Advertisement
Entertainment
ലാലേട്ടനെ പറ്റിയുള്ള ട്രോളുകളും കമന്റുകളും അദ്ദേഹം കാണാറുണ്ട്, ഇങ്ങനെ ആയിരുന്നു അദ്ദേഹത്തിന്റ പ്രതികരണം: തരുണ്‍ മൂര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 21, 05:48 am
Monday, 21st April 2025, 11:18 am

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന തുടരും. സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ മികച്ച സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയാണ് തുടരും. പുതിയ സംവിധായകരോടൊപ്പം മോഹന്‍ലാല്‍ സിനിമ ചെയ്യുന്നില്ലെന്ന് വിമര്‍ശനം ഉയരുന്നതിനിടയിലാണ് തരുണ്‍ മൂര്‍ത്തിയുമൊത്തുള്ള സിനിമ സംഭവിക്കുന്നത്.

ഏറെ വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും തുടരും എന്ന സിനിമയ്ക്കുണ്ട്. ഇപ്പോള്‍ തുടരും സെറ്റില്‍ മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് തരുണ്‍ മൂര്‍ത്തി.

മഴയെ തുടര്‍ന്ന് ഒരു ദിവസം ഷൂട്ട് മുടങ്ങിയപ്പോള്‍ മോഹന്‍ലാല്‍ ഫേയ്‌സ് ബുക്ക് സ്‌ക്രോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് താന്‍ വളരെ കൗതുകത്തോടെ നോക്കിയിരുന്നുവെന്നും എന്തെങ്കിലും നെഗറ്റീവ് കമന്റ് കാണുകയാണെങ്കില്‍ അദ്ദേഹത്തിന് വിഷമമാകില്ലേ എന്നൊക്കെ താന്‍ ചിന്തിച്ചിരുന്നുവെന്നും തരുണ്‍ മൂര്‍ത്തി പറയുന്നു. അദ്ദേഹത്തെ ട്രോളിക്കൊണ്ടുള്ള എന്തെങ്കിലും ഒരു പോസ്റ്റ് കണ്ടാല്‍ വളരെ തമാശ രൂപേണയാണ് മോഹന്‍ലാല്‍ പ്രതികരിക്കുന്നതെന്നും അതൊന്നും അദ്ദേഹത്തെ ബാധിക്കാറില്ലെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു. അദ്ദേഹത്തെ സന്തോഷവാനാക്കുന്ന കാര്യം എപ്പോഴും ഹാപ്പിയായിട്ടിരിക്കുക എന്നത് തന്നെയാണെന്നും തരുണ്‍ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്. എമ്മില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു ദിവസം നല്ല മഴയായതുകൊണ്ട് ഷൂട്ടൊക്കെ മുടങ്ങി, ഞങ്ങളെല്ലാവരും കാറിന്റെ അകത്ത് ഇരിക്കുകയാണ്. ഞാനുമുണ്ട് ലാലേട്ടനുമുണ്ട് പുറത്ത് നല്ല മഴയുമുണ്ട്. ഞാന്‍ നോക്കുമ്പോള്‍ ലാലേട്ടനിങ്ങനെ ഫേയ്‌സ് ബുക്ക് സ്‌ക്രോള്‍ ചെയത് ഇരിക്കുകയാണ്. എനിക്കത് കൗതുകമായി തോന്നി. ഈ മനുഷ്യന്‍ ഇങ്ങനെ സ്‌ക്രോള്‍ ചെയ്ത് പോകുമ്പോള്‍ എന്തെങ്കിലും ഒരു നെഗറ്റീവ് കമന്റ് കണ്ടാല്‍ ഹര്‍ട്ട് ആകില്ലേ. ഞാനാണ് കാണുന്നതെങ്കില്‍ എനിക്ക് സങ്കടമാകും. അങ്ങനെ സ്‌ക്രോള്‍ ചെയ്ത് കൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തെ ട്രോളി കൊണ്ട് ഒരു പോസ്റ്റ് കണ്ടു. ‘ഞാനിവനോട് എന്തു ചെയ്തു’ എന്ന് ലാലേട്ടന്‍ പറഞ്ഞു.

ഏതോ ഒരു സെറ്റില്‍ നിന്ന് മോഹന്‍ലാലിന് ഇതെല്ലാം അറിയാമായിരുന്നു എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള അടുത്ത ഒരു പോസ്റ്റ് കണ്ടു. അപ്പോള്‍ ലാലേട്ടന്‍ ‘ എനിക്ക് എന്തറിയാം.’ ഇങ്ങനെയാണ് പറയുന്നത്. ഞാന്‍ അദ്ദേഹത്തോട് അപ്പോള്‍ ചോദിച്ചു സാര്‍ ഇതൊക്കെ വായിക്കാറുണ്ടോ എന്ന്. ‘ നമ്മള്‍ വായിക്കണ്ടേ’ ലാലേട്ടന്‍ പറഞ്ഞു. അപ്പോള്‍ ഈ മനുഷ്യന്‍ എല്ലാം കാണുന്നുണ്ട്. ഇതിനെ പറ്റി നടക്കുന്ന എല്ലാം കാര്യങ്ങളും ശ്രദ്ധിക്കുന്നുണ്ട്. ഒരു സിനിമയുടെ വിജയമോ, പരാജയമോ, അതിന്റെ ദുരന്തങ്ങളോ ഒന്നും ആ മനുഷ്യനേ ബോദര്‍ ചെയ്യുന്നില്ല. നാല്‍പ്പത്തേഴ് വര്‍ഷമായിട്ട് സിനിമകള്‍ ചെയ്യുന്ന ഒരാള്‍ക്ക് അയാളുടെ സന്തോഷമെന്താണെന്ന് ചോദിച്ചാല്‍ എപ്പോഴും ഹാപ്പിയായിട്ടിരിക്കുക എന്നതാണ്,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.

Content Highlight: Tharun moorthy about Mohanlal