Entertainment news
'എടാ നീയാണോ നിന്റെ സിനിമകള്‍ എഴുതുന്നത്'; അന്ന് വിളിച്ചപ്പോള്‍ റോഷന്‍ ചേട്ടന്‍ പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 26, 05:01 pm
Monday, 26th December 2022, 10:31 pm

അഭിനയത്തിന് പുറമെ സംവിധാനത്തിലും തിരക്കഥാ രചനയിലും വിജയം നേടിയ താരമാണ് വിനീത് ശ്രീനിവാസന്‍. ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് മുതല്‍ പിന്നീട് തട്ടത്തിന്‍ മറയത്ത്, ജേക്കബിന്റെ സ്വര്‍ഗരാജ്യം, ഹൃദയം എന്നിവയുടെയും തിരക്കഥ രചിച്ചതും വിനീത് തന്നെയായിരുന്നു.

സംവിധാനം ചെയ്യുന്ന സിനിമകളുടെ തിരക്കഥ സ്വയം എഴുതുന്നതിനെ കുറിച്ച് സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ് തന്നോട് പറഞ്ഞ ഒരു കാര്യം ഓര്‍ത്തെടുക്കുകയാണ് ഇപ്പോള്‍ വിനീത്.

എഴുതുന്നത് തുടരണമെന്നും അങ്ങനെ ചെയ്താല്‍ ക്ഷമയോടെ എത്ര ഉയരത്തിലേക്ക് വേണമെങ്കിലും പോകാനാകുമെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞതായാണ് വിനീത് പറയുന്നത്.

”ആ സമയത്ത് റോഷന്‍ ആന്‍ഡ്രൂസ് എന്റയടുത്ത് പറഞ്ഞ ഒരു കാര്യം ഞാന്‍ ഭയങ്കരമായി ഓര്‍ത്തുവെക്കുന്നുണ്ട്. ഒരു ദിവസം വിളിച്ചപ്പോള്‍ എന്നോട് ചോദിച്ചു, ‘എടാ നീയാണോ നിന്റെ സിനിമകള്‍ എഴുതുന്നത്,’ എന്ന്. അതെ റോഷന്‍ ചേട്ടാ എന്ന് ഞാന്‍ പറഞ്ഞു.

അപ്പോള്‍ പുള്ളി എന്നോട് പറഞ്ഞത് ഇതാണ്, ‘നീ എത്ര സമയം വേണമെങ്കിലും എടുത്തോ, നീ തന്നെ എഴുതിയാല്‍ മതി. കാരണം അതിന് ശേഷം നിനക്ക് ലോകത്തുള്ള എല്ലാ ക്ഷമയും കിട്ടും,’ എന്നാണ്. നിനക്ക് ക്ഷമയുണ്ടെങ്കില്‍ പോകാന്‍ പറ്റുന്ന കാര്യങ്ങള്‍ക്ക് ലിമിറ്റുകളുണ്ടാവില്ല, എന്നും അദ്ദേഹം പറഞ്ഞു.

എനിക്കൊന്നും പറ്റാത്ത കാര്യമാണ് അത്. എനിക്ക് സ്വന്തമായി എഴുതാന്‍ പറ്റില്ല. അതിനുള്ള ക്ഷമ എനിക്കില്ല. നിനക്ക് അതിനുള്ള ക്ഷമ കിട്ടിയാല്‍ പിന്നെ എത്ര വേണമെങ്കിലും മുന്നോട്ട് പോകാം എന്നും പുള്ളി എന്നോട് പറഞ്ഞു. ഞാന്‍ എപ്പോഴും ഓര്‍ക്കുന്ന ഒരു കാര്യമാണിത്.

റൊമാന്റിക് ഡ്രാമ ഴോണറിലൊരുക്കിയ ഹൃദയം ആണ് വിനീതിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം. ദര്‍ശന രാജേന്ദ്രന്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറിയിരുന്നു.

അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് ആണ് വിനീത് നായകനായെത്തി ഒടുവില്‍ തിയേറ്ററുകളിലെത്തിയ സിനിമ. സുരാജ് വെഞ്ഞാറമൂട്, തന്‍വി റാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമക്ക് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചത്.

2018, തങ്കം, പൂക്കാലം എന്നിവയാണ് വിനീത് അഭിനയിച്ച് റിലീസിനൊരുങ്ങി നില്‍ക്കുന്ന സിനിമകള്‍.

Content Highlight: Vineeth Sreenivasan talks about Rosshan Andrrews