കിൻഷാസ: ഈ വർഷത്തെ ആദ്യ രണ്ട് മാസങ്ങളിൽ കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡി.ആർ.സി) കുട്ടികൾക്കെതിരായ വ്യാപകമായ ലൈംഗീകാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ അപലപിച്ച് ഐക്യരാഷ്ട്രസഭ. എം23 സായുധ സംഘവും സർക്കാർ സേനയും തമ്മിലുള്ള സംഘർഷം വർധിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നത്.
ഡി.ആർ.സിയിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ നിരക്ക് ഇതിന് മുമ്പ് ഒരിക്കലും ഇത്രയും ഉയർന്നിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ ഏജൻസിയായ യുണിസെഫിന്റെ വക്താവ് ജെയിംസ് എൽഡർ പറഞ്ഞു.
‘ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട ഏകദേശം 10,000 ബലാത്സംഗ, ലൈംഗിക അതിക്രമ കേസുകളിൽ 35 മുതൽ 45 ശതമാനം വരെ അതിക്രമിക്കപ്പെട്ടത് കുട്ടികളാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രാഥമിക ഡാറ്റയുടെ അടിസ്ഥാനത്തിൽ കിഴക്കൻ ഡി.ആർ.സിയിലെ സംഘർഷത്തിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിൽ, ഓരോ അര മണിക്കൂറിലും ഒരു കുട്ടി വീതം ബലാത്സംഗം ചെയ്യപ്പെട്ടു,’ അദ്ദേഹം ജനീവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംഘർങ്ങൾക്ക് പിന്നാലെ കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ സമീപകാലത്തുണ്ടായ വർധനവ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് എൽഡർ മുന്നറിയിപ്പ് നൽകി.
‘ഇത് യുദ്ധത്തിന്റെ ഒരു ആയുധവും ഭീകരതയുടെ ബോധപൂർവമായ തന്ത്രവുമാണ്. അത് കുടുംബങ്ങളെയും സമൂഹങ്ങളെയും നശിപ്പിക്കുന്നു. കുഞ്ഞുങ്ങളിൽ ഭയം, അരക്ഷിതാവസ്ഥ എന്നിവയുണ്ടാക്കുകയാണ്. മറഞ്ഞിരിക്കുന്ന മഞ്ഞുമലയുടെ അഗ്രം മാത്രമായിരിക്കാം നമ്മൾ അറിയുന്നത്. ഇതിനെതിരെ പ്രതിരോധ മാർഗങ്ങൾ നടത്തണം. അതിജീവിതരുടെ പുനരധിവാസവും നടപ്പാക്കണം.’ അദ്ദേഹം പറഞ്ഞു.
Content Highlight: ‘Child was raped every half an hour’ in two months in eastern DR Congo: UN