തമിഴില്‍ മാത്രമല്ല മലയാളികളുടെയും പ്രിയ താരമാണ് വിജയ്. വിജയ്‌യുടെ ചിത്രങ്ങൾക്കായി എപ്പോഴും മലയാളികള്‍ കാത്തിരിക്കാറുണ്ട്. ഇപ്പോള്‍ വിജയ്‌യുടെ ഹിറ്റ് ചിത്രമായ സച്ചിന്‍ റീ റിലീസ് ചെയ്തിരിക്കുകയാണ്.
ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ്ങിലാണ് സച്ചിന്‍. ചിത്രത്തിന്റെ 59,000 ടിക്കറ്റുകളാണ് ഇതിനകം തന്നെ ബുക്ക് മൈ ഷോയിലൂടെ വിറ്റുപോയതെന്നും 12 ലക്ഷത്തോളം രൂപയാണ് ഇതിനകം നേടിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.
2005 ഏപ്രില്‍ 14നായിരുന്നു ആദ്യം ചിത്രം റിലീസ് ചെയ്തത്. റൊമാന്റിക് കോമഡി ചിത്രമായിട്ടാണ് സിനിമ റിലീസിനെത്തിയത്. ജനിലിയ നായികയായ ചിത്രത്തില്‍ സച്ചിന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിച്ചത്.
ജോണ്‍ തിരക്കഥയും സംവിധാനവും ചെയ്ത ചിത്രത്തില്‍ ബിപാഷ വസു, വടിവേലു, സന്താനം, രഘുവരന്‍, തലൈവാസല്‍ വിജയ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
അതേസമയം വിജയ്‌യുടെ രാഷ്ട്രീയപ്രവേശനത്തിന് മുന്‍പ് വിജയ് കമ്മിറ്റ് ചെയ്ത ചിത്രമാണ് ജന നായകന്‍. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂണ്‍ മാസത്തില്‍ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. സൗത്ത് ഇന്ത്യന്‍ സെന്‍സേഷന്‍ അനിരുദ്ധിനൊപ്പം ഹനുമാന്‍കൈന്‍ഡ് കൈകോര്‍ക്കുന്നു എന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്.
തമിഴ് സംഗീതത്തിലേക്കുള്ള ഹനുമാന്‍കൈന്‍ഡിന്റെ അരങ്ങേറ്റം കൂടിയായിരിക്കും ജന നായകന്‍. ബോളിവുഡ് താരം ബോബി ഡിയോളാണ് ജന നായകനിലെ വില്ലനായി വേഷമിടുന്നത്. പൂജ ഹെഗ്ഡേ നായികയാകുന്ന ചിത്രത്തില്‍ മലയാളി താരം മമിത ബൈജുവും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇവര്‍ക്ക് പുറമെ പ്രകാശ് രാജ്, നരേന്‍, പ്രിയാമണി, ഗൗതം വാസുദേവ് മേനോന്‍, വരലക്ഷ്മി ശരത് കുമാര്‍ തുടങ്ങി വന്‍ താരനിര അണിനിരക്കും.
കെ. വി. എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട്. കെ. നാരായണന്‍ ആണ് ചിത്രം നിര്‍മിച്ചത്. 2026 പൊങ്കല്‍ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Vijay’s hit film re-released, trending on Book My Show