്ച നടന്നമെയ്ഫീല്‍ഡ് കൗണ്‍സില്‍ ഉപതെരഞ്ഞെടുപ്പിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയം കണ്ടത്. ലേബര്‍ പാര്‍ട്ടിക്കെതിരെയായിരുന്നു ഫലസ്തീന്‍ അനുകൂല സ്ഥാനാര്‍ത്ഥിയുടെ വിജയം.
റെഡ്ബ്രിഡ്ജ് ആന്‍ഡ് ഇല്‍ഫോര്‍ഡ് ഇന്‍ഡിപെന്‍ഡന്റ്‌സിലെ നൂര്‍ ജഹാന്‍ ബീഗമാണ് ജയിച്ചത്. ലേബര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ 1,080 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നൂര്‍ ജഹാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. പ്രാദേശിക ലേബര്‍ സ്ഥാനാര്‍ത്ഥി നേടിയത് 663 വോട്ടുകളും.
കെയ്ര്‍ സ്റ്റാര്‍മര്‍ നയിക്കുന്ന ലേബര്‍ സര്‍ക്കാരിലെ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് അടക്കമുള്ള നേതാക്കളാണ് ലേബര്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്തിയത്. എന്നാല്‍ നൂര്‍ ജഹാനോട് ലേബര്‍ സ്ഥാനാര്‍ത്ഥി പരാജയപ്പെടുകയായിരുന്നു.
ഫലസ്തീന്‍ അനുകൂല സ്ഥാനാര്‍ത്ഥിയുടെ വിജയം ഈ മേഖലയിലെ ലേബര്‍ പാര്‍ട്ടിയുടെ ജനപിന്തുണയിലുണ്ടായ കുറവിനെയാണ് തുറന്നുകാണിക്കുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlight: London police arrest six youths at meeting to assess Gaza plight