മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നാണ് ആറാംതമ്പുരാന്‍ എന്ന മോഹന്‍ലാല്‍ ചിത്രം. മോഹന്‍ലാലിന്റെ താരപരിവേഷം വേണ്ട രീതിയില്‍ ഉപയോഗിച്ച ചിത്രം ബോക്സ് ഓഫീസില്‍ നിരവധി റെക്കോഡുകളും നേടിയിരുന്നു.
രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് ആറാം തമ്പുരാന്‍. മോഹന്‍ലാല്‍ നായകനായ ഈ സിനിമയില്‍ മഞ്ജു വാര്യരായിരുന്നു നായിക ഉണ്ണിമായയായി എത്തിയത്.
മോഹന്‍ലാലും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ഈ ചിത്രത്തിന് ഇന്നും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മഞ്ജു വാര്യര്‍. സിനിമയില്‍ മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രത്തെ ആദ്യമായി കാണുന്ന രംഗത്തെ കുറിച്ചാണ് നടി പറഞ്ഞത്.
ആ ഷോട്ട് എടുക്കുന്ന ദിവസം തന്റെ പതിനെട്ടാം പിറന്നാളായിരുന്നുവെന്നും പക്ഷെ ആ കാര്യം ആരും അറിയുകയോ താന്‍ ആരോടും പറയുകയോ ചെയ്തില്ലെന്നും മഞ്ജു പറയുന്നു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു മഞ്ജു.
ഒരുപക്ഷെ പിറന്നാളിന്റെ കാര്യം ആരോടെങ്കിലും പറഞ്ഞിരുന്നെങ്കില്‍ തനിക്ക് ചിലപ്പോള്‍ സമ്മാനമൊക്കെ കിട്ടിയേനെയെന്നും നടി പറഞ്ഞു. അതുപോലെ ഒരുപാട് ഓര്‍മകളുള്ള മറ്റൊരു ചിത്രമാണ് കണ്ണെഴുതി പൊട്ടുംത്തൊട്ട് എന്ന സിനിമയെന്നും മഞ്ജു വാര്യര്‍ പറയുന്നു.
‘1997ലാണ് ആറാംതമ്പുരാന്റെ ഷൂട്ടിങ് നടക്കുന്നത്. ഞാന്‍ ലാലേട്ടന്റെ കൂടെ ആദ്യമായി അഭിനയിക്കുന്നത് ആറാംതമ്പുരാനിലാണ്. അതിനെ കുറിച്ചുള്ള ഓര്‍മകള്‍ പറയുകയാണെങ്കില്‍, ആ അമ്പലത്തിലെ സീന്‍ എടുക്കുമ്പോള്‍ എന്റെ പിറന്നാള്‍ ആയിരുന്നു.
എന്റെ പതിനെട്ടാമത്തെ പിറന്നാളായിരുന്നു അന്ന്. പക്ഷെ ആരും അറിഞ്ഞില്ല ആ കാര്യം. ഞാന്‍ ആരോടും പറഞ്ഞതുമില്ല. പറഞ്ഞിരുന്നെങ്കില്‍ എനിക്ക് ചിലപ്പോള്‍ സമ്മാനമൊക്കെ കിട്ടിയേനെ. അതുപോലെ ഒരുപാട് ഓര്‍മകളുള്ള ചിത്രമാണ് കണ്ണെഴുതി പൊട്ടുംത്തൊട്ട്,’മഞ്ജു വാര്യര്‍ പറയുന്നു.
Content Highlight: Manju Warrier Talks About Her First Scene With Mohanlal