Kerala News
ദി കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പുരാന് എന്തിന്? വി. ശിവന്‍കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 29, 01:18 pm
Saturday, 29th March 2025, 6:48 pm

തിരുവനന്തപുരം: എമ്പുരാനില്‍ വളണ്ടറി മോഡിഫിക്കേഷന്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കേരളത്തെ അപകീര്‍ത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട ‘ദി കേരള സ്റ്റോറി’ക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പുരാന് എന്തിനെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

ഗുജറാത്ത് കലാപവും ഗോദ്ര സംഭവവുമെല്ലാം ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമാണെന്നും അത് ഏത് തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകള്‍ കാണുകയും അറിയുകയും ചെയ്യുമെന്നും വി. ശിവന്‍കുട്ടി പ്രതികരിച്ചു.

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരില്‍ അഭിനേതാക്കള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബര്‍ ആക്രമണം നടത്തുകയും ചെയ്യുന്നത് മുന്‍ചെയ്തികളെ ഭയക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു. തങ്ങള്‍ക്ക് ഹിതകരമല്ലാത്തത് സെന്‍സര്‍ ചെയ്യുമെന്ന ധാഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവത്തെയാണെന്നും മന്ത്രി പറഞ്ഞു.

ആവിഷ്‌കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏത് നടപടിയും എതിര്‍ക്കപ്പെടേണ്ടതാണെന്നും മന്ത്രി വി. ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

സംഘപരിവാര്‍ നടത്തുന്ന കടുത്ത സൈബര്‍ ആക്രമണങ്ങള്‍ക്കിടെയാണ് എമ്പുരാനില്‍ നിന്ന് ചില ഭാഗങ്ങള്‍ മാറ്റാന്‍ സിനിമയുടെ നിര്‍മാതാക്കള്‍ തീരുമാനിച്ചത്. സിനിമയുടെ പതിനേഴ് ഭാഗങ്ങളില്‍ മാറ്റം വരുത്താനും വില്ലന്‍ കഥാപാത്രത്തിന്റെ പേര് മാറ്റാനും ചില ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യാനുമാണ് തീരുമാനം.

ചിത്രത്തിന്റെ വളണ്ടറി മോഡിഫിക്കേഷന്‍ തിങ്കളാഴയോടെ പൂര്‍ത്തിയാകുമെന്നാണ് വിവരം. സിനിമയിലെ പ്രധാന വില്ലന് നല്‍കിയിരിക്കുന്ന ബജ്റംഗി എന്ന പേര് മാറ്റുകയും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളില്‍ ചിലത് കട്ട് ചെയ്തുമായിരിക്കും ചിത്രം ഇനി തിയേറ്ററുകളിലെത്തുക. എമ്പുരാനില്‍ ദേശീയ ഏജന്‍സിയുമായി ബന്ധപ്പെട്ട ഭാഗങ്ങളും മ്യൂട്ട് ചെയ്യും.

എമ്പുരാന്‍ ഹിന്ദുവിരുദ്ധ അജണ്ടയുടെ ഭാഗമാണെന്ന് ആരോപിച്ചാണ് സംഘപരിവാര്‍ അനുകൂലികളും ആര്‍.എസ്.എസും ആക്രമണം നടത്തുന്നത്. സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജിനെ ഹിന്ദു വിരുദ്ധനായും ജിഹാദിയായും സംഘപരിവാര്‍ പ്രൊഫൈലുകള്‍ ഇതിനോടകം മുദ്രകുത്തിയിട്ടുണ്ട്.

സിനിമയുടെ ഉള്ളടക്കങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ സിനിമക്കെതിരെ പ്രചരണമുണ്ടാകില്ലെന്നുമാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വിവാദങ്ങളില്‍ പ്രതിഷേധിച്ചത്.

Content Highlight: Why did the censor board cut Empuraan when The Kerala Story didn’t? V. Sivankutty