ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് ഇന്ന് (ശനി) നടക്കാനിരിക്കുന്നത്. ടൈറ്റന്‍സിന്റെ തട്ടകമായ അഹമ്മദാബാദിലാണ് മത്സരം. പതിനെട്ടാം സീസണിലെ ആദ്യ വിജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്.
കഴിഞ്ഞ മത്സരത്തില്‍ മുംബൈക്ക് വേണ്ടി കളത്തിലിറങ്ങാന്‍ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് സാധിച്ചിരുന്നില്ല. 17ാം സീസണില്‍ സ്ലോ ഓവര്‍ റേറ്റിന്റെ വിലക്ക് നേരിട്ടതിനാലാണ് ഹര്‍ദിക്കിന് ഉദ്ഘാടന മത്സരം നഷ്ടമായത്. എന്നാല്‍ രണ്ടാം മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പ് മുംബൈ പരിശീലകന്‍ മഹേള ജയവര്‍ധനെ ഹര്‍ദിക്കിനെക്കുറിച്ച് സംസാരിക്കുകയാണ്.
‘വെറുമൊരു കായിക വിനോദം മാത്രമല്ല ക്രിക്കറ്റ്, അതൊരു വികാരമാണ്. ഫാന്‍സിന്റെ വിശ്വസ്തതയും ഐ.പി.എല്ലില്‍ എടുത്തുപറയേണ്ട ഒന്നാണ്. ആ വിശ്വസ്തത എത്രത്തോളം ആഴത്തിലാണെന്ന് നമ്മള്‍ കാണും. കഴിഞ്ഞ ഒരു വര്‍ഷം ഹര്‍ദിക് പാണ്ഡ്യ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കി, അതിന് ശേഷവും. മികച്ച ഒരു ക്രിക്കറ്റ് മത്സരം ആസ്വദിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം,’ ജയവര്‍ധനെ പറഞ്ഞു.
മുംബൈയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയെക്കുറിച്ചും ജയവര്‍ധനെ സംസാരിച്ചിരുന്നു. ബോര്‍ഡര്‍ ഗവാസ്‌കറില്‍ പരിക്ക് പറ്റിയ താരം തിരിച്ചുവരവിന്റെ പാതയിലാണെന്ന് മുന്‍ ലങ്കന്‍ താരം പറഞ്ഞു. അധികം വൈകാതെ ബുംറ തിരിച്ചെത്തുമെന്ന് ജയവര്‍ധനെ പ്രതീക്ഷ പങ്കുവെക്കുകയും ചെയ്തു.
‘ബുംറ ഒഴികെ ബാക്കിയുള്ളവര്‍ എല്ലാവരുമുണ്ട്. ഓരോ ദിവസം കഴിയുമ്പോഴും ബുംറ തിരിച്ചുവരവിന്റെ പാതയിലാണെന്ന് കഴിഞ്ഞ അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞിരുന്നു. അധികം വൈകാതെ അവന്‍ തിരിച്ചുവരും. എന്നാല്‍ അതിനേക്കുറിച്ച് എന്‍.സി.എ വ്യക്തമായി പറഞ്ഞിട്ടില്ല. അതുകൊണ്ട് അവന്റെ തിരിച്ചുവരവ് ഞങ്ങള്‍ മോണിറ്ററിങ് ചെയ്തുകൊണ്ടിരിക്കും,’ ജയവര്‍ധനെ പറഞ്ഞു.
അതേസമയം, എല്‍ ക്ലാസിക്കോ മത്സരത്തില്‍ ചെന്നൈയോട് നാല് വിക്കറ്റിന് പരാജയപ്പെട്ടാണ് മുംബൈ ഇന്ത്യന്‍സ് രണ്ടാം മത്സരത്തില്‍ ഇറങ്ങുന്നത്. സീസണിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്സിനോട് ഗുജറാത്ത് ടൈറ്റന്‍സും തോറ്റിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുത്തിട്ടും 11 റണ്‍സിന്റെ തോല്‍വിയാണ് ഗില്ലിന്റെ സംഘം ഏറ്റുവാങ്ങിയത്.
Content Highlight: IPL 2025: Mahela Jayawardane Talking About Jasprit Bumrah And Hardik Pandya