Entertainment
'ആന്റി വേഷം ചെയ്യുന്നതിനേക്കാള്‍ നല്ലതല്ലേ'; ആ നടിയുടെ മെസേജ് എന്നെ വേദനിപ്പിച്ചു: സിമ്രാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 20, 02:45 am
Sunday, 20th April 2025, 8:15 am

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു നടിയാണ് സിമ്രാന്‍. പ്രധാനമായും തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ പ്രവര്‍ത്തിക്കുന്ന സിമ്രാന്‍ മലയാളം, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

ഹിന്ദി ചിത്രമായ സനം ഹര്‍ജായി എന്ന ചിത്രത്തിലുടെയാണ് നടി തന്റെ അഭിനയ ജീവിതം തുടങ്ങിയത്. എന്നാല്‍ അത് പരാജയമായിരുന്നു. പിന്നീടാണ് മലയാളത്തില്‍ മമ്മൂട്ടി നായകനായ ഇന്ദ്രപ്രസ്ഥം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്.

എന്നാല്‍ സിമ്രാന്‍ ശ്രദ്ധേയയാകുന്നത് തമിഴ് ചിത്രങ്ങളിലൂടെയാണ്. 1998 മുതല്‍ 2004 വരെ തമിഴില്‍ ഒരു മുന്‍നിര നടിയായിരുന്ന സിമ്രാന്‍ അക്കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന നടിമാരില്‍ ഒരാളായിരുന്നു.

ഈയിടെ തനിക്ക് മറ്റൊരു നടിയില്‍ നിന്നുണ്ടായ വേദനിപ്പിക്കുന്ന അനുഭവം പങ്കുവെക്കുകയാണ് സിമ്രാന്‍. ജെ.എഫ്.ഡബ്ല്യു മൂവി അവാര്‍ഡ് 2025ല്‍ സംസാരിക്കുകയായിരുന്നു നടി.

‘ഈയിടെ ഒരു സംഭവമുണ്ടായി, വളരെ അടുത്ത ദിവസങ്ങളില്‍ നടന്ന സംഭവമാണ്. ഒരു ഫീമെയില്‍ കോ-ആക്ടറില്‍ നിന്നുണ്ടായ അനുഭവമാണ് പറയുന്നത്. ഞാന്‍ അവര്‍ക്ക് ഒരു മെസേജ് അയച്ചു. ‘നിങ്ങളെ ആ റോളില്‍ കണ്ടപ്പോള്‍ ഞാന്‍ ഒരുപാട് സര്‍പ്രൈസ്ഡായി’ എന്ന് പറഞ്ഞിട്ടാണ് ഞാന്‍ മെസേജ് അയച്ചത്. ഉടനെ തന്നെ എനിക്ക് അവരില്‍ നിന്ന് മറുപടിയും വന്നു.

അവര്‍ എന്നോട് പറഞ്ഞത് ‘കുറഞ്ഞപക്ഷം ആന്റി വേഷം ചെയ്യുന്നതിനേക്കാള്‍ നല്ലത് അതാണ്’ എന്നായിരുന്നു. വളരെ ഇന്‍സെന്‍സിറ്റീവായ ഒരു മെസേജായിരുന്നു അത്. ഞാന്‍ അവരില്‍ നിന്ന് ഒരിക്കലും അത് പ്രതീക്ഷിച്ചിരുന്നില്ല. ഞാന്‍ എന്റെ അഭിപ്രായമായിരുന്നു അവരോട് പറഞ്ഞത്.

എനിക്ക് പറയാന്‍ നല്ല ഉത്തരം കിട്ടുമായിരുന്നുവെന്ന് പിന്നീട് തോന്നി. ആന്റി റോളും മെയിന്‍ ആന്റി റോളും 25 വയസുള്ള കുട്ടിയുടെ അമ്മ വേഷവുമൊക്കെ ചെയ്യുന്നത് നല്ലതാണ്. അത് ഞാന്‍ കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന സിനിമയില്‍ ചെയ്തതാണ്.

നമ്മളെല്ലാവരും എപ്പോഴും ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ ആത്മവിശ്വാസം പുലര്‍ത്തണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഈ മെസേജിന്റെ സംഭവം രണ്ടുമൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് നടന്നത്. അതുകൊണ്ടാണ് ഞാനത് ഇവിടെ പറയാന്‍ ആഗ്രഹിച്ചത്.

കാരണം അത് എന്നെ ഒരുപാട് വേദനിപ്പിച്ചു. ഞാന്‍ ഒരിക്കലും അത്തരം വാക്കുകള്‍ അര്‍ഹിക്കുന്നില്ല. ഞാന്‍ ആന്റിയുടെയോ അമ്മയുടെയോ റോളുകള്‍ ചെയ്താല്‍, അത് എന്റെ ചോയ്‌സാണ്,’ സിമ്രാന്‍ പറയുന്നു.


Content Highlight: Simran Talks About Co-Actress Reply That Hurt Her