ന്യൂദല്‍ഹി: ചൈന സന്ദര്‍ശനത്തിനിടെ ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ച് വിവാദ പരാമര്‍ശവുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി മുഹമ്മദ് യൂനുസ്. ഇന്ത്യയിലെ ഏഴ് കിഴക്കന്‍ സംസ്ഥാനങ്ങള്‍ കരയാല്‍ മാത്രം ചുറ്റപ്പെട്ടതാണെന്നും അവര്‍ക്ക് സമുദ്രത്തിലേക്ക് എത്താന്‍ ഒരുവഴിയുമില്ലെന്നായിരുന്നു യൂനുസിന്റെ പരാമര്‍ശം.
ആ മേഖലയില്‍ കടലില്‍ പ്രാമുഖ്യമുള്ളത് ബംഗ്ലാദേശിനാണെന്നും അതിനാല്‍ ചൈനയ്ക്ക് തങ്ങള്‍ വഴി അവരുടെ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കാമെന്നും യൂനുസ് കൂട്ടിച്ചേര്‍ത്തു. ചൈനീസ് പ്രതിനിധികള്‍ക്ക് മുമ്പില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളെ വിലകുറച്ച് കാണിച്ച് ബംഗ്ലാദേശിന്റെ മേല്‍ക്കൈ കാണിക്കാനാണ് യൂനുസ് ശ്രമിച്ചതെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനം ഉയരുന്നുണ്ട്.
സാമ്പത്തിക അവസരങ്ങളെക്കുറിച്ച് സംസാരിക്കവെ ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങള്‍, ഏഴ് സഹോദരിമാര്‍ എന്ന് വിളിക്കപ്പെടുന്ന ഇന്ത്യയുടെ കിഴക്കന്‍ ഭാഗം എന്ന് വ്യക്തമായി എടുത്ത് പറഞ്ഞായിരുന്നു യൂനുസിന്റെ പരാമര്‍ശം.
‘ഈ മേഖലയിലാകെ സമുദ്രത്തിന്റെ ഏക സംരക്ഷകന്‍ ഞങ്ങളാണ്. അതിനാല്‍ ഇത് വലിയ സാധ്യത തുറക്കുന്നു. ഇത് ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ വിപുലീകരണത്തിന് സഹായകമാകാം. സാധനങ്ങള്‍ നിര്‍മിക്കുക, സാധനങ്ങള്‍ ഉത്പാദിപ്പിക്കുക, സാധനങ്ങള്‍ വിപണനം ചെയ്യുക, ചൈനയിലേക്ക് സാധനങ്ങള്‍ കൊണ്ടുവരിക, ലോകത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലേക്കും അത് എത്തിക്കുക. അങ്ങനെ വിവിധ സാധ്യതകളാണുള്ളത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് യൂനുസ് ചൈനയില്‍ എത്തിയത്. സന്ദര്‍ശന വേളയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെയും യൂനുസ് കണ്ടുമുട്ടി. നദീജലം കൈകാര്യം സംബന്ധിച്ച് പ്രത്യേകിച്ച് ടീസ്റ്റ നദിയുമായി ബന്ധപ്പെട്ട ചൈനയുടെ അഭിപ്രായവും യൂനുസ് തേടി. ജലസ്രോതസ്സുകള്‍ ആളുകള്‍ക്ക് എങ്ങനെ ഉപയോഗപ്രദമാക്കാം എന്ന് നിങ്ങളില്‍ നിന്ന് പഠിക്കാനാണ് തങ്ങള്‍ ഇവിടെ വന്നതെന്നും യൂനുസ് പറയുകയുണ്ടായി.
അതേസമയം യൂനുസിന്റെ പരാമര്‍ശത്തില്‍ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ സംസ്ഥാനങ്ങളും കടലും തമ്മിലുള്ള കണക്ടിവിറ്റി ഇന്ത്യയുടെ വിഷയമാണെന്നും കടലുമായി ബന്ധപ്പെടാന്‍ തങ്ങള്‍ക്ക് ബംഗ്ലാദേശിന്റെ ആവശ്യമില്ലെന്നും ഇന്ത്യന്‍ പ്രതിരോധ വിദഗ്ദന്‍ ധ്രുവ് കടോച്ച് പ്രതികരിച്ചു.
Content Highlight: Muhammad Yunus makes controversial remarks about the northeastern states during his visit to China