World News
റഷ്യയില്‍ വിസ, മാസ്റ്റര്‍ കാര്‍ഡ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 06, 05:55 am
Sunday, 6th March 2022, 11:25 am

മോസ്‌കോ: റഷ്യയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയാണെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ കാര്‍ഡ് പേയ്‌മെന്റ് ഭീമന്മാരായ വിസയും മാസ്റ്റര്‍ കാര്‍ഡും. ശനിയാഴ്ചയായിരുന്നു ഇവരുടെ പ്രഖ്യാപനം.

ഉക്രൈനില്‍ റഷ്യ അധിനിവേശവും ആക്രമണങ്ങളും തുടരുന്ന പശ്ചാത്തലത്തിലാണ് നിര്‍ണായകതീരുമാനം.

റഷ്യയുമായി ബന്ധപ്പെട്ട എല്ലാ പണമിടപാടുകളും നിര്‍ത്തിവെക്കാന്‍ ഇടപാടുകാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഇരു കമ്പനികളും വ്യക്തമാക്കി.

റഷ്യക്കെതിരെ വിവിധ തരത്തിലുള്ള ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്ന അമേരിക്കയുടെയും വിവിധ അമേരിക്കന്‍ കമ്പനികളുടെയും തുടര്‍ച്ചയായാണ് ഇപ്പോള്‍ വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവയും രംഗത്തെത്തിയിരിക്കുന്നത്.

തീരുമാനം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സ്വാഗതം ചെയ്തു.

അമേരിക്കയും നാറ്റോ അംഗരാജ്യങ്ങളും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമെല്ലാം റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധവുമായി സഹകരിക്കുമെന്നും നേരത്തെ തന്നെ വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവ വ്യക്തമാക്കിയിരുന്നു.

അതേസമയം, റഷ്യക്കെതിരായ പോരാട്ടത്തില്‍ ഉക്രൈനെ സഹായിക്കുന്നതിന് വേണ്ടി
യുദ്ധവിമാനങ്ങള്‍ നല്‍കാനൊരുങ്ങിയിരിക്കുകയാണ് പോളണ്ടും അമേരിക്കയും.

മിഗ് 29, എസ്.യു 35 വിമാനങ്ങളായിരിക്കും പോളണ്ട് ഉക്രൈന് നല്‍കുക. യു.എസില്‍ നിന്നും എഫ് 16 വിമാനങ്ങള്‍ വാങ്ങാനും ഉക്രൈന്‍ തീരുമാനിച്ചു.

പോളണ്ടുമായും നാറ്റോ അംഗരാജ്യങ്ങളുമായും സഹകരിച്ച് ഉക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കി സഹായിക്കാന്‍ ആലോചനകള്‍ നടക്കുന്നുണ്ടെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

കൂടുതല്‍ ആയുധങ്ങളും യുദ്ധവിമാനങ്ങളും നല്‍കി സഹായിക്കണമെന്ന് നാറ്റോയോട് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.


Content Highlight: Visa, Mastercard suspend operations in Russia over Ukraine invasion