national news
വഖഫ് നിയമം പിന്‍വലിക്കണം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകും; മണിപ്പൂരില്‍ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 12, 03:32 am
Saturday, 12th April 2025, 9:02 am

ഇംഫാല്‍: വഖഫ് നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മണിപ്പൂരില്‍ പ്രതിഷേധിച്ച് ആയിരത്തോളം മെയ്തി പങ്കലുകള്‍. ഇംഫാല്‍ ഈസ്റ്റ് പ്രദേശത്തെ ഹത്ത ഗോളപതിയിലാണ് വെള്ളിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചത്.

നിയമം ഭരണഘടനാവിരുദ്ധമാണെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാവുമെന്നും പ്രതിഷേധക്കാര്‍ ഉന്നയിച്ചു.

ഹത്ത ഗോളിപ്രദേശത്ത് നിന്നും റാലിയോടെ ആരംഭിച്ച പ്രതിഷേധം അടുത്തുള്ള മൈതാനത്തേക്ക് നീങ്ങുകയായിരുന്നു. മദ്രസ, മസ്ജിദ്, ഖബര്‍സ്ഥാന്‍ എന്നിവ സംരക്ഷിക്കുകയെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

കേന്ദ്രസര്‍ക്കാരിന്റെ വംശീയ നയങ്ങളെ തങ്ങള്‍ ശക്തമായി അപലപിക്കുന്നുവെന്നും വഖഫ് നിയമം നിരസിക്കുന്നുവെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

‘ചിലര്‍ സമൂഹത്തില്‍ വിഷം പരത്താന്‍ ശ്രമിക്കുകയാണ്. നിയമം പിന്‍വലിക്കാനാണ് അഭ്യര്‍ത്ഥിക്കുന്നത്. ഞങ്ങളുടെ അവകാശങ്ങളാണ് ആവശ്യപ്പെടുന്നത്. നിങ്ങളുടെ അവകാശങ്ങളല്ല. ഇത് വളരെ സെന്‍സിറ്റീവ് വിഷയമാണ്, അതിനാല്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക,’ പ്രതിഷേധക്കാര്‍ പറഞ്ഞു.

2025ലെ വഖഫ് നിയമം മുസ് ലിം സമൂഹത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായി ബലപ്രയോഗത്തിലൂടെ നടപ്പിലാക്കിയതാണെന്നും നിയമം ഉടന്‍ പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ഇംഫാല്‍ ഈസ്റ്റിന് പുറമെ ക്ഷേത്രിഗാവോ നിയമസഭ മണ്ഡലത്തിലും പ്രതിഷേധങ്ങള്‍ നടന്നിരുന്നു. വിഷയത്തില്‍ റിട്ട് ഹരജി നല്‍കിയതായും ഏപ്രില്‍ 16ന് കേസ് പരിഗണിക്കുമെന്നും എം.എല്‍.എ ഷെയ്ഖ് നൂറുല്‍ ഹസന്‍ പറഞ്ഞു.

നേരത്തെ വഖഫ് ബില്ലിനെ പിന്തുണച്ച മണിപ്പൂര്‍ ന്യൂനപക്ഷ മോര്‍ച്ച ബി.ജെ.പി പ്രസിഡന്റിന്റെ വീട് ജനക്കൂട്ടം തീയിട്ടിരുന്നു. നിയമത്തിന് പരസ്യമായ പിന്തുണ നല്‍കിയതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം.

Content Highlight: Waqf Act should be withdrawn; there will be serious consequences; Protest in Manipur