ചണ്ഡീഗഡ്: ഹരിയാനയില്‍ ഗോസംരക്ഷകര്‍ തോക്കുകള്‍ ആയുധമാക്കണമെന്ന് തീവ്ര ഹിന്ദുത്വവാദികളുടെ നിയന്ത്രണത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് സന്ദേശങ്ങള്‍. മേവാത്ത് ജില്ലയിലാണ് സംഭവം. സന്ദേശങ്ങള്‍ ജില്ലയിലെ മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഭീതി ഉയര്‍ത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്വയം പ്രഖ്യാപിത ഗോസംരക്ഷകര്‍ക്ക് വ്യാപകമായി തോക്കുകള്‍ക്ക് ലൈസന്‍സ് ആവശ്യപ്പെട്ട് അപേക്ഷകള്‍ നല്‍കുന്ന സാഹചര്യത്തില്‍ കൂടിയാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഗോസംരക്ഷകര്‍ക്ക് ഇത്തരത്തില്‍ സന്ദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. മേവാത്തിലെ ബിസാരു ഗ്രാമത്തിലെ താമസക്കാരനായ ദയ റാമിനെ ഗോസംരക്ഷകര്‍ ആക്രമിച്ചതിന് പിന്നാലെയാണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ തോക്കുകള്‍ ആയുധമാക്കാന്‍ ആഹ്വാനമുണ്ടായത്.
മേവാത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ക്ഷീരകര്‍ഷകരായ മുസ്‌ലിങ്ങളെ തീവ്ര ഹിന്ദുത്വവാദികള്‍ വേട്ടയാടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ജുനൈദ്, നസീര്‍ എന്നീ യുവാക്കളുടെ മരണവും സമൂഹ മാധ്യമങ്ങളില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ട സന്ദേശങ്ങളും മേവാത്തിലെ മുസ്‌ലിങ്ങളുടെ സാധാരണ ജീവിതത്തെ സാരമായി ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുംബൈ-ദല്‍ഹി ദേശീയ പാതയില്‍ മുസ്‌ലിം യുവാക്കളായ ഡ്രൈവര്‍മാര്‍ ഗോസംരക്ഷകരുടെ ആക്രമണത്തിന് ഇരയാവുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഈ പാതയിലൂടെ ബീഫുമായി കടന്നുപോകുന്ന ഹിന്ദു യുവാക്കള്‍ ആക്രമിക്കപ്പെടുന്നില്ലെന്നും മേവാത്തിലെ നിവാസികള്‍ പറയുന്നു.
രാജസ്ഥാനില്‍ നടക്കുന്ന കന്നുകാലി മേളയില്‍ ഒരു എരുമയുടെ വില ഏകദേശം 90,000 രൂപയാണ്. എന്നാല്‍ ഹരിയാനയില്‍ നിന്ന് കൊണ്ടുവരുന്ന ഒരു എരുമയുടെ വില 1.5 ലക്ഷം വരുമെന്നും മേവാത്തിലെ ഒരു ക്ഷീരകര്‍ഷകര്‍ ‘ദി ഹിന്ദു’നോട് പ്രതികരിച്ചു.
Content Highlight: Violent Hindutva-controlled WhatsApp group messages call for cow vigilantes to arm themselves with guns in Haryana