Advertisement
national news
മധ്യപ്രദേശില്‍ ആശുപത്രിയിലെത്തിയ 77 കാരനെ തറയിലൂടെ വലിച്ചിഴച്ച് ഡോക്ടര്‍; പിന്നാലെ സസ്പെന്‍ഷനും കേസും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 21, 04:58 am
Monday, 21st April 2025, 10:28 am

ജയ്പൂര്‍: മധ്യപ്രദേശില്‍ ആശുപത്രിയിലെത്തിയ 77 കാരനെ ക്രൂരമായി മര്‍ദിച്ച് ഡോക്ടര്‍. ചികിത്സക്കെത്തിയ നൗഗാവ് സ്വദേശിയായ വയോധികനെ വലിച്ചിഴച്ച് ആശുപത്രിയിലെ ഔട്ട്‌പോസ്റ്റിലാക്കിയെന്നാണ് പരാതി. ഏപ്രില്‍ 17ന് ഛത്തര്‍പൂരിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം.

വ്യാഴാഴ്ച രാവിലെ 11.30ഓടെ ആശുപത്രിയിലെത്തിയ ഉദവ്‌ലാല്‍ ജോഷിക്കാണ് മര്‍ദനമേറ്റത്. പങ്കാളിയുടെ ചികിത്സക്കായാണ് ഉദവ്‌ലാല്‍ ജോഷി ആശുപത്രിയില്‍ എത്തിയത്. ഞരമ്പിലുണ്ടായ വേദനയെ തുടര്‍ന്നാണ് ഇരുവരും ആശുപത്രിയെ സമീപിച്ചത്.

തുടര്‍ന്ന് ക്യൂവില്‍ നില്‍ക്കുകയായിരുന്ന സമയത്ത് ഡോക്ടര്‍ എത്തി തന്റെ കരണത്തടിച്ചെന്നാണ് വയോധികന്‍ പറയുന്നത്. ഡോ. രാജേഷ് മിശ്രയാണ് വയോധികനെ ആക്രമിച്ചത്.

സ്ഥലത്തുണ്ടായിരുന്നവര്‍ സംഭവത്തെ ചോദ്യം ചെയ്യുകയും പ്രതിഷേധം ഉയരുകയും ചെയ്തതോടെ ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ജില്ലാ കളക്ടര്‍ പാര്‍ത്ഥ ജെയ്സ്വാളിന്റെ നിര്‍ദേശത്തിലാണ് പൊലീസ് കേസെടുത്തത്. ആശുപത്രി അധികൃതരും ഇയാള്‍ക്കെതിരെ നടപടിയെടുത്തു.

കരാര്‍ അവസാനിപ്പിച്ച ശേഷം രാജേഷ് മിശ്രയെ സര്‍വീസില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്തത്. ആശുപത്രിയുടെ മേല്‍നോട്ട ചുമതലയുള്ള ഡോ. ജി.എല്‍. അഹിര്‍ വാറിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

അതേസമയം വയോധികന്‍ ക്യൂവില്‍ നില്‍ക്കാന്‍ തയ്യാറായില്ലെന്നും ഇടിച്ചുകയറി തന്നെ കാണാനെത്തിയെന്നുമാണ് ഡോക്ടറുടെ വിശദീകരണം. മറ്റു രോഗികളെ തട്ടിമാറ്റിയാണ് വയോധികന്‍ മുന്നോട്ടുവന്നതെന്നും ഡോക്ടര്‍ പറയുന്നു.

എന്നാല്‍ വയോധികനെ രണ്ട് പേര്‍ ചേര്‍ന്ന് വലിച്ചിഴക്കുന്നതിന്റെ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ വിമര്‍ശനം നേരിടുകയും ചെയ്യുന്നുണ്ട്.

വീഡിയോയില്‍ ഡോക്ടര്‍ക്കൊപ്പം കാണുന്നത് റെഡ് ക്രോസ് പ്രവര്‍ത്തകനെയാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഇയാളുടെ മുഖം വ്യക്തമല്ലെങ്കിലും റെഡ് ക്രോസ് പ്രവര്‍ത്തകനെതിരെ നടപടിയെടുക്കുമെന്ന് ആശുപത്രിയിലെ സിവില്‍ സര്‍ജനായ ജി.എല്‍. അഹിര്‍വാറിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ പറയുന്നു.

Content Highlight: Doctor drags 77-year-old man across floor at hospital in Madhya Pradesh