Entertainment
ഏറെ ശ്രദ്ധിക്കപ്പെട്ട വേഷം; ആ മോഹന്‍ലാല്‍ ചിത്രം ഇത്ര ഹിറ്റാകുമെന്ന് അറിഞ്ഞില്ല: ബിന്ദു വരാപ്പുഴ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 18, 08:22 am
Friday, 18th April 2025, 1:52 pm

ഭദ്രന്‍ സംവിധാനം ചെയ്ത് 1995ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സ്ഫടികം. മോഹന്‍ലാല്‍ ആടുതോമയായി എത്തിയ ചിത്രത്തിന് ആരാധകര്‍ ഏറെയാണ്. തിലകന്‍, രാജന്‍ പി. ദേവ്, ഇന്ദ്രന്‍സ്, ഉര്‍വശി, ചിപ്പി, കെ.പി.എ.സി. ലളിത, സില്‍ക്ക് സ്മിത തുടങ്ങിയ മികച്ച താരനിര തന്നെയായിരുന്നു ചിത്രത്തില്‍ ഒന്നിച്ചത്.

വര്‍ഷങ്ങള്‍ക്ക് ശേഷം 2023ല്‍ സ്ഫടികം 4കെ ദൃശ്യമികവില്‍ റീമാസ്റ്റര്‍ ചെയ്ത് റിലീസ് ചെയ്തിരുന്നു. തിയേറ്ററുകളില്‍ വീണ്ടും പ്രകമ്പനം സൃഷ്ടിക്കാന്‍ ചിത്രത്തിന് സാധിച്ചു. റീ റിലീസ് ചെയ്ത സ്ഫടികം നാല് കോടിക്ക് മുകളില്‍ കളക്ഷനും നേടിയിരുന്നു.

സ്ഫടികത്തില്‍ മുംതാസ് എന്ന കഥാപാത്രമായി എത്തിയിരുന്നത് ബിന്ദു വരാപ്പുഴ ആയിരുന്നു. അവരുടെ കരിയറിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു മുംതാസ്. ഇപ്പോള്‍ പ്രൈംഷോസിന് നല്‍കിയ അഭിമുഖത്തില്‍ സ്ഫടികത്തെ കുറിച്ച് പറയുകയാണ് ബിന്ദു വരാപ്പുഴ.

‘എന്റെ കരിയറിലെ ശ്രദ്ധേയമായ ഒരു സിനിമയാണ് സ്ഫടികം. ആ സിനിമയിലെ എന്റെ മുംതാസ് എന്ന കഥാപാത്രം വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു.

ആ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സ്ഫടികം ഇത്രയും ഹിറ്റാകുമെന്ന് കരുതിയിരുന്നില്ല. എന്റെ കഥാപാത്രത്തിന് ഇത്രയും ഇമ്പാക്ട് ഉണ്ടാകുമെന്ന് എനിക്ക് അറിയില്ലായിരുന്നു.

ഞാന്‍ തിയേറ്ററില്‍ പോയി സിനിമ കാണുമ്പോഴാണ് ഇത്ര പ്രധാനപ്പെട്ട കഥാപാത്രമായിരുന്നുവെന്ന് അറിയുന്നത്. ‘ഇങ്ങനെയൊരു കുട്ടിയുണ്ട്. കുഴപ്പമില്ലാതെ അഭിനയിക്കും’ എന്ന് പറഞ്ഞ് എന്നെ വിളിക്കുന്നത് മണിയന്‍പിള്ള രാജു ആണെന്നാണ് എന്റെ ഓര്‍മ.

അദ്ദേഹം സംവിധായകന് എന്നെ കാണണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കോട്ടയത്ത് പോയി സംവിധായകനെ കാണുകയായിരുന്നു. അടുത്ത ദിവസം തന്നെ എന്നെ അവര്‍ വിളിക്കുകയായിരുന്നു.

ആ പടം റിലീസായിട്ട് 30 വര്‍ഷം കഴിഞ്ഞു. തിയേറ്ററില്‍ റീറിലീസായി എത്തുകയും ചെയ്തു. ആ രണ്ടാമത്തെ റിലീസിന്റെ സമയത്താണ് ഞാന്‍ സ്ഫടികം തിയേറ്ററില്‍ വെച്ച് കാണുന്നത്.

പണ്ട് എനിക്ക് തിയേറ്ററില്‍ വെച്ച് കാണാന് സാധിച്ചിരുന്നില്ല. ടി.വിയില്‍ ആണ് ഞാന്‍ സിനിമ കാണുന്നത്. അന്നൊക്കെ തിരക്കുള്ള സമയമായിരുന്നല്ലോ. അതുകൊണ്ട് കാണാന്‍ പറ്റിയിരുന്നില്ല,’ ബിന്ദു വരാപ്പുഴ പറയുന്നു.


Content Highlight: Bindu Varappuzha Talks About Mohanlal’s Spadikam Movie