Advertisement
World News
ഗസയില്‍ ആക്രമണം തുടരുകയല്ലാതെ ഇസ്രഈലിന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് നെതന്യാഹു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 20, 04:01 am
Sunday, 20th April 2025, 9:31 am

ടെല്‍ അവീവ്: ഗസയില്‍ യുദ്ധം തുടരുകയല്ലാതെ ഇസ്രഈലിന്‌ മറ്റ് മാര്‍ഗമങ്ങളില്ലെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗസയില്‍ നിന്ന് ഹമാസിനെ ഇല്ലാതാക്കുന്നത് വരെ യുദ്ധം അവസാനിപ്പിക്കില്ലെന്നും നെതന്യാഹു പറഞ്ഞു.

ഇസ്രഈലില്‍ നെതന്യാഹുവിനെതിരെ ബന്ദികളെ മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനും പ്രതിഷേധം ശക്തമാകുന്നതിനിടയാണ് യുദ്ധം അവസാനിപ്പിക്കില്ല എന്ന് നെതന്യാഹു ഇന്നലെ (ശനിയാഴ്ച്ച) വീണ്ടും പ്രഖ്യാപിച്ചത്. ഇറാന് ഒരിക്കലും ആണവായുധം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്ന കാര്യവും നെതന്യാഹു ആവര്‍ത്തിച്ചു.

ബന്ദികളുടെ കുടുംബങ്ങള്‍ക്ക് പുറമെ കഴിഞ്ഞ മാസം ഇസ്രഈല്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് യുദ്ധം പുനരാരംഭിച്ചതിനെ ചോദ്യം ചെയ്ത് വിരമിച്ച ഇസ്രഈലി സൈനികരും റിസര്‍വ് സൈനികരും രംഗത്ത് വന്നിരുന്നു. ഇവര്‍ക്ക് പുറമെ ഗസയിലെ യുദ്ധം അവസാനിപ്പിച്ചിട്ടാണെങ്കിലും ബന്ദികളെ മോചിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇസ്രഈല്‍ യുദ്ധവിമാന പൈലറ്റുമാര്‍ നെതന്യാഹുവിന് കത്തെഴുതിയിരുന്നു. 980 പൈലറ്റുമാര്‍ ഒപ്പുവെച്ച തുറന്ന കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രഈല്‍ വീണ്ടും ആരംഭിച്ച യുദ്ധം സുരക്ഷക്ക് വേണ്ടിയുള്ളതല്ലെന്നും വ്യക്തിപരമായ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം.

അതേസമയം വെടിനിര്‍ത്തലിനായി പകുതി ബന്ദികളെ മോചിപ്പിക്കാനുള്ള ഇസ്രഈലിന്റെ ഏറ്റവും പുതിയ നിര്‍ദേശം ഹമാസ് നിരസിച്ചതായും നെതന്യാഹു തന്റെ പ്രസ്താവനയില്‍ അവകാശപ്പെട്ടിട്ടുണ്ട്.

48 മണിക്കൂറിനുള്ളില്‍ 90 ലധികം പേരെ കൊലപ്പെടുത്തിയ ഇസ്രഈലിന്റെ ആക്രമണങ്ങള്‍ക്ക് ശേഷമാണ് നെതന്യാഹുവിന്റെ പ്രസ്താവന പുറത്ത് വന്നതെന്ന് ഗസ ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ബന്ദികളെ മോചിപ്പിക്കാനും നിരായുധരാക്കാനും ഹമാസിനെതിരെ സമ്മര്‍ദം ചെലുത്തുന്നതിനായി ഇസ്രഈല്‍ സൈന്യം ആക്രമണം വര്‍ധിപ്പിച്ചിരിക്കുകയാണ്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഗസയിലുടനീളം ആക്രമണം ശക്തമാക്കുമെന്നും പ്രദേശങ്ങള്‍ കീഴടക്കി സുരക്ഷാ മേഖലകള്‍ കൈവശപ്പെടുത്തുമെന്നും ഇസ്രഈല്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുദ്ധം അവസാനിപ്പിക്കില്ലെന്ന നെതന്യാഹുവിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്.

കഴിഞ്ഞ ആറ് ആഴ്ചയായി ഇസ്രഈല്‍ ഗസ ഉപരോധിക്കുകയും ഭക്ഷണവും മറ്റ് സാധനങ്ങളും ഗസയിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര നിയമപ്രകാരം മാനുഷിക സഹായം അനുവദിക്കാന്‍ ഇസ്രഈലിന് ബാധ്യതയുണ്ടെന്ന് യു.എന്‍ പ്രതിനിധി പറഞ്ഞു.

ഗസയിലെ അഞ്ച് വയസിന് താഴെയുള്ള 60,000ത്തിലധികം കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. മിക്ക ആളുകളും ഒരു ദിവസം ഒരു നേരം കഷ്ടിച്ച് മാത്രമേ ഭക്ഷണം കഴിക്കുന്നുള്ളൂവെന്നും യു.എന്‍ പ്രതിനിധികള്‍ കൂട്ടിച്ചേര്‍ത്തു.

ലോകാരോഗ്യ സംഘടനയുടെ കിഴക്കന്‍ മെഡിറ്ററേനിയന്‍ ഓഫീസ് മേധാവി ഡോ. ഹനാന്‍ ബാല്‍ഖി, ഇസ്രഈലിലെ പുതിയ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കബിയോട്, മരുന്നുകളും മറ്റ് സഹായങ്ങളും ഗസയിലേക്ക് എത്തിക്കുന്നതിന് ഉപരോധം പിന്‍വലിക്കാന്‍ ഇസ്രഈലിനെ പ്രേരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlight: Netanyahu says Israel has no choice but to continue attacking Gaza