തൃഷ ഇല്ലേനാ നയന്‍താര എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവന്നയാളാണ് ആദിക് രവിചന്ദ്രന്‍. പിന്നീട് എ.എ.എ, ബഗീര എന്നീ സിനിമകള്‍ ചെയ്‌തെങ്കിലും വിശാലിനെ നായകനാക്കി ഒരുക്കിയ മാര്‍ക്ക് ആന്റണിയിലൂടെയാണ് ആദിര് ശ്രദ്ധേയനായത്. ടൈം ട്രാവലിനെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ച മാര്‍ക്ക് ആന്റണി വന്‍ വിജയമായി.
തന്റെ ഇഷ്ടനടനായ അജിത്തിനെ നായകനാക്കി ഒരുക്കുന്ന ഗുഡ് ബാഡ് അഗ്ലിയാണ് ആദിക്കിന്റെ ഏറ്റവും പുതിയ ചിത്രം. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ ആഘോഷമായിരുന്നു. വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മലയാളി താരം ഷൈന്‍ ടോം ചാക്കോയുമുണ്ട്. ചിത്രത്തിലേക്ക് ഷൈന്‍ ടോമിനെ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് ആദിക് രവിചന്ദ്രന്‍.
എക്‌സെന്‍ട്രിക് ആയിട്ടുള്ള ആള്‍ക്കാരെയും കഥാപാത്രങ്ങളെയും തനിക്ക് ഇഷ്ടമാണെന്ന് ആദിക് രവിചന്ദ്രന്‍ പറഞ്ഞു. ഷൈന്‍ ടോമിന്റെ എല്ലാ സിനിമകളും താന്‍ കണ്ടിട്ടുണ്ടെന്നും അയാളുടെ പെര്‍ഫോമന്‍സ് തനിക്ക് ഇഷ്ടമായെന്നും ആദിക് കൂട്ടിച്ചേര്‍ത്തു. ഗുഡ് ബാഡ് അഗ്ലിയില്‍ അത്തരത്തിലൊരു എക്‌സെന്‍ട്രിക് കഥാപാത്രം ഉള്ളതുകൊണ്ട് ഷൈനല്ലാതെ മറ്റൊരു ഓപ്ഷന്‍ തനിക്ക് ഇല്ലായിരുന്നെന്നും ആദിക് രവിചന്ദ്രന്‍ പറഞ്ഞു.
സിനിമയുടെ കഥ കേട്ടതും ചെയ്യാമെന്ന് ഷൈന്‍ ടോം ചാക്കോ സമ്മതിച്ചെന്നും അയാള്‍ നല്ല പെര്‍ഫോമന്‍സാണ് ഈ സിനിമയിലും കാഴ്ചവെച്ചതെന്നും ആദിക് കൂട്ടിച്ചേര്‍ത്തു. തന്നെപ്പോലെ വലിയൊരു അജിത് ഫാനാണ് ഷൈന്‍ ടോമെന്നും അക്കാരണം കൊണ്ടാണ് അയാള്‍ ഈ സിനിമയോട് ഓക്കെ പറഞ്ഞതെന്നും ആദിക് രവിചന്ദ്രന്‍ പറഞ്ഞു. സിനിമാവികടനോട് സംസാരിക്കുകയായിരുന്നു ആദിക് രവിചന്ദ്രന്‍.
‘എക്‌സെന്‍ട്രിക് ആയി പെരുമാറുന്ന ആളുകളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അത്തരത്തില്‍ ബിഹേവ് ചെയ്യുന്നവരെയും അങ്ങനെയുള്ള കഥാപാത്രങ്ങളെയും എനിക്ക് ഇഷ്ടമാണ്. ഷൈന്‍ ടോമും അങ്ങനെയുള്ള ഒരാളാണെന്ന് എനിക്ക് മനസിലായി. അയാളുടെ സിനിമകളെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. പുള്ളിയുടെ പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഈ പടത്തിലേക്ക് വിളിച്ചത്. നല്ല പെര്‍ഫോമന്‍സായിരുന്നു. അജിത് സാറിന്റെ ഫാനായതുകൊണ്ടാണ് കഥ കേട്ടതും ഷൈന്‍ ഓക്കെ പറഞ്ഞത്,’ ആദിക് രവിചന്ദ്രന്‍ പറയുന്നു.
തെലുങ്കിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനിയായ മൈത്രി മൂവീ മേക്കേഴ്‌സാണ് ഗുഡ് ബാഡ് അഗ്ലി നിര്‍മിക്കുന്നത്. ചിത്രത്തില്‍ അജിത്തിന്റെ ലുക്കും ഗെറ്റപ്പും വലിയ ചര്‍ച്ചയായിരുന്നു. അര്‍ജുന്‍ ദാസാണ് ചിത്രത്തിലെ വില്ലന്‍. തൃഷയാണ് നായികയായി എത്തുന്നത്. ഇവര്‍ക്ക് പുറമെ തെലുങ്ക് താരം സുനില്‍, പ്രസന്ന, കാര്‍ത്തികേയ ദേവ്, യോഗി ബാബു, സിമ്രാന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്.
Content Highlight: Adhik Ravichandran about Shine Tom Chacko and Good Bad Ugly movie