Entertainment
മിന്നല്‍ മുരളി ബേസിലിന് പകരം വേറെ ആരെങ്കിലും സംവിധാനം ചെയ്താല്‍ കിടിലന്‍ ആയേനെ എന്ന് അയാള്‍ പറഞ്ഞു: വിപിന്‍ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 04, 03:28 am
Tuesday, 4th June 2024, 8:58 am

ഗുരുവായൂരമ്പല നടയില്‍ സിനിമയുടെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ വിപിന്‍ ദാസ്. സിജു സണ്ണി, സാഫ് ബോയ്, ബേസില്‍ ജോസഫ് കോമ്പോ സെറ്റിലും വളരെ രസകരമായാണ് ഇടപഴകിയതെന്ന് വിപിന്‍ പറഞ്ഞു. സിജുവും സാഫുമെല്ലാം സെറ്റില്‍ ആദ്യം മുതല്‍ക്കേ ഉണ്ടായിരുന്നുവെന്നും ബേസില്‍ പിന്നീടാണ് ജോയിന്‍ ചെയ്തതെന്നും വിപിന്‍ പറഞ്ഞു. ബേസിലിനോട് ആദ്യം അവര്‍ക്ക് ചെറിയൊരു പേടി ഉണ്ടായിരുന്നെന്നും എന്നാല്‍ വളരെ പെട്ടെന്ന് മൂന്ന് പേരും കമ്പനിയായെന്നും വിപിന്‍ പറഞ്ഞു.

ഷൂട്ട് തീരുന്ന സമയം ആകുമ്പോഴേക്ക് എല്ലാവരും പരസ്പരം കളിയാക്കുന്ന ലെവലിലേക്ക് മാറിയെന്നും വിപിന്‍ പറഞ്ഞു. മിന്നല്‍ മുരളി ബേസിലിന് പകരം വേറെ ആരെങ്കിലും സംവിധാനം ചെയ്തിരുന്നെങ്കില്‍ കിടിലനായേനെ എന്ന് സിജു പറഞ്ഞെന്നും വിപിന്‍ കൂട്ടിച്ചേര്‍ത്തു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് വിപിന്‍ ഇക്കാര്യം പറഞ്ഞത്.

‘സിജുവും സാഫ് ബോയുമൊക്കെ ആദ്യം മുതലേ സെറ്റിലുണ്ടായിരുന്നു. ബേസില്‍ കുറച്ചു ദിവസം കഴിഞ്ഞാണ് ജോയിന്‍ ചെയ്തത്. ആദ്യമൊക്കെ സിജുവിനും സാഫിനും ബേസിലിനോട് എങ്ങനെ സംസാരിക്കണം എന്ന കാര്യത്തില്‍ കുറച്ച് പേടിയുണ്ടായിരുന്നു. ഇവര്‍ മൂന്ന് പേരും ഒരുമിച്ചുള്ള കുറെ സീനുകളുണ്ട്. അപ്പോള്‍ ആദ്യത്തെ ദിവസം ആ സിങ്ക് കിട്ടാന്‍ കുറച്ചു സമയമെടുത്തു.

പിന്നീട് ഇവര്‍ വലിയ കമ്പനിയായി. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കല്‍ സ്ഥിരമായി. ബ്രേക്കിന്റെ സമയത്ത് അങ്ങോട്ടും ഇങ്ങോട്ടും കൗണ്ടറടിക്കലായിരുന്നു എല്ലാവരുടെയും പണി. ഒരാളെപ്പോലും ഇവര്‍ വെറുതെ വിട്ടില്ല. ബേസിലായിരുന്നു ഇതില്‍ മെയിന്‍. റ്റേവും അവസാനം മിന്നല്‍ മുരളി ബേസിലിന് പകരം വേറെ ആരെങ്കിലും സംവിധാനം ചെയ്തിരുന്നെങ്കില്‍ കിടിലനായേനെ എന്നുവരെ പറഞ്ഞു. സെറ്റില്‍ അതൊക്കെ വലിയ ചിരിയുണ്ടാക്കിയ കാര്യമായിരുന്നു,’ വിപിന്‍ ദാസ് പറഞ്ഞു.

Content Highlight: Vipin Das about the shooting experience of Guruvayoorambala Nadayil