2025 IPL
അപമാനിക്കപ്പെടുന്നത് മരണം പോലെയാണ്, ചെന്നൈക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല: നവ്‌ജോത് സിങ് സിദ്ദു
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 12, 04:00 am
Saturday, 12th April 2025, 9:30 am

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. സ്വന്തം തട്ടകമായ ചെപ്പോക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ പരാജയമാണ് ചെന്നൈക്ക് നേരിടേണ്ടി വന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് 104 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. എന്നാല്‍ മറുപടിക്ക് ഇറങ്ങിയ കൊല്‍ക്കത്ത രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 10.1 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വിജയിച്ച ശേഷം ധോണിയും സംഘവും വിജയക്കൊടി കണ്ടിട്ടില്ല. ഇതോടെ ചെന്നൈക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിങ് സിദ്ദുവും ചെന്നൈയെക്കുറിച്ച് സംസാരിച്ചിരുന്നു. പരാജയങ്ങളിലെ അപമാനം മരണം പോലെയാണെന്നും ചെന്നൈ നേരിട്ടത് അത് തന്നെയാണെന്നുമാണ് താരം പറഞ്ഞത്. മാത്രമല്ല ചെന്നൈ സ്വന്തം തട്ടകത്തില്‍ ഇത്തരം ഒരു മോശം പ്രകടനം കാഴ്ചവെച്ചത് ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നും മുന്‍ താരം പറഞ്ഞു.

‘ബാറ്റിങ് തകര്‍ച്ച ലീഗിലെ ഒരു ശക്തിയെയും മുന്നോട്ട് കൊണ്ടുപോകില്ല. നിങ്ങള്‍ അപമാനിക്കപ്പെടുമ്പോള്‍ അത് മരണം പോലെയാണ്, നിങ്ങളുടെ ആത്മാഭിമാനം നഷ്ടപ്പെടും. നിങ്ങള്‍ താഴേക്ക് പോകുന്നത് സ്വന്തം കണ്ണില്‍ കാണുന്നത് വലിയ പരാജയമാണ്. കൊല്‍ക്കത്തയ്ക്കെതിരെ ചെന്നൈക്ക് സംഭവിച്ചതും ഇതാണ്.

കെ.കെ.ആര്‍ രണ്ട് ക്യാച്ചുകള്‍ കൈവിട്ടു, പക്ഷേ സി.എസ്.കെ 20 ഓവറില്‍ വെറും 103 റണ്‍സ് മാത്രമാണ് നേടിയത്. സ്വന്തം മൈതാനത്ത് ചെന്നൈ ഇതുപോലൊരു ടോട്ടല്‍ നേടിയത് ഞാന്‍ ഇതിന് മുമ്പ് കണ്ടിട്ടില്ല. ചെപ്പോക്കിലെ അവരുടെ കോട്ട തകര്‍ന്നു, ഇപ്പോള്‍ നടക്കുന്ന സീസണില്‍ ചെന്നൈക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല,’ നവ്‌ജോത് സിങ് സിദ്ദു.

ചെന്നൈ നിരയെ അടപടലം തീര്‍ത്തത് കൊല്‍ക്കത്തയുടെ സ്പിന്നര്‍ സുനില്‍ നരേയ്‌നാണ്. നാല് ഓവറില്‍ വെറും 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. 3.25 എക്കോണമിയിലാണ് താരത്തിന്റെ വിക്കറ്റ് നേട്ടം. നരേയ്‌ന് പുറമെ ഹര്‍ഷിത് റാണ 16 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. വൈഭവും മൊയീനും ശേഷിക്കുന്ന വിക്കറ്റുകള്‍ നേടി.

കൊല്‍ക്കത്തയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയതും സുനില്‍ തന്നെയാണ് 18 പന്തില്‍ അഞ്ച് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 44 റണ്‍സാണ് താരം നേടിയത്. ക്വിന്റണ്‍ ഡി കോക്ക് 16 പന്തില്‍ 23 റണ്‍സും ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 27 റണ്‍സും നേടിയപ്പോള്‍ റിങ്കു സിങ് 15 റണ്‍സ് നേടി. ചെന്നൈക്ക് വേണ്ടി അന്‍ഷുല്‍ കാംബോജിനും നൂര്‍ അഹമ്മദിനും മാത്രമാണ് വിക്കറ്റ് നേടാന്‍ സാധിച്ചത്.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്സിന് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. ചെന്നൈ നിരയിലെ ആറ് പേരാണ് ഒറ്റസംഖ്യയില്‍ പുറത്തായത്. ടീമിന് വേണ്ടി മികവ് പുലര്‍ത്തിയത് ശിവം ദുബെയാണ് 29 പന്തില്‍ 31 റണ്‍സാണ് താരം നേടിയത്. വിജയ് ശങ്കര്‍ 29 റണ്‍സും നേടി. ക്യാപ്റ്റനായി തിരിച്ചെത്തിയ ധോണി നാല് പന്ത് കളിച്ച് ഒരു റണ്‍സിനാണ് പുറത്തായത്.

Content Highlight: IPL 2025: Navjot Singh Sidhu Talking About CSK Defeat Against KKR