Advertisement
Kerala News
കേരളത്തിലെ എം.പിമാര്‍ വഖഫ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണം: കെ.സി.ബി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 29, 03:14 pm
Saturday, 29th March 2025, 8:44 pm

കോട്ടയം: വഖഫ് നിയമഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് കെ.സി.ബി.സി. കേരളത്തില്‍ നിന്നുള്ള എം.പിരോടാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാന്‍ കെ.സി.ബി.സി ആഹ്വാനം ചെയ്തത്.

മുനമ്പത്തെ ജനങ്ങള്‍ക്ക് നീതി കിട്ടണമെങ്കില്‍ വഖഫ് നിയമം ഭേദഗതി ചെയ്യപ്പെടണമെന്നും കെ.സി.ബി.സി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി ബില്ലിനെ അനുകൂലിക്കണമെന്നും ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണമെന്നുമാണ് കെ.സി.ബി.സിയുടെ ആവശ്യം.

2025 ഫെബ്രുവരിയില്‍ സംയുക്ത പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ച വിവിധ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. പ്രതിപക്ഷ അംഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ചാണ് മന്ത്രിസഭ വഖഫ് ബില്‍ അംഗീകരിച്ചത്.

വഖഫ് ബോര്‍ഡില്‍ അമുസ്‌ലിങ്ങളെ ഉള്‍പ്പെടുത്തുന്നതും നിയമത്തിന്റെ പേര് മാറ്റുന്നതും അടക്കമുള്ള ബി.ജെ.പി അംഗങ്ങളുടെ 14 ഭേദഗതികള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് പുതുക്കിയ ബില്‍.

‘കളക്ടര്‍മാര്‍ക്ക് പകരം തര്‍ക്ക പരിഹാര ചുമതല മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. അഞ്ചുവര്‍ഷം പ്രകടമായി ഇസ്‌ലാം മതം ആചരിച്ചാല്‍ മാത്രമേ വഖഫിന് സ്വത്ത് നല്‍കാനാവൂ. സംസ്ഥാന സര്‍ക്കാര്‍ വഖഫ് പട്ടിക വിജ്ഞാപനം ചെയ്താല്‍ 90 ദിവസത്തിനകം വഖഫ് പോര്‍ട്ടലിലും ഡാറ്റ ബേസിലും അപ്‌ലോഡ്‌ ചെയ്യണം. തര്‍ക്കമുള്ള കേസുകളില്‍ വഖഫ് സ്വത്തുക്കള്‍ വിജ്ഞാപനം ചെയ്ത് രണ്ടുവര്‍ഷം കഴിഞ്ഞാലും കൃത്യമായ തെളിവുണ്ടെങ്കില്‍ കേസിന് പോകാം.

സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍മാരായി യോഗ്യരായ ആര്‍ക്കും വരാം. നിലവില്‍ വഖഫ് രജിസ്‌ട്രേഷന്‍ ഇല്ലാത്ത സ്വത്തുക്കള്‍ വഖഫ് ആയി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പത്രപ്പരസ്യം നല്‍കണം. വഖഫ് സംബന്ധിച്ച ട്രൈബ്യൂണല്‍ വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാം,’ മന്ത്രിസഭ അംഗീകരിച്ച ഭേദഗതികള്‍.

നിലവില്‍ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം അവസാനിക്കാനിരിക്കെ വഖഫ് ബില്‍ പാസാക്കാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് കെ.സി.ബി.സിയുടെ പ്രതികരണം.

വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വഖഫ് ഭേദഗതി ബില്‍ നടപ്പ് സമ്മേളനത്തില്‍ തന്നെ കൊണ്ടുവരുമെന്ന് സഭയില്‍ പറഞ്ഞിരുന്നു.

കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മുനമ്പം സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോഴും സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷവും വഖഫ് ബില്ലിനെതിരാണ്.

Content Highlight: Kerala MPs should vote in favour of Waqf Bill: KCBC