national news
നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവെച്ച തമിഴ്‌നാട് ഗവർണറുടെ നടപടി നിയമവിരുദ്ധം: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 08, 05:42 am
Tuesday, 8th April 2025, 11:12 am

ചെന്നൈ: നിയമസഭാ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവെച്ച തമിഴ്‌നാട് ഗവർണർ ആര്‍. എന്‍. രവിയുടെ നടപടി നിയമവിരുദ്ധമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ജെ. ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

തമിഴ്‌നാട്ടിലെ സംസ്ഥാന സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനങ്ങളുമായി ബന്ധപ്പെട്ട 12 ബില്ലുകൾ, 2020 ജനുവരി മുതൽ 2023 ഏപ്രിൽ വരെയുള്ള കാലയളവിൽ ഗവർണറുടെ സമ്മതത്തിനായി സംസ്ഥാന നിയമസഭ അയച്ചിരുന്നു.

എന്നാൽ ഗവർണർ അവ പാസാക്കാതെ വൈകിപ്പിച്ചു. ഒടുവിൽ, 2023 നവംബറിൽ ഗവർണറുടെ നിഷ്‌ക്രിയത്വത്തിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചു. പിന്നാലെ ഗവർണർ രണ്ട് ബില്ലുകൾ രാഷ്ട്രപതിക്ക് റഫർ ചെയ്യുകയും ശേഷിക്കുന്ന 10 ബില്ലുകൾ പാസാക്കുന്നത് തടയുകയും ചെയ്തു.

ദിവസങ്ങൾക്കുള്ളിൽ സംസ്ഥാന നിയമസഭ പ്രത്യേക സമ്മേളനത്തിൽ 10 ബില്ലുകൾ വീണ്ടും പാസാക്കുകയും ഗവർണറുടെ അംഗീകാരത്തിനായി വീണ്ടും അയയ്ക്കുകയും ചെയ്തു. ആർട്ടിക്കിൾ 200ലെ ആദ്യ വ്യവസ്ഥ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ വാദിച്ചു. പിന്നാലെ ഗവർണർ 10 ബില്ലുകളും രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി റഫർ ചെയ്തു. തുടർന്ന് രാഷ്ട്രപതി ഒരു ബില്ലിന് അംഗീകാരം നൽകി. ഏഴ് ബില്ലുകൾ നിരസിക്കുകയും ചെയ്തു.

തമിഴ്‌നാട് സംസ്ഥാന നിയമസഭയുടെ പുനപരിശോധനയ്ക്ക് ശേഷവും, 2023 നവംബർ 28ന് ഗവർണർ 10 ബില്ലുകൾ തടഞ്ഞുവെക്കുകയും രാഷ്ട്രപതിക്ക് അയക്കുകയും ചെയ്തത് ഭരണഘടനയുടെ 200-ാം അനുച്ഛേദത്തിന് വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചു.

രാഷ്ട്രപതിയുടെ അധികാരമില്ല ഗവർണർക്കുള്ളതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചിരുന്നു. രാഷ്ട്രപതിക്കുള്ള വീറ്റോ അധികാരം ഗവർണർക്കില്ലെന്നും സുപ്രീം കോടതി പറഞ്ഞു.  ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ഭരണഘടന നിലവില്‍ വന്ന ശേഷം ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ലെന്നും സുപ്രീം കോടതി വിമര്‍ശിച്ചു.

പ്രസ്തുത പത്ത് ബില്ലുകളിന്മേൽ രാഷ്ട്രപതി സ്വീകരിച്ചേക്കാവുന്ന ഏതൊരു നടപടികളും നിയമവിരുദ്ധമാണെന്നും സുപ്രീം കോടതി പ്രഖ്യാപിച്ചു. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവർണർക്ക് മുന്നില്‍ മൂന്ന് സാധ്യത മാത്രമാണുള്ളത്. അംഗീകാരം നല്‍കാം, തടഞ്ഞുവെയ്ക്കാം, അല്ലെങ്കിൽ രാഷ്ട്രപതിക്ക് കൈമാറാം. ഇതിലൊന്ന് ചെയ്ത ശേഷം രാഷ്ട്രപതിക്ക് ബില്‍ കൈമാറാനാവില്ല. ഗവര്‍ണര്‍ക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാനുമാവില്ല. ഭരണഘടനാ അനുസൃതമായി മാത്രമേ തീരുമാനമെടുക്കാനാകുകയുള്ളു എന്നും സുപ്രീം കോടതി പറഞ്ഞു.

തമിഴ്‌നാട് ഗവർണർ ആര്‍. എന്‍. രവി

ഗവർണർ സത്യസന്ധമായി പ്രവർത്തിച്ചിട്ടില്ലെന്ന് ജസ്റ്റിസുമാരായ ജെ. ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചുകൊടുത്തത് ഗവർണർ തന്നെയായിരുന്നു. വളരെക്കാലം ഗവർണർ തന്നെ അവ പരിഗണിച്ചിരുന്നു. പഞ്ചാബ് ഗവർണറുടെ കേസിൽ സുപ്രീം കോടതിയുടെ വിധി വന്നതിന് തൊട്ടുപിന്നാലെയാണ് ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചത്. ഗവർണർമാർക്ക് ബില്ലുകൾ വീറ്റോ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.

ആർട്ടിക്കിൾ 200 പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിക്കുമ്പോൾ ഗവർണർ മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ച് പ്രവർത്തിക്കണമെന്ന് കോടതി വിധിച്ചു.

തുടർന്ന് സംസ്ഥാന നിയമസഭയുടെ പുനപരിശോധനയ്ക്ക് ശേഷം രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി ബില്ലുകൾ അയച്ചത് ആർട്ടിക്കിൾ 200 പ്രകാരം നിർദ്ദേശിച്ചിരിക്കുന്ന നടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്നും അത് നിയമപ്രകാരം തെറ്റാണെന്നും പ്രഖ്യാപിച്ച കോടതി ഗവർണറുടെ നടപടി റദ്ദാക്കി.

ഒപ്പം ഗവർണർക്ക് ബില്ലുകളിൽ തീരുമാനമെടുക്കാൻ കോടതി സമയപരിധി നിശ്ചയിച്ചു. ബില്ലുകളിൽ പരമാവധി മൂന്ന് മാസത്തിനുള്ളിൽ ഇനി തീരുമാനം എടുക്കണം. ബില്ലുകൾ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാൽ പരമാവധി ഒരു മാസത്തിനുള്ളി‍ല്‍ തീരുമാനമെടുക്കണമെന്നും കോടതി വിധിച്ചു.

‘ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന ഭരണഘടനാ അധികാരികൾ ഭരണഘടനയുടെ മൂല്യങ്ങളാലായിരിക്കണം നയിക്കപ്പെടേണ്ടത്. ഇന്ത്യയിലെ ജനങ്ങൾ വളരെയധികം വിലമതിക്കുന്ന ഈ മൂല്യങ്ങൾ നമ്മുടെ പൂർവ്വികരുടെ വർഷങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഫലമാണ്. തീരുമാനങ്ങൾ എടുക്കാൻ ആവശ്യപ്പെടുമ്പോൾ, അധികാരികൾ ക്ഷണികമായ രാഷ്ട്രീയ പ്രേരണകൾക്ക് വഴങ്ങരുത്. മറിച്ച് ഭരണഘടനക്ക് അനുസൃതമായി പ്രവർത്തിക്കണം. അവർ ഉള്ളിലേക്ക് നോക്കുകയും അവരുടെ പ്രവർത്തനങ്ങൾ നീതിന്യായ വ്യവസ്ഥക്കും ഭരണഘടനക്കും അനുസൃതമായാണോ ഉള്ളതെന്ന് നിരീക്ഷിക്കണം. അവർ സ്വീകരിക്കുന്ന പ്രവർത്തനങ്ങൾ ഭരണഘടനയുടെ ആദർശങ്ങളെ കൂടുതൽ മെച്ചപ്പെടുത്തുന്നുണ്ടോ എന്നും ചിന്തിക്കുകയും വേണം,’ കോടതി പറഞ്ഞു.

ഒരു ഭരണഘടന എത്ര നല്ലതാണെങ്കിലും, അത് നടപ്പിലാക്കുന്നവർ നല്ലവരല്ലെങ്കിൽ, അത് മോശമാണെന്ന് തെളിയുമെന്ന ബി.ആർ. അംബേദ്ക്കറുടെ വാക്കുകൾ ഉദ്ധരിച്ചാണ് ജസ്റ്റിസ് പർദിവാല വിധിന്യായം അവസാനിപ്പിച്ചത്.

 

Content Highlight: Supreme Court’s Judgment In Tamil Nadu Govt’s Plea Against TN Governor Over Delay In Assenting Bills