Sports News
ഒരുകളി തോറ്റാലെന്താ, ഇതുപോലൊരു റെക്കോഡിട്ട ഒരുത്തന്‍ ഐ.പി.എല്‍ ചരിത്രത്തിലില്ല!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 29, 11:44 am
Saturday, 29th March 2025, 5:14 pm

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ചരിത്ര വിജയം സ്വന്തമാക്കിയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ചെപ്പോക്ക് വിട്ടത്. 2008ന് ശേഷം ചെന്നൈയുടെ തട്ടകമായ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ ആര്‍.സി.ബി സ്വന്തമാക്കുന്ന ആദ്യ വിജയമായിരുന്നു ഇത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ചെന്നൈ മധ്യ നിരയില്‍ കരുതിവെച്ച വജ്രായുധം മിനിനം ഗ്യാരണ്ടിയില്‍ പ്രകടനം നടത്തുന്നതില്‍ നിരാശപ്പെടുത്തിയില്ലായിരുന്നു.

പറഞ്ഞു വരുന്നത് സര്‍ രവീന്ദ്ര ജഡേജയെക്കുറിച്ചാണ്. ഏഴാമനായി ഇറങ്ങി 19 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 25 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. ചെന്നൈയുടെ മൂന്നാമത്തെ ടോപ് സ്‌കോററാണ് ജഡേജ. ഇതിനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡും ജഡേജ സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ 3000 + റണ്‍സും 100 + വിക്കറ്റും നേടുന്ന ആദ്യ താരമാകാനാണ് ജഡേജക്ക് സാധിച്ചത്.

റെക്കോഡ് ലിസ്റ്റ്‌ലെ മറ്റ് താരങ്ങള്‍

രവീന്ദ്ര ജഡേജ – 3001 റണ്‍സും 160 വിക്കറ്റും

ആന്ദ്രെ റസല്‍ – 2488 റണ്‍സും 115 വിക്കറ്റും

അകസര്‍ പട്ടേല്‍ – 1675 റണ്‍സും 123 വിക്കറ്റുകളും

സുനില്‍ നരൈന്‍ – 1578 റണ്‍സും 181 വിക്കറ്റുകളും

ഡ്വെയ്ന്‍ ബ്രാവോ – 1560 റണ്‍സും 183 വിക്കറ്റുകളും

ചെന്നൈയുടെ അടുത്ത മത്സരം ഞായറാഴ്ചയാണ്. രാജസ്ഥാനെതിരെയുള്ള മത്സരം ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയമാണ് വേദി. തങ്ങളുടെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട രാജസ്ഥാന്‍ ഹോം ഗ്രൗണ്ടിലെ അവസാന മത്സരത്തില്‍ വിജയപ്രതീക്ഷയുമായാണ് ഇറങ്ങുന്നത്.

Content Highlight: Ravindra Jadeja In Great Record Achievement In IPL