Sports News
റണ്‍സും വേണ്ട, വിക്കറ്റും വേണ്ട... തൂക്കിയത് വമ്പന്‍ റെക്കോഡ്; ഹിറ്റായി ഹിറ്റ്മാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 29, 03:16 pm
Saturday, 29th March 2025, 8:46 pm

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്.
ടൈറ്റന്‍സിന്റെ തട്ടകമായ അഹമ്മദാബാദിലാണ് മത്സരം. മത്സരത്തില്‍ ഗുജറാത്തിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബൗളിങ്ങാണ് തെരഞ്ഞെടുത്തത്.

നിലവില്‍ ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗല്ലിനെയാണ് ഗുജറാത്തിന് ആദ്യ നഷ്ടപ്പെട്ടത്. മുംബൈ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ നമന്‍ ധിറിന്റെ കയ്യിലാകുകയായിരുന്നു. 27 പന്തില്‍ നിന്ന് 38 റണ്‍സ് നേടിയാണ് ഗില്‍ മടങ്ങിയത്. നിലവില്‍ ക്രീസിലുള്ള സായി സുദര്‍ശന്‍ 28 പന്തില്‍ നിന്ന് 42 റണ്‍സും ജോസ് ബട്‌ലര്‍ 17 പന്തില്‍ 26 റണ്‍സുമാണ് നേടിയത്.

എന്നാല്‍ കളത്തിലിടങ്ങിയതോടെ മുംബൈയുടെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ ബാറ്ററുമായ രോഹിത് ശര്‍മ ഒരു തകര്‍പ്പന്‍ റെക്കോഡാണ് സ്വന്തമാക്കിയത്. ടി-20 ഫോര്‍മാറ്റില്‍ 450 മത്സരങ്ങള്‍ കളിക്കുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റിലേക്കാണ് രോഹിത് ഇടം നേടിയത്. ടി-20 ഫോര്‍മാറ്റില്‍ ഇതുവരെ 11 താരങ്ങള്‍ മാത്രമാണ് ഈ നേട്ടത്തിലെത്തിയത്.

കെയ്റോണ്‍ പൊള്ളാര്‍ഡ് (695), ഡ്വെയ്ന്‍ ബ്രാവോ (582), ഷോയ്ബ് മാലിക് (555), അന്ദ്രേ റസല്‍ (540), സുനില്‍ നരെയ്ന്‍ (537), ഡേവിഡ് മില്ലര്‍ (521), അലക്സ് ഹേല്‍സ് (494), രവി ബൊപ്പാര (478), ക്രിസ് ഗെയ്ല്‍ (463), റാഷിദ് ഖാന്‍ (463), ഗ്ലെന്‍ മാക്സ്വെല്‍ (460) എന്നിരാണ് ഈ ലിസ്റ്റിലെ താരങ്ങള്‍.

ഇവര്‍ക്കൊപ്പം 12ാമനായി ഇടം നേടാനാണ് രോഹിത്തിന് സാധിച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും ഹിറ്റ്മാന് നേടാന്‍ സാധിച്ചു. ഇന്ത്യന്‍ ദേശീയ ടീമിനും മുംബൈ ഇന്ത്യന്‍സിനും പുറമെ ഡെക്കാന്‍ ചാര്‍ജേഴ്സ്, ഇന്ത്യ എ, മുംബൈ എന്നിവര്‍ക്ക് വേണ്ടിയാണ് കോഹിത് കളത്തിലിറങ്ങിയത്.

ഇതുവരെ കളിച്ച 449 മത്സരങ്ങളിലെ 436 ഇന്നിങ്സുകളില്‍ നിന്നുമായി 11,830 റണ്‍സാണ് രോഹിത് സ്വന്തമാക്കിയത്. 30.80 ശരാശരിയിലും 134.70 സ്ട്രൈക്ക് റേറ്റിലും സ്‌കോര്‍ ചെയ്യുന്ന ഹിറ്റ്മാന്‍ എട്ട് സെഞ്ച്വറികളും 78 അര്‍ധ സെഞ്ച്വറികളും തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തിട്ടുണ്ട്.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫേന്‍ റൂതര്‍ഫോഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, സായ് കിഷോര്‍, കഗീസോ റബാദ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, നമന്‍ ധിര്‍, മിച്ചല്‍ സാന്റ്നര്‍, ദീപക് ചഹര്‍, ട്രെന്റ് ബോള്‍ട്ട്, മുജീബ് ഉര്‍ റഹ്‌മാന്‍, എസ്. രാജു.

Content Highlight: 2025 IPL: Rohit Sharma In Great Record Achievement In T-20 Cricket