Advertisement
World News
യു.എസ്-ചൈന വ്യാപാരയുദ്ധം; അമേരിക്കയെ പ്രീതിപ്പെടുത്താന്‍ വ്യാപാരക്കരാറുകള്‍ ഉണ്ടാക്കുന്ന രാജ്യങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 21, 05:00 am
Monday, 21st April 2025, 10:30 am

വാഷിങ്ടണ്‍: അമേരിക്കയുടെ പകരച്ചുങ്കത്തില്‍ നിന്ന് രക്ഷനേടാന്‍ അവരുമായി വ്യാപാരക്കരാറില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍ക്കെതിര വിമര്‍ശനവുമായി ചൈന. ഇത്തരത്തില്‍ പ്രീതിപ്പെടുത്തുന്നത് സമാധാനം കൊണ്ടുവരാന്‍ സഹായിക്കില്ലെന്ന് പറഞ്ഞ ചൈന വീട്ടുവീഴ്ച്ചയിലൂടെ ബഹുമാനം നേടാന്‍ കഴിയില്ലെന്നും വ്യക്തമാക്കി.

എല്ലാ കക്ഷികളും നീതിയുടെ പക്ഷത്ത് നില്‍ക്കണമെന്നും അന്താരാഷ്ട്ര സാമ്പത്തിക, വ്യാപാര നിയമങ്ങളും വ്യാപാര സംവിധാനവും സംരക്ഷിക്കണമെന്ന് ചൈന ആഗ്രഹിക്കുന്നതായും ചൈനീസ് വാണിജ്യ മന്ത്രാലയ വക്താവ് പറഞ്ഞു.

യു.എസിന്റെ പകരച്ചുങ്കത്തില്‍ നിന്ന് ഇളവുകള്‍ നേടാന്‍ ട്രംപ് ചൈനയുമായുള്ള വ്യാപാരം നിയന്ത്രിക്കാന്‍ മറ്റ് രാജ്യങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ചൈനീസ് വാണിജ്യ മന്ത്രാലയ വക്താവിന്റെ പ്രതികരണമുണ്ടായിരിക്കുന്നത്.

താരിഫ് സംബന്ധിച്ച് ട്രംപ് ഭരണകൂടം വിവിധ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനകം 70ലധികം രാജ്യങ്ങള്‍ ചര്‍ച്ചകള്‍ നടത്താന്‍ എത്തിയിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച ജാപ്പനീസ് പ്രതിനിധി സംഘം വാഷിങ്ടണ്‍ സന്ദര്‍ശിച്ചു. ദക്ഷിണ കൊറിയ ഈ ആഴ്ച ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പാണ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേലുള്ള ഇറക്കുമതി തീരുവ അമേരിക്ക 245% ആയി ഉയര്‍ത്തിയത്. ചൈനയുടെ പകരച്ചുങ്കത്തിനും വ്യാപാരനീക്കങ്ങള്‍ക്കും എതിരെയുള്ള പ്രതികാരമായാണ് 145% തീരുവയില്‍ നിന്ന് ഒറ്റയടിക്ക് അമേരിക്ക 100% വര്‍ധിപ്പിച്ചത്. വ്യാപാര ഉടമ്പടികള്‍ക്കും ചര്‍ച്ചകള്‍ക്കും തയ്യാറാകേണ്ടത് ചൈനയാണെന്നും പന്ത് ഇനി ചൈനയുടെ കോര്‍ട്ടില്‍ ആണെന്നും യു.എസ് ഭരണകൂടം അന്ന് പറഞ്ഞിരുന്നു.

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനസമയത്ത് 34 % താരിഫ് ആയിരുന്നു ട്രംപ് ചൈനയ്ക്ക് ചുമത്തിയിരുന്നത്. എന്നാല്‍ അതിന്റെ കൂടെ മുമ്പ് രണ്ട് തവണയായി പ്രഖ്യാപിച്ച 10% കൂടി കൂട്ടി 54% ആയി ഉയര്‍ത്തി. ഇതിന് പകരമായി അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കുള്ള താരിഫ് ചൈന വര്‍ധിപ്പിച്ചതോടെ പ്രകോപിതനായ ട്രംപ് വീണ്ടും 50% താരിഫ് കൂട്ടി അത് 104% ആക്കി ഉയര്‍ത്തി.

തുടര്‍ന്ന് ചൈനയും അവരുടെ താരിഫ് വര്‍ധിപ്പിച്ച് 84% ആക്കി. ഇതോടെ ട്രംപ് ചൈനയ്ക്കുള്ള താരിഫ് 125% ആക്കിയെങ്കിലും വൈറ്റ് ഹൗസ് അത് 145% ആക്കി ഉയര്‍ത്തി. ഇതിന് മറുപടിയായി ചൈന യു.എസ് ഉത്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം 125% ആയി വര്‍ധിപ്പിച്ചു.

മറ്റ് ലോകരാജ്യങ്ങള്‍ക്കുള്ള പകരച്ചുങ്കം നടപ്പിലാക്കുന്നതിന് മൂന്ന് മാസം സാവകാശം അനുവദിക്കുമ്പോഴാണ് ട്രംപ് ചൈനയെ മാത്രം ടാര്‍ഗറ്റ് ചെയ്ത് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

Content Highlight: US-China trade war; China criticizes countries that make trade deals to please America