കൊച്ചി: ദിലീപുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടെന്ന് നടിയെ ആക്രമിച്ച കേസിലെ വി.ഐ.പി എന്ന് അറിയപ്പെടുന്ന ശരത്ത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്നും ശരത് പറഞ്ഞു.
തന്റെ കയ്യില്‍ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ കളവാണ്. ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയതിനെ കുറിച്ച് അറിയില്ലെന്നും ശരത്ത് ചോദ്യം ചെയ്യലില്‍ അന്വേഷണസംഘത്തോട് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസുമായി ബനധപ്പെട്ട് ആറ് മണിക്കൂറാണ് ശരത്തിനെ അന്വേഷണസംഘം ചോദ്യം ചെയ്തത്. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗര്‍ വിന്‍സെന്റിനെതിരെ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സാഗര്‍ നല്‍കിയത് കള്ള പരാതിയാണെന്നും പിന്നില്‍ ദിലീപിന്റെ സ്വാധീനമുണ്ടെന്നും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസ് അങ്കമാലി ജെ.എഫ്.എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സാഗറിനെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ബൈജു പൗലോസ് വ്യക്തമാക്കി.
ദിലീപിന്റെ സ്വാധീനത്തിനു വഴങ്ങിയാണ് സാഗര്‍ മൊഴിമാറ്റിയത്. ദിലീപിന്റെ സഹോദരന്‍ അനൂപും കാവ്യാമാധവന്റെ ഡ്രൈവര്‍ സുനീറൂം അഭിഭാഷകരും ചേര്‍ന്നാണ് സാഗറിനെ സ്വാധീനിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസിലെ മറ്റൊരു സാക്ഷി ശരത് ബാബുവിന്റെ മൊഴിമാറ്റാന്‍ സാഗര്‍ ശ്രമിച്ചതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ടെലിഫോണ്‍ രേഖകള്‍ അടക്കം ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും സാഗറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നും അങ്കമാലി ജെ.എഫ്.എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടരന്വേഷത്തിന്റെ പേരില്‍ ബൈജു പൗലോസ് തന്നെ ഉപദ്രവിക്കുമെന്ന ആശങ്കയുള്ളതായും തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് ബൈജു പൗലോസ് നല്‍കിയ നോട്ടീസിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സാഗര്‍ വിന്‍സെന്റ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
Content Highlights: VIP Sarath told to Crime Branch that he had not seen the actress attack visuals