World News
മ്യാന്‍മര്‍ ഭൂകമ്പത്തില്‍ മരണസംഖ്യ 3400 കവിഞ്ഞു; ദുഷ്‌ക്കരമായ കാലാവസ്ഥയിലും രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 08, 05:48 am
Tuesday, 8th April 2025, 11:18 am

നേപ്യഡോ: മ്യാന്‍മര്‍ ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 3471 ആയതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രതയുള്ള ഭൂകമ്പമായിരുന്നു മ്യാന്‍മറിലുണ്ടായത്.

ശക്തമായ മഴ മ്യാന്‍മറിലെ രക്ഷാപ്രവര്‍ത്തനത്തെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ബാധിച്ചതായും റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മരണസംഖ്യ ഉയര്‍ന്നതായി റിപ്പോര്‍ട്ട് വന്നത്.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ മണ്ടാലെയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ ജനങ്ങളെ താമസിപ്പിച്ചിരുന്ന അഭയകേന്ദ്രത്തിനും കേടുപാടുകള്‍ സംഭവിച്ചിരുന്നുവെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

അതേസമയം ഭൂകമ്പത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനിടയിലുണ്ടാവുന്ന കാലാവസ്ഥ വ്യതിയാനം കോളറ പോലുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യയുണ്ടെന്നും ദുരിതാശ്വാസ ഏജന്‍സികള്‍ ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. കാണാതായവരെ കണ്ടെത്താനായി തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളുടെ ഇടയിലെല്ലാം തെരച്ചില്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

28/03/25 വെള്ളിയാഴ്ച 12 മണിയോടെയാണ് മ്യാന്മറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയ്ക്ക് സമീപം റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഏകദേശം 11 മിനിറ്റിനുശേഷം, റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ തുടര്‍ചലനവും ഉണ്ടായി. 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി (എന്‍.സി.എസ്) സ്ഥിരീകരിച്ചു.

ഇന്ത്യ, ഫ്രാന്‍സ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ മ്യാന്‍മറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആഭ്യന്തരയുദ്ധം തുടരുന്ന സാഹചര്യത്തില്‍ ദുരന്തബാധിത പ്രദേശത്തെത്താന്‍ പല രാജ്യങ്ങളും മടിക്കുന്നുവെന്നും ഇത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നുവെന്നും റിപ്പോര്‍ട്ടുകളും വന്നിരുന്നു.

Content Highlight: Myanmar earthquake death toll passes 3,400; rescue efforts continue despite inclement weather