Advertisement
Kerala News
വേങ്ങരയില്‍ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 12, 03:54 am
Saturday, 12th April 2025, 9:24 am

മലപ്പുറം: വേങ്ങരയില്‍ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി വീരാന്‍കുട്ടിക്കെതിരെയാണ് കേസെടുത്തത്.

യുവതിയുടെ മൊഴി പ്രകാരം മലപ്പുറം വനിതാ സെല്ലാണ് കേസെടുത്തത്. സ്ത്രീധന പീഡനം, മാനസിക, ശാരീരിക പീഡനം തുടങ്ങിയ കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തി.

ഊരകം സ്വദേശിയായ യുവതിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് വീരാന്‍കുട്ടി മുത്തലാഖ് ചൊല്ലിയെന്നും മകളുമായുള്ള ബന്ധം വേര്‍പ്പെടുത്തിയെന്ന് പറയുകയായിരുന്നെന്നും കുടുംബം ഇന്നലെ (വെള്ളിയാഴ്ച) പറഞ്ഞിരുന്നു.

ഒന്നര വര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് 11 മാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്. കുഞ്ഞ് ജനിച്ചതിന് ശേഷം യുവതിയുമായോ കുഞ്ഞുമായോ യുവതിയുടെ കുടുംബവുമായോ വീരാന്‍കുട്ടി ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

യുവതിയുടെ 30 പവന്‍ സ്വര്‍ണം തിരികെ നല്‍കിയില്ലെന്നും പരാതിയുണ്ട്. വിവാഹത്തിന് ശേഷം ചില ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് യുവതി ചികിത്സയിലായിരുന്നു. ഇതിന് ശേഷം ദമ്പതികള്‍ക്ക് ഇടയില്‍ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു.

ഫോണിലൂടെ രോഗിയായ ഒരു പെണ്ണിനെയാണ് തനിക്ക് കല്യാണം കഴിച്ച് നല്‍കിയതെന്ന് പറഞ്ഞ് വീരാന്‍കുട്ടി പിതാവിനെ അധിക്ഷേപിച്ചെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

Content Highlight: Case registered in Vengara over phone triple talaq incident