national news
ഹോളി ആഘോഷത്തിനിടെ വിദേശ വനിതക്കെതിരെ യുവാക്കളുടെ അക്രമം; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 10, 02:35 pm
Friday, 10th March 2023, 8:05 pm

ന്യൂദല്‍ഹി: ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയായ ടൂറിസ്റ്റിനെ ഒരു കൂട്ടം യുവാക്കള്‍ ഉപദ്രവിച്ച സംഭവത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം. ബുധനാഴ്ച ന്യൂദല്‍ഹിയിലെ പഹാര്‍ഗഞ്ച് മേഖലയിലെ ഹോളി ആഘോഷത്തിനിടെയാണ് ടൂറിസ്റ്റായ യുവതിയെ ആറംഗ സംഘം ഉപദ്രവിച്ചത്. ഇതുസംബന്ധിച്ച ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്.

യുവതിയെ ബലമായി പിടിച്ച് അവരുടെ ദേഹത്ത് കൈവെക്കുന്നതും നിറങ്ങള്‍ തേക്കുന്നതുമാണ് വീഡിയോയിലുള്ളത്. ‘ഹാപ്പി ഹോളി’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് യുവതിയെ അവരുടെ സമ്മതമില്ലാതെ തൊട്ടുരുമ്മുന്നതും മുടിയില്‍ പിടിച്ചുവലിക്കുന്നതും അക്രമികളിലൊരാള്‍ തലയില്‍വെച്ച് മുട്ട പൊട്ടിക്കുന്നതും വീഡിയോയിലുണ്ട്.
ഇതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ‘ബൈ-ബൈ’ പറയുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം.

 

 

 

സംഭവത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. രണ്ട് വര്‍ഷം മുമ്പ് സമാനമായ രീതിയില്‍ ദുരനുഭവം നേരിട്ട വിദേശ വനിതയുടെ സംഭവം ഓര്‍മിപ്പിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈര്‍ വിഷയത്തില്‍ പ്രതികരിച്ചത്.

സംഭവം ലജ്ജാകരമായ പെരുമാറ്റമാണെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ ദല്‍ഹി പോലീസിന് നിര്‍ദേശം നല്‍കിയതായും ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു.

 

അതേസമയം, സംഭവത്തെക്കുറിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും വീഡിയോയുടെ പശ്ചാത്തലത്തില്‍ സ്വമേധയാ നടപടിയെടുക്കുമെന്ന് ദല്‍ഹി പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. യുവതിയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ജാപ്പനീസ് എംബസിക്ക് മെയില്‍ അയച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.