അവനെ ബി.സി.സി.ഐയില്‍ നിന്നും ചവിട്ടി പുറത്താക്കുകയും ചെയ്തു, ഞങ്ങളുടെ വിരാട് തിരിച്ചുവരികയും ചെയ്തു; 'കോഹ്‌ലിയെ കാണാത്ത' ഗാംഗുലിയെ ക്രൂശിച്ച് സോഷ്യല്‍ മീഡിയ
ടി-20 ലോകകപ്പില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിന് പല കോണുകളില്‍ നിന്നും പ്രശംസകള്‍ ലഭിച്ചിരുന്നു. ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ പ്രകടനമായിരുന്നു എല്ലാവരേയും ഒരുപോലെ ആകര്‍ഷിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത ഘടകം.
ഒക്ടോബര്‍ 23ന് സ്‌പോര്‍ട് ലോകത്തിലെ തന്നെ പ്രധാന ചര്‍ച്ച വിരാട് കോഹ്‌ലിയായിരുന്നു. തോല്‍വിയുറപ്പിച്ചിടത്ത് നിന്നുമാണ് വിരാട് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
മികച്ച ഇന്നിങ്‌സിനൊപ്പം താരത്തിന്റെ മനസാന്നിധ്യവും ഇന്ത്യക്ക് തുണയായപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ തോല്‍വിക്ക് പകരം വീട്ടാനും ഇന്ത്യക്കായി.
ഇന്ത്യന്‍ ജയത്തിന്റെ അടിസ്ഥാനമായ വിരാടിനെ ഒരു ട്വീറ്റ് കൊണ്ട് പോലും ഗാംഗുലി അഭിനന്ദിച്ചിരുന്നില്ല. ഇന്ത്യയുടെ വിജയത്തിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു ഗാംഗുലി ട്വീറ്റ് ചെയ്തത്.
Congratulations to the team for a fantastic win and a great start to the world cup @bcci
കോഹ്‌ലിയെ പരാമര്‍ശിക്കാതെയുള്ള താരത്തിന്റെ ട്വീറ്റിന് പിന്നാലെ വന്‍ വിമര്‍ശനങ്ങളും ഉടലെടുത്തിരുന്നു. വിരാട് ആരാധകര്‍ തന്നെയാണ് ഇതില്‍ ഏറ്റവുമധികം കലിപ്പായതും.
എന്നാല്‍ ഇതൊരു അവസരമായി എടുക്കാനായിരുന്നു വിരാട് ആരാധകരുടെ തീരുമാനം. ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്ത് നിന്നും ഗാംഗുലിയെ തുടരാന്‍ അനുവദിക്കാതെ പുറത്താക്കിയതിന്റെ പശ്ചാത്തലത്തില്‍ ആരാധകര്‍ ഗാംഗുലിയെ സോഷ്യല്‍ മീഡിയയില്‍ നിര്‍ത്തിപ്പൊരിക്കുകയായിരുന്നു.
പാകിസ്ഥാനെതിരായ മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു കോഹ്‌ലി നടത്തിയത്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ അവസാന രണ്ട് ഓവറിലായിരുന്നു വിരാട് കളി മാറ്റി മറിച്ചത്.
19ാം ഓവറില്‍ ഹാരിസ് റൗഫിനെ തുടരെ തുടരെ സിക്‌സറിന് പറത്തിയ വിരാട് അവസാന ഓവറില്‍ ഇന്ത്യയുടെ വിജയം ഉറപ്പാക്കുകയായിരുന്നു.