Kerala News
എമ്പുരാന്‍ വെറും എമ്പോക്കിത്തരം, പേക്കൂത്ത്; എമ്പുരാനെതിരെ ബി.ജെ.പി നേതാവ് ആര്‍.ശ്രീലേഖ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 08, 06:56 am
Tuesday, 8th April 2025, 12:26 pm

കോഴിക്കോട്: എമ്പുരാനെതിരെ വിമര്‍ശനവുമായി മുന്‍ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ആര്‍.ശ്രീലേഖ.  എമ്പുരാന്‍ സിനിമ കേന്ദ്ര സര്‍ക്കാരിനെ കരിവാരി തേക്കുകയാണെന്നും പേക്കൂത്താണെന്നും ചരിത്രത്തെ വളച്ചൊടിക്കുന്ന കോപ്രായമാണെന്നും ബി.ജെ.പി നേതാവ് ആര്‍.ശ്രീലേഖ ആരോപിച്ചു.

എമ്പുരാന്‍ പറയാന്‍ ഉദ്ദേശിക്കുന്ന സന്ദേശം യാദൃശ്ചികമായി വന്നതല്ലെന്നും രാഷ്ട്രീയ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയുള്ളതാണെന്നും ശ്രീലേഖ പറഞ്ഞു. കേരളത്തിനകത്തേക്ക് കാവി അല്ലെങ്കില്‍ ബി.ജെ.പി കടക്കാന്‍ പാടില്ലെന്നും കടന്ന് കഴിഞ്ഞാല്‍ കേരളം നശിക്കുമെന്നുമാണ്ചിത്രം പറയുന്നതെന്നും ശ്രീലേഖ പറഞ്ഞു.

കാവി കേരളത്തിന് അപകടം പിടിച്ചതാണെന്നാണ് സിനിമയില്‍ മുഴുവന്‍ കാണിക്കുന്നതെന്നും ഇങ്ങനൊന്ന് വരാന്‍ പാടില്ലെന്നാണ് അവര്‍ പറയുന്നതെന്നും ശ്രീലേഖ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

എമ്പുരാന്‍ സമൂഹത്തിന് വളരെ മോശം സന്ദേശം നല്‍കുന്ന സിനിമയാണെന്നും നിറയെ കൊലപാതകങ്ങളും വയലന്‍സാണെന്നും കണ്ടുകൊണ്ടിരിക്കുമ്പോള്‍ തിയേറ്ററില്‍ നിന്നും ഇറങ്ങി പോരാന്‍ തോന്നിയിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു.

മാര്‍ക്കോയെ വിമര്‍ശിച്ചത് പോലെ വയലന്‍സിന്റെ പേരില്‍ ആരും എമ്പുരാനെ വിമര്‍ശിച്ചില്ലെന്നും അവര്‍ പറഞ്ഞു. പൃഥ്വിരാജ് നല്ല നടനാണെന്ന വിശ്വാസവും ലൂസിഫര്‍ മോശമില്ലാത്ത സിനിമയായത് കൊണ്ടുമാണ് എമ്പുരാന്‍ കാണാന്‍ പോയതെന്നും ശ്രീലേഖ പറഞ്ഞു.

Content Highlight: Empuran is just a joke, a hoax; BJP leader R. Sreelekha against Empuran