Cricket
വീണ്ടും ഇന്ത്യന്‍ നായകനാകാന്‍ വിരാട് കോഹ്‌ലി!
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jun 26, 05:01 am
Sunday, 26th June 2022, 10:31 am

മാറ്റിവെച്ച ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂലൈ ഒന്നിന് ആരംഭിക്കുന്ന മത്സരത്തില്‍ രോഹിത് ഉണ്ടാവില്ലെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.

ക്യാപ്റ്റനില്ലാത്തത് അഞ്ചാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. ഏറ്റവും പുതിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലാണ് രോഹിത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. താരമിപ്പോള്‍ ഐസൊലേഷനിലാണ്. ലെസ്റ്റര്‍ഷെയറിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ചതുര്‍ദിന സന്നാഹ മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ അദ്ദേഹം ബാറ്റ് ചെയ്തില്ല. ഇംഗ്ലണ്ടിനെതിരെ കളി തുടങ്ങാന്‍ ആറ് ദിവസം മാത്രം ബാക്കി നില്‍ക്കെ ബര്‍മിങ്ഹാം ടെസ്റ്റില്‍ അദ്ദേഹം കളിക്കുമൊ എന്നത് ഇപ്പോള്‍ സംശയത്തിലാണ്.

എന്നാല്‍ രോഹിത് ഇല്ലാതാകുമ്പോള്‍ ഇന്ത്യയെ ആര് നയിക്കുമെന്ന ചോദ്യചിഹ്നം നിലനില്‍ക്കുകയാണ്. വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ നേരത്തെ തന്നെ പരിക്ക് കാരണം പരമ്പരയില്‍ നിന്നും പുറത്തായിരുന്നു. ഇപ്പോഴിതാ ക്യാപ്റ്റന്‍ രോഹിത്തുമില്ല.

മുന്‍ വൈസ് ക്യാപ്റ്റനായിരുന്ന അജിന്‍ക്യ രഹാനെ ടീമില്‍ ഇല്ലാത്ത സാഹചര്യത്തില്‍ മുന്‍ ക്യാപ്റ്റന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയോ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തൊ ആയിരിക്കും ടീമിനെ നയിക്കുക.

ഈയിടെ സമാപിച്ച ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയില്‍ ഇന്ത്യയെ നയിച്ചത് പന്തായിരുന്നു. സീനിയര്‍ താരങ്ങള്‍ വിട്ടുനിന്ന പരമ്പരയില്‍ രാഹുലിനെയായിരുന്നു നായകനായി പ്രഖ്യാപിച്ചത് എന്നാല്‍ താരം പരിക്കേറ്റ് പുറത്തായതോടെ പന്തിന് നറുക്ക് വീഴുകയായിരുന്നു.

എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പന്തിനെ നായകസ്ഥാനം ഏല്‍പ്പിക്കാറായിട്ടില്ലെന്നാണ് വിലയിരുത്തലുകള്‍. ഇംഗ്ലണ്ടിനെ പോലെയൊരു ടീമിനെ നേരിടുമ്പോള്‍ എക്‌സ്പീരിയന്‍സുള്ള നായകനെ ഇന്ത്യക്ക് ആവ്ശ്യമാണ്. ഈ ഒരു സാഹചര്യത്തില്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഇന്ത്യയുടെ ക്യാപ്റ്റനാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഈ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. നിലവില്‍ പരമ്പരയില്‍ 2-1 എന്ന നിലയില്‍ മുമ്പിലാണ് ഇന്ത്യ. അവസാന മത്സരത്തില്‍ വിജയിച്ചാല്‍ 2007ന് ശേഷം ആദ്യമായി ഇംഗ്ലണ്ടില്‍ ഇന്ത്യക്ക് പരമ്പര നേടാം.

രോഹിത്തെന്ന നായകന് മുകളില്‍ താരത്തിന്റെ ബാറ്റിങ്ങായിരിക്കും ഇന്ത്യ മിസ് ചെയ്യുക. ഈ പരമ്പരയില്‍ ഇതുവരെ 52.57 ശരാശരിയില്‍ 368 റണ്‍സാണ് താരം നേടിയിട്ടുള്ളത്.

ഞായറാഴ്ച പുലര്‍ച്ചെ ഒരു ഔദ്യോഗിക പത്രക്കുറിപ്പിലായിരുന്നു ബി.സി.സി.ഐ രോഹിത്തിന്റെ കൊവിഡ് വാര്‍ത്ത പുറത്തുവിട്ടത്. നിലവില്‍ ബി.സി.സി.ഐ.യുടെ മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹത്തെ ടീം ഹോട്ടലില്‍ ഐസൊലേറ്റ് ചെയ്തിരിക്കുന്നത്.

Content Highlights: Virat Kohli will be captain of Indian team as Rohit Sharma tested positive for covid