Kerala News
ബ്ലാസ്റ്റ് ഫം​ഗസ് ബാധ; കോഴിക്കോട്ടെ 300 ഏക്കർ പാടത്തെ കൊയ്യാറായ നെൽ ചെടികൾ നശിക്കുന്നു, വലഞ്ഞ് കർഷകർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 21, 05:04 am
Monday, 21st April 2025, 10:34 am

കോഴിക്കോട്: കോഴിക്കോട് വടകര ചെരണ്ടത്തൂർ ചിറയിലെ കർഷകർ ദുരിതത്തിൽ. കൊയ്ത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നെൽ ചെടികളിൽ വ്യാപകമായി ഫം​ഗസ് ബാധ ഉണ്ടായിരിക്കുകയാണ്. മുന്നൂറോളം ഏക്കർ സ്ഥലത്തെ കൃഷിയാണ് ഇതോടെ പ്രതിസന്ധിയിലായത്. ബ്ലാസ്റ്റ് എന്ന ഫംഗസ് ബാധയാണ് നെൽ ചെടികളെ ബാധിച്ചിരിക്കുന്നത്.

വളരെ വേഗത്തിലാണ് നെൽ ചെടികളിൽ രോഗബാധ പടർന്നുപിടിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് രോഗബാധ കൃഷിയിടത്തിൽ കണ്ടുതുടങ്ങിയത്. വളരെ വേഗം പടർന്നു പിടിച്ചതോടെ കനത്ത വിള നാശത്തിലാണ് കർഷകർ.

പുൽവർഗ ചെടികളെ ബാധിച്ച് അതിവേഗം പടരുന്ന രോഗമാണ് ബ്ലാസ്റ്റ്. തുടക്കത്തിൽ നെൽച്ചെടിയിൽ പലയിടത്തായി പൊള്ളലേറ്റ പോലെയാണ് കാണപ്പെടുക. തുടർന്ന് ചെടി ഉണങ്ങുകയും നെന്മണികൾ നശിക്കുകയും ചെയ്യുന്നു. ഇതിന് പുറമെ നെന്മണികളെ നശിപ്പിക്കുന്ന കൊമ്പൻ പാറ്റ ശല്യവും ഇവിടെ രൂക്ഷമാണ്.

ഏകദേശം മുന്നൂറോളം ഏക്കർ സ്ഥലത്താണ് നെൽകൃഷിയുള്ളത്. ഇതിൽ അറുപത് ശതമാനവും രോഗബാധയിലായത് ആശങ്ക വർധിപ്പിക്കുന്നു. രോഗബാധക്ക് പരിഹാരമായി ഡ്രോൺ ഉപയോഗിച്ച് മരുന്നടിക്കാനുള്ള അനുമതിയും കർഷകർക്ക് ലഭിച്ചിട്ടില്ല.

ഒരു കാലത്ത് കർഷകർ കൃഷിയിൽ നിന്ന് വിട്ടു നിന്ന ചെരണ്ടത്തൂർ ചിറ , കർഷക കൂട്ടായ്മകളുടെയും അധികൃതരുടെയും പിന്തുണയിലാണ് സജീവമായത്. രോഗം ബാധിച്ചതിലൂടെ ഉണ്ടായ നഷ്ടം നികത്താൻ തങ്ങളെക്കൊണ്ട് സാധിക്കില്ലെന്നും അതിനാൽ കൃഷിവകുപ്പിൻ്റെ സഹായം ആവശ്യമാണെന്നും കൃഷിക്കാർ പറയുന്നു.

 

Content Highlight: Blast fungus infection; 300 acres of paddy fields are dying, farmers are worried