മോഹന്‍ലാല്‍ എന്ന നടനെ കുറിച്ചും ഓരോ സിനിമകളിലും അദ്ദേഹം ശ്രദ്ധിച്ചുപോരുന്ന ചില കാര്യങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിനിമാറ്റോഗ്രാഫര്‍ ഷാജി കുമാര്‍.
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷാജി കുമാറാണ്.
ഒരു സീനിന്റെ കണ്ടിന്യൂറ്റിയെ കുറിച്ചും മോഹന്‍ലാല്‍ അതിനെ പരിഗണിക്കുന്ന രീതിയെ കുറിച്ചുമൊക്കെയാണ് ഷാജി കുമാര്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നത്.
‘ലാലേട്ടന്‍ എല്ലാ സിനിമയിലും ഏതെങ്കിലും ഒരു പ്രോപ്പര്‍ട്ടി യൂസ് ചെയ്യുന്ന ആളാണ്. സാര്‍ ഇപ്പോള്‍ വേറെ ആരുടേയെങ്കിലും മിസ്‌റ്റേക്ക് കൊണ്ട് രണ്ടോ മൂന്നോ നാലോ അഞ്ചോ ടേക്ക് വന്നാലും ഈ പ്രോപ്പര്‍ട്ടി യൂസ് ചെയ്യുന്ന ടൈം ഉണ്ടല്ലോ അതില്‍ ചേഞ്ച് വരില്ല, ഒരിക്കലും.
അതായത് പത്താമത്തെ ടേക്കിലായാലും രണ്ടാമത്തെ ടേക്കിലായാലും ഈ പ്രോപ്പര്‍ട്ടി ഏത് ഡയലോഗിലാണ് യൂസ് ചെയ്യുന്നത് എന്ന് വെച്ചാല്‍ അതില്‍ മാത്രമേ നമുക്ക് അത് കാണാന്‍ പറ്റുള്ളൂ.
അങ്ങനെ ഒരു കണ്ടിന്യൂറ്റി മിസ്റ്റേക്ക് പുള്ളിയുടെ അടുത്ത് നിന്ന് വരില്ല. ഒരു അസി. ഡയറക്ടര്‍ക്ക് അത് ചലഞ്ചിങ് ആയിരിക്കും. അതായത് ഏത് സമയത്ത്, എങ്ങനെ എന്നുള്ളത് സാര്‍ ഭയങ്കരമായി ശ്രദ്ധിക്കും.
ഇത് കറക്ടാണോ എന്ന് ചോദിക്കും. അവന്‍ ചിലപ്പോള്‍ തെറ്റിപ്പറയും. അപ്പോള്‍ മോണിറ്ററില്‍ നോക്കൂ, എന്നിട്ട് പറയൂ എന്ന് പറയും. ഒരു പ്രോപ്പര്‍ട്ടി കയ്യില്‍ എടുത്താല്‍ അത് വെച്ച് യൂസ് ചെയ്യുന്നതാണ് ലാല്‍ സാറിന്റെ രീതി.
അത് കുറച്ച് പേര്‍ക്ക് മാത്രം പറ്റുന്ന കാര്യമാണ്. ചില ആക്ടേഴ്‌സ് ഉണ്ട് അവരുടെ കൈ എവിടെ വെക്കണമെന്ന് അവര്‍ക്ക് അറിയില്ല.
അഭിനയിക്കുന്ന സമയത്ത് കൈ എന്തു ചെയ്യണമെന്ന് ആലോചിക്കും. മിക്കവാറും പോക്കറ്റില്‍ ഇടും. വേറെ എന്തെങ്കിലും സാധനത്തില്‍ പിടിക്കും. അങ്ങനെ ഒരു ലിമിറ്റേഷന്‍ ലാല്‍ സാറിന് ഇല്ല.
അവിടെ കാണുന്ന എന്തെങ്കിലും ഒന്ന് അദ്ദേഹം എടുക്കും. അല്ലെങ്കില്‍ ഇങ്ങനെ ഒരു സംഭവം കിട്ടുമോ എന്ന് സംവിധാനയകോട് ചോദിക്കും.
ഇങ്ങനെ യൂസ് ചെയ്തതുകൊണ്ട് കുഴപ്പമുണ്ടോ എന്ന് ചോദിക്കും. ചുമ്മാ ഒരാള്‍ വെറുതെ നില്‍ക്കുന്ന ആ രീതി മാറിക്കിട്ടുമല്ലോ. അതില്‍ വരുന്ന മൂവ്‌മെന്റില്‍ ചിലപ്പോള്‍ ലൈറ്റര്‍ ഹ്യൂമര്‍ തന്നെയുണ്ടാകും. സംസാരിക്കാതെ ഫ്രേമില്‍ കിട്ടുന്ന കാര്യങ്ങളാണ് അതെല്ലാം.
അങ്ങനെ ഒരു സിറ്റുവേഷന്‍ ആണെങ്കിലേ അത് ചെയ്യാന്‍ പറ്റുള്ളൂ, നമ്മള്‍ ദേഷ്യപ്പെട്ട് നില്‍ക്കുകയാണെങ്കില്‍ നമുക്ക് പ്രോപ്പര്‍ട്ടി എടുക്കാന്‍ പറ്റില്ല.
അല്ലാത്ത സമയങ്ങളില്‍, ആ സീനിന് ചേരുന്ന രീതിയിലാണെങ്കില്‍ എന്ത് വേണമെങ്കിലും എടുക്കാം. അദ്ദേഹത്തിന്റെ കയ്യില്‍ എന്തെങ്കിലും ഒരു സാധനം ഉണ്ടാകുമെന്ന് എനിക്കറിയാം.
എടുക്കാന്‍ പറ്റുന്നത് ആണെങ്കില്‍ എടുക്കും. നീക്കി വെക്കുന്നതാണെങ്കില്‍ അത് ചെയ്യും. അത്തരത്തില്‍ ഒരു മൂവ്‌മെന്റ് എന്തായാലും ഉണ്ടാകും,’ ഷാജി കുമാര്‍ പറഞ്ഞു.
Content Highlight: Cinematographer Shajikumar about how Mohanlal Use a Property on Scenes