national news
മ്യാന്‍മറിലെ രക്ഷാദൗത്യത്തിനായി ഇന്ത്യയുടെ 'ഓപ്പറേഷന്‍ ബ്രഹ്‌മ'; ഇന്ത്യ രണ്ട് വിമാനങ്ങള്‍ കൂടി അയക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 29, 12:41 pm
Saturday, 29th March 2025, 6:11 pm

ന്യൂദല്‍ഹി: മ്യാന്‍മറിലേക്ക് കൂടുതല്‍ സഹായമെത്തിക്കാന്‍ ഇന്ത്യ. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് വിമാനങ്ങള്‍ കൂടി ഇന്ത്യ മ്യാന്മറിലേക്ക് അയക്കും. ‘ഓപ്പറേഷന്‍ ബ്രഹ്‌മ’ രക്ഷാദൗത്യത്തിന് ഇന്ത്യ നല്‍കിയിരിക്കുന്ന പേര്.

നേരത്തെ 80 അംഗ എന്‍.ഡി.ആര്‍.എഫ് സംഘത്തെ ഇന്ത്യ മ്യാന്മറിലേക്ക് അയച്ചിട്ടുണ്ട്. ഇതിനുപുറമെ 118 അംഗ മെഡിക്കല്‍ ടീമിനെയും നാല് നാവിക സേന കപ്പലുകളും കൂടി ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യ അയക്കും.

നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഭൂചലനത്തെ തുടര്‍ന്നുണ്ടായ മ്യാന്‍മറിലെ അപകടങ്ങളില്‍ 1007 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 2376 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ 1500 വീടുകളാണ് ഭൂകമ്പത്തില്‍ തകര്‍ന്നത്.

തായ്ലാന്‍ഡിലെ ബാങ്കോക്കിലുണ്ടായ ഭൂകമ്പത്തില്‍ 10 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 30 നിലകെട്ടിടം തകര്‍ന്നുണ്ടായ അപകടത്തിലാണ് ഇവര്‍ മരണപ്പെട്ടത്. 30 ലധികം തൊഴിലാളികള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇരു രാജ്യങ്ങളിലുമായി രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മരണസംഖ്യ 10000 കവിയുമെന്നാണ് യു.എസ് ജിയോളജിക്കല്‍ സര്‍വേ കണക്കാക്കുന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മ്യാന്മറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയ്ക്ക് സമീപം റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഏകദേശം 11 മിനിറ്റിനുശേഷം, റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ തുടര്‍ചലനവും ഉണ്ടായി.

ബാങ്കോക്കില്‍ 7.3 തീവ്രതയില്‍ രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതിനുപിന്നാലെ വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 11:56ന് മ്യാന്മറില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും രേഖപ്പെടുത്തി.

10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി (എന്‍.സി.എസ്) സ്ഥിരീകരിച്ചു. ഇത് കൂടുതല്‍ തുടര്‍ചലനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്.

അതേസമയം മ്യാന്‍മറിലെ പതിനാറായിരത്തോളം ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാന്‍മര്‍ സീനിയര്‍ ജനറലുമായി സംസാരിച്ചതായും കേന്ദ്രം അറിയിച്ചു. ബാങ്കോക്കിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ട് വരികയാണെന്നാണ് തായ്‌ലാൻഡിലെ മലയാളികള്‍ വിവിധ മാധ്യമങ്ങളോടായി പ്രതികരിച്ചു.

Content Highlight: India’s ‘Operation Brahma’ for rescue mission in Myanmar; India to send two more aircraft