മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീന. 1982ല്‍ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയിലൂടെ ബാലതാരമായാണ് മീന തന്റെ കരിയര്‍ ആരംഭിച്ചത്. പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന ചിത്രത്തിലൂടെ 1984ല്‍ മീന മലയാള സിനിമയിലും എത്തി.
1990കളിലും 2000ത്തിന്റെ തുടക്കത്തിലും നായികയായി തമിഴ് – മലയാളം സിനിമാ ലോകത്തെ ഇളക്കിമറിച്ച മീന രജിനികാന്ത്, കമല്‍ ഹാസന്‍, അജിത്, മോഹന്‍ലാല്‍, മമ്മൂട്ടി, നാഗാര്‍ജുന തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ കൂടെയെല്ലാം അഭിനയിച്ചിരുന്നു. എന്നാല്‍ നടന്‍ വിജയ്‌യുടെ കൂടെ അഭിനയിച്ചിരുന്നില്ല.
ഷാജഹാന്‍ എന്ന സിനിമയില്‍ വിജയ്ക്കൊപ്പം ഒരു ഡാന്‍സില്‍ മാത്രമാണ് മീന അഭിനയിച്ചത്. എന്നാല്‍ ഫ്രണ്ട്‌സ് സിനിമയുടെ തമിഴ് റീമേക്ക് ഉള്‍പ്പെടെയുള്ള ചില ചിത്രങ്ങളില്‍ വിജയ്‌യോടൊപ്പം മീന അഭിനയിക്കേണ്ടതായിരുന്നു.
പക്ഷെ ആ സമയത്ത് മറ്റ് സിനിമകളുടെ തിരക്ക് കാരണം മീനക്ക് അതിന് കഴിയാതെ പോകുകയായിരുന്നു. അതേസമയം മീനയുടെ മകള്‍ നൈനിക തെരി എന്ന സിനിമയില്‍ വിജയ്‌യുടെ മകളായി അഭിനയിച്ചു കൊണ്ടാണ് കരിയര്‍ ആരംഭിക്കുന്നത്.
തനിക്ക് വിജയ്‌ക്കൊപ്പം ഒരു സിനിമയിലും അഭിനയിക്കാന്‍ സാധിക്കാതെ പോയതിനെ കുറിച്ചും അതിന്റെ പേരില്‍ വിജയ് ഇന്നും തന്നെ കളിയാക്കുന്നതിനെ കുറിച്ചും പറയുകയാണ് മീന. വികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘ഒരു സമയത്ത് വിജയ്‌യുടെ മൂന്നോ നാലോ സിനിമകള്‍ എനിക്ക് ചെയ്യാന്‍ പറ്റാതെ പോയിട്ടുണ്ട്. ആ സമയത്ത് ഞാന്‍ ഒരുപാട് ബിസി ആയിരുന്നു. എനിക്ക് ഡേറ്റ് കൊടുക്കാന്‍ പറ്റാത്ത ഒരു അവസ്ഥയായിരുന്നു.
സത്യത്തില്‍ ഇപ്പോഴും അത് പറഞ്ഞ് വിജയ് എന്നെ വെറുതെ ടോര്‍ച്ചര്‍ ചെയ്യാറുണ്ട്. വര്‍ഷങ്ങള്‍ കഴിഞ്ഞ് തെരിയുടെ സമയത്തൊക്കെ ആ സിനിമകള്‍ ഞാന്‍ ചെയ്യാതിരുന്നതിനെ കുറിച്ച് വിജയ് പറയാറുണ്ട്.
‘അന്ന് മനപൂര്‍വമല്ലേ എന്റെ സിനിമക്ക് ഡേറ്റ് കൊടുക്കാതിരുന്നത്. ഞാന്‍ അപ്പ്കമിങ് ഹീറോ ആയത് കൊണ്ടല്ലേ. അജിത്തിനെയല്ലേ നിനക്ക് കൂടുതല്‍ ഇഷ്ടം’ എന്നൊക്കെ പറയും (ചിരി).
എനിക്ക് അന്നൊന്നും തരാന്‍ ഡേറ്റില്ലാത്തത് കൊണ്ടായിരുന്നു ആ സിനിമകള്‍ ചെയ്യാതിരുന്നതെന്ന് ഞാന്‍ അപ്പോള്‍ മറുപടി പറയും. പണ്ട് ഒരു ദിവസം തന്നെ ഞാന്‍ നാല് സിനിമകളുടെ ഷൂട്ടിങ് വരെ ചെയ്തിട്ടുണ്ട്,’ മീന പറയുന്നു.
Content Highlight: Meena Talks About Vijay