IPL
ഐ.പി.എല്ലില്‍ സഞ്ജുവും പന്തും ഒന്നിച്ചിറങ്ങിയപ്പോള്‍ പിറന്ന അതേ നേട്ടം ഇന്ന് ചെന്നൈ ഓപ്പണര്‍മാര്‍ക്കും; ഇങ്ങനെ ഒരു മാച്ച് അഞ്ചാമത് മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 25, 03:43 pm
Friday, 25th April 2025, 9:13 pm

ഐ.പി.എല്‍ 2025 പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടം ചെപ്പോക് സ്‌റ്റേഡിയത്തില്‍ തുടരുകയാണ്. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താനുള്ള ശ്രമത്തിലാണ്.

ഓപ്പണിങ് കോമ്പിനേഷനിലടക്കം മാറ്റം വരുത്തിയാണ് സൂപ്പര്‍ കിങ്‌സ് സീസണിലെ ഒമ്പതാം മത്സരത്തിനിറങ്ങിയത്. ആയുഷ് മാഹ്‌ത്രെയും ഷെയ്ഖ് റഷീദുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ഷെയ്ഖ് റഷീദ് പുറത്തായെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടം ഇരുവരുടെയും പേരില്‍ കുറിക്കപ്പെട്ടിരുന്നു.

 

ഐ.പി.എല്ലില്‍ 21 വയസില്‍ താഴെയുള്ള ഓപ്പണിങ് പെയറെന്ന നേട്ടമാണ് ഷെയ്ഖ് റഷീദിന്റെയും ആയുഷ് മാഹ്‌ത്രെയുടെയും പേരില്‍ കുറിക്കപ്പെട്ടത്. റഷീദിന് 20 വയസും 213 ദിവസവും മാഹ്‌ത്രെക്ക് 17 വയസും 283 ദിവസവുമാണ് പ്രായം.

2016ല്‍ ദല്‍ഹി ഡെയര്‍ഡെവിള്‍സിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത സഞ്ജു സാംസണും റിഷബ് പന്തുമാണ് ഐ.പി.എല്‍ ചരിത്രത്തിലെ ആദ്യ അണ്ടര്‍ 21 ഓപ്പണിങ് പെയര്‍. ഇതിന് ശേഷം രണ്ട് ഓപ്പണിങ് ജോഡികളുടെ പേരിലും ഈ നേട്ടം കുറിക്കപ്പെട്ടു.

ഐ.പി.എല്‍ ചരിത്രത്തിലെ അണ്ടര്‍ 21 ഓപ്പണിങ് പെയര്‍

(താരങ്ങള്‍ – ടീം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

സഞ്ജു സാംസണ്‍ & റിഷബ് പന്ത് – ദല്‍ഹി ഡെയര്‍ഡെവിള്‍സ് – റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് – 2016

ടോം ബാന്റണ്‍ & ശുഭ്മന്‍ ഗില്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 2020

അഭിഷേക് ശര്‍മ & പ്രിയം ഗാര്‍ഗ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – മുംബൈ ഇന്ത്യന്‍സ് – 2022

അഭിഷേക് ശര്‍മ & പ്രിയം ഗാര്‍ഗ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – പഞ്ചാബ് കിങ്‌സ് – 2022

ഷെയ്ഖ് റഷീദ് & ആയുഷ് മാഹ്‌ത്രെ – ചെന്നൈ സൂപ്പര്‍ കിങ്‌സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 2025*

അതേസമയം, ബാറ്റിങ് തുടരുന്ന സൂപ്പര്‍ കിങ്‌സിന് ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ വിക്കറ്റും നഷ്ടമായിരിക്കുകയാണ്. കരിയറിലെ 400ാം ടി-20 മത്സരത്തിനിറങ്ങിയ താരം പത്ത് പന്ത് നേരിട്ട് ആറ് റണ്‍സുമായാണ് മടങ്ങിയത്. ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ അഭിഷേക് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

ആയുഷ് മാഹ്‌ത്രെ, ഷെയ്ഖ് റഷീദ്, സാം കറന്‍, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, രവീന്ദ്ര ജഡേജ, ദീപക് ഹൂഡ, എം.എസ്. ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‌റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, കാമിന്ദു മെന്‍ഡിസ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്കട്, സീഷന്‍ അന്‍സാരി, മുഹമ്മദ് ഷമി.

 

 

Content Highlight: IPL 2025: CSK vs SRH: Ayush Mhatre and Shaik Rasheed becomes the 4th under 21 opening pair in IPL history