Kerala News
ദുബായിലെ കമ്പനി കേന്ദ്രമന്ത്രിയുടെ ബന്ധുവിന്റെയാണെന്ന് വിശ്വസിപ്പിച്ച് വിസ തട്ടിപ്പ്; ബി.ജെ.പി നേതാവിനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 20, 03:02 am
Sunday, 20th April 2025, 8:32 am

കൊച്ചി: വിസ തട്ടിപ്പില്‍ ബി.ജെ.പി നേതാവിനും സഹായിക്കുമെതിരെ കേസെടുത്ത് പൊലീസ്. ബി.ജെ.പി എറണാകുളം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് മനോജ് മനക്കേക്കര, കൊല്ലം സ്വദേശിനി സിനി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കുന്നത്തുനാട് പൊലീസിന്റേതാണ് നടപടി.

വിസ തട്ടിപ്പ് നടത്തി പണം തട്ടിയെന്ന വെമ്പിള്ളി സ്വദേശി രഞ്ജിത് കൃഷ്ണന്റെ പരാതിയിലാണ് കേസ്. ദുബായിലെ എ വണ്‍ റൈസ് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് കമ്പളിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

ദുബായിലെ കമ്പനി ഒരു കേന്ദ്ര മന്ത്രിയുടെ ബന്ധുവിന്റെയാണെന്നും സിനി ഇവരുമായി ബന്ധമുള്ള വ്യക്തിയാണെന്നുമാണ് മനോജ് പരാതിക്കാരനോട് പറഞ്ഞിരുന്നത്.

സിനിയുടെ കൊല്ലം തൃക്കോവില്‍വട്ടത്തുള്ള കനാറ ബാങ്കിലെ അക്കൗണ്ടിലേക്കാണ് രഞ്ജിത് കൃഷ്ണന്‍ പണം കൈമാറിയത്. പരാതിക്കാരന്റെ പിതാവിന്റെ എല്‍.എ.സി നിക്ഷേപത്തിലെ രണ്ടുലക്ഷം രൂപയാണ് ബി.ജെ.പി നേതാവും സഹായിയും ചേര്‍ന്ന് തട്ടിയത്.

സമാനമായി നിരവധി ആളുകള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. ഏകദേശം ഒരു വര്‍ഷം മുമ്പ് തുടങ്ങിയ തട്ടിപ്പില്‍ ബി.ജെ.പി നേതാവാണ് ആളുകളില്‍ നിന്ന് പണം കൈപ്പറ്റിയിട്ടുള്ളത്.

പണം നഷ്ടപ്പെട്ടവരില്‍ പലരും ബി.ജെ.പി പ്രവര്‍ത്തകരാണ്. അതിനാല്‍ തന്നെ ജില്ലാ നേതൃത്വത്തിനടക്കം പരാതി നല്‍കി തട്ടിപ്പ് ഒതുക്കിത്തീര്‍ക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

പലരില്‍ നിന്നുമായി 75,000 മുതല്‍ രണ്ടുലക്ഷം രൂപവരെയാണ് പ്രതികള്‍ കൈപ്പറ്റിയിട്ടുള്ളത്. പണം നഷ്ടപ്പെട്ടവര്‍ റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു. ഈ പരാതികള്‍ എസ്.പി സ്റ്റേഷനുകളിലേക്ക് കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗമായിരുന്ന മനോജ് മനക്കേക്കരയെ കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റായി നാമനിര്‍ദേശം ചെയ്തത്.

Content Highlight: Visa fraud by making a company in Dubai belong to a Union Minister’s relative; Case filed against BJP leader