'സഞ്ജു നമ്പര്‍ നോക്കി ഉറപ്പിച്ചു, ഇത് വിരാട് കോഹ്‌ലിയാണ്'; ആര്‍.സി.ബിയിലേക്ക് സെലക്ഷന്‍ ലഭിച്ചയുടന്‍ കോഹ്‌ലിയുടെ മെസേജ് ലഭിച്ചുവെന്ന് മുഹമ്മദ് അസ്ഹറുദ്ദീന്‍
മുംബൈ: ഐ.പി.എല്‍ താരലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലെടുത്തയുടനെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തനിക്ക് മെസേജ് അയച്ചുവെന്ന് മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അസഹ്‌റുദ്ദീന്റെ പ്രതികരണം.
വിജയ് ഹസാരെ ടൂര്‍ണ്ണമെന്റിനിടെയായിരുന്നു ഐ.പി.എല്‍ താരലേലം.
‘ഞാനും സഞ്ജു സാംസണും നിധീഷും ഒരുമിച്ചായിരുന്നു ലേലം കണ്ടിരുന്നത്. എന്റെ മുഖത്തെ ടെന്‍ഷന്‍ കണ്ടപ്പോള്‍ നിനക്ക് എന്തായാലും സെലക്ഷന്‍ ലഭിക്കുമെന്ന് സഞ്ജു പറയുന്നുണ്ടായിരുന്നു’, അസഹ്‌റുദ്ദീന്‍ പറഞ്ഞു.
തന്നെ ടീമിലെടുത്തപ്പോള്‍ സഞ്ജുവടക്കമുള്ള സഹതാരങ്ങള്‍ വലിയ രീതിയില്‍ ആഘോഷിച്ചുവെന്നും അസഹ്‌റുദ്ദീന്‍ പറഞ്ഞു.
‘അതിന് ശേഷം ഞാന്‍ റൂമിലേക്ക് പോയി. ഉടന്‍ എനിക്കൊരു മെസേജ് വന്നു. ആര്‍.സി.ബിയിലേക്ക് സ്വാഗതം അസ്ഹര്‍, ഇത് വിരാടാണ്. ഉടന്‍ നേരില്‍ കാണാമെന്ന് പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു മെസേജ്. ഉടന്‍ താന്‍ ഫോണുമായി സഞ്ജുവിന്റെ അടുത്തേക്ക് പോയെന്നും സഞ്ജു നമ്പര്‍ പരിശോധിച്ച് വിരാടാണെന്ന് ഉറപ്പിച്ചെന്നും അസഹ്‌റുദ്ദീന്‍ പറഞ്ഞു.
ഉടന്‍ തന്നെ താന്‍ വിരാടിന് മറുപടിയായി നന്ദി പറഞ്ഞെന്നും താരം കൂട്ടിച്ചേര്‍ത്തു.
സയ്യിദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റില്‍ കേരളത്തിനായി വെടിക്കെട്ട് സെഞ്ച്വറി നേടിയതോടെയാണ് അസ്ഹര്‍ ശ്രദ്ധിക്കപ്പെടുന്നത്. അടിസ്ഥാനവിലയായ 20 ലക്ഷം രൂപയ്ക്കാണ് അസ്ഹറിനെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക