വിഷ്ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്തിന്‌ ജീവപര്യന്തം തടവ്
Kerala
വിഷ്ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്തിന്‌ ജീവപര്യന്തം തടവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th May 2024, 3:36 pm

കണ്ണൂര്‍: കണ്ണൂര്‍ പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസില്‍ വിധി പുറപ്പെടുവിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷയാണ് വിധിച്ചത്. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി ശരിവെച്ചു. വീട്ടില്‍ അതിക്രമിച്ചുകയറിയതിന് പത്ത് വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. കൂടാതെ രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എ.വി. മൃദുലയാണ് വിധി പറഞ്ഞത്. കേസില്‍ ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ശനിയാഴ്ച കണ്ടെത്തിയിരുന്നു. 302, 449 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നത്.

പ്രണയത്തില്‍നിന്ന് പിന്‍വാങ്ങിയതിന്റെ വൈരാഗ്യത്തില്‍ പാനൂരിനടുത്ത് വള്ള്യായി കണ്ടോത്തുംചാല്‍ നടമ്മലില്‍ വിഷ്ണുപ്രിയ(25)യെ വീട്ടില്‍ കയറി കഴുത്തറത്തും കൈഞരമ്പുകള്‍ മുറിച്ചും കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇന്ന് വിധി വന്നത്. പ്രതിയായ കൂത്തുപറമ്പിനടുത്ത് മാനന്തേരി താഴെകളത്തില്‍ വീട്ടില്‍ എം. ശ്യംജിത്തിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയായിരുന്നു.

2022 ഒക്ടോബര്‍ 22നാണ് പട്ടാപ്പകല്‍ വീട്ടില്‍ കയറി വിഷ്ണുപ്രിയയെ സുഹൃത്ത് ശ്യാംജിത്ത് ദാരുണമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ മണിക്കൂറുകള്‍ക്കകം മാനന്തേരിയിലെ താഴെകളത്തില്‍ എ ശ്യാംജിത്തിനെ (25) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രണയത്തില്‍ നിന്ന് പിന്മാറിയതിലുള്ള പകയാണ് കൊലയിലേക്ക് നയിച്ചത്.

കഴുത്തിന് ആഴത്തില്‍ മുറിവേറ്റ നിലയില്‍ വിഷ്ണുപ്രിയയെ മുറിയില്‍ കണ്ടെത്തുകയായിരുന്നു. . ഇരുകൈകള്‍ക്കും വെട്ടേല്‍ക്കുകയും ചെയ്തിരുന്നു.ദേഹത്ത് 29 മുറിവുകളാണുണ്ടായിരുന്നത്. പാനൂര്‍ ന്യൂക്ലിയസ് ക്ലിനിക്കില്‍ ഫാര്‍മസിസ്റ്റായിരുന്നു വിഷ്ണുപ്രിയ.

കൊലപാതകം നടക്കുന്നതിന്റെ ആറ് ദിവസം മുന്‍പ് വിഷ്ണുപ്രിയയുടെ അച്ഛമ്മ മരിച്ചതിനാല്‍ വിഷ്ണുപ്രിയ വീട്ടില്‍ തന്നെയുണ്ടായിരുന്നു. തൊട്ടടുത്തുള്ള അച്ഛമ്മയുടെ വീട്ടിലായിരുന്നു ബന്ധുക്കള്‍. ഈ സമയത്തായിരുന്നു ആക്രമണം നടന്നത്. വീട്ടില്‍ അതിക്രമിച്ചു കയറിയ ശ്യാംജിത്ത് വിഷ്ണുപ്രിയയെ ആക്രമിക്കുകയായിരുന്നു. മരണവീട്ടില്‍ നിന്ന് വിഷ്ണുപ്രിയയുടെ ബന്ധു, വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കാണുന്നത്. അപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ വെച്ച് പൊലീസ് കണ്ടെത്തുകയായിരുന്നു.

ഖത്തറില്‍ ജോലിചെയ്തിരുന്ന വിനോദിന്റെയും ബിന്ദുവിന്റെയും മകളാണ് വിഷ്ണുപ്രിയ. വിപിന, വിസ്മയ, അരുണ്‍ എന്നിവരാണ് സഹോദരങ്ങള്‍.

 

Content Highlight: Vishnupriya murder