കരിയറിന്റെ ഏറ്റവും മോശം ഫോമിലൂടെയാണ് വിരാട് കോഹ്‌ലി എന്ന ഇതിഹാസ താരം കടന്ന് പോകുന്നത്. കഴിഞ്ഞ രണ്ട് കൊല്ലമായി സെഞ്ച്വറി നേടാന്‍ സാധിക്കാതയാണ് റണ്‍ മെഷീന്‍ എന്നറിയപ്പെടുന്ന വിരാട് കടന്ന് പോകുന്നത്. എന്നാല്‍ പോലും ഈ ഐ.പി.എല്‍ സീസണില്‍ അപൂര്‍വമായ റെക്കോഡ് ഇട്ടിരിക്കുകയാണ് താരം.
കോഹ്‌ലിയെ പോലെയൊരു താരത്തെ വെച്ച് നോക്കുമ്പോള്‍ വളരെ മോശം സീസണായിരുന്നു ഇത്തവണത്തെ ഐ.പി.എല്‍. 15 കളിയില്‍ നിന്നും 22.73. ശരാശരിയില്‍ 341 റണ്ണാണ് താരം നേടിയത്. 115-ായിരുന്നു താരത്തിന്റെ പ്രഹരശേഷി. എന്നാല്‍ തുടര്‍ച്ചയായി 13 സീസണില്‍ 300 റണ്‍ എന്ന റെക്കോഡാണ് കോഹ്‌ലി നേടിയിരിക്കുന്നത്.
ഐ.പി.എല്ലില്‍ ഈ റെക്കോഡ് നേടുന്ന ആദ്യ താരമാണ് വിരാട് കോഹ്‌ലി. 2008ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി അരങ്ങേറിയ താരം 2010ലാണ് ആദ്യമായി 300 റണ്‍ എന്ന കടമ്പ കണ്ടത്. 307 റണ്ണായിരുന്നു താരം ആ സീസണില്‍ അടിച്ചത്.
പിന്നീടുള്ള 2015 വരെയുള്ള സീസണുകളില്‍ 557, 364, 634, 359, 505 എന്നിങ്ങനെയാണ്. 2016ല്‍ ഐ.പി.എല്ലില്‍ തന്നെ ഒരു സീസണിലെ ഉയര്‍ന്ന സകോറായ 973 റണ്ണാണ് വിരാട് അടിച്ചുകൂട്ടിയത്. പിന്നീട് 2017 തൊട്ട് 2021 വരെ 308,530,464,466,405 എന്നിങ്ങനെയാണ്. ഈ സീസണില്‍ 341 റണ്ണും.
ഈ സീസണില്‍ മൂന്ന് തവണയാണ് വിരാട് പൂജ്യത്തിന് ഔട്ടായത്. രണ്ട് അര്‍ധസെഞ്ച്വറി മാത്രമേ താരത്തിനടിക്കാന്‍ സാധിച്ചുള്ളു.
ഐ.പി. എല്ലിലെ എക്കാലത്തേയും മികച്ച ബാറ്റര്‍മാരില്‍ മുന്‍പന്തിയില്‍ തന്നെ കോഹ്‌ലി കാണും. 15 സീസണുകളിലായി ഇതുവരെ 6624 റണ്ണാണ് താരം നേടിയിട്ടുള്ളത്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളതും താരം തന്നെയാണ്. 5 സെഞ്ച്വറികളും 44 അര്‍ധസെഞ്വറികളും താരത്തിന്റെ പേരിലുണ്ട്.
ഇതുവരെയും ഐ.പി.എല്‍ കിരീടം നേടാന്‍ വിരാടിന് സാധിച്ചില്ലെങ്കിലും ബാറ്റര്‍ എന്ന നിലയില്‍ എന്നും അയാള്‍ മികച്ച് നില്‍ക്കാറുണ്ട്. ഇനിയും ബാറ്റ്‌കൊണ്ട് വിരോധികള്‍ക്ക് മറുപടിയുമായി തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.