എമ്പുരാന്റെ പേരിൽ നടക്കുന്ന വിവാദങ്ങളോട് പ്രതികരിക്കുകയാണ് തിരക്കഥാകൃത്ത് മുരളി ഗോപി. ഇപ്പോൾ തനിക്കൊന്നും പറയാൻ ഇല്ലെന്നും താൻ നിശബ്‌ദത പാലിക്കുകയാണെന്നും മുരളി ഗോപി പറയുന്നു. സിനിമയുടെ പേരിൽ അവർ പോരാടട്ടെയെന്നും എല്ലാവർക്കും അവരുടേതായ രീതിയിൽ സിനിമയെ വ്യാഖ്യാനിക്കാൻ അവകാശമുണ്ടെന്നും മുരളി ഗോപി പറഞ്ഞു. പി.ടി.ഐയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘വിവാദത്തെ കുറിച്ച് എനിക്കൊന്നും പറയാനില്ല. ഞാൻ പൂർണ നിശബ്‌ദത പാലിക്കുന്നു. അവർ സിനിമയുടെ പേരിൽ പോരാടട്ടെ. എല്ലാവർക്കും അവരുടേതായ രീതിയിൽ സിനിമയെ വ്യാഖ്യാനിക്കാൻ അവകാശമുണ്ട്,’ മുരളി ഗോപി പറഞ്ഞു.
മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് എമ്പുരാൻ. മോഹൻലാൽ അബ്രാം ഖുറേഷിയായെത്തിയ ചിത്രം മാർച്ച് 27നായിരുന്നു തിയേറ്ററുകളിലെത്തിയത്. റിലീസിന് മുമ്പുതന്നെ കളക്ഷൻ റെക്കോർഡുകൾ തിരുത്തിയ ചിത്രം റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ 100 കോടി ക്ലബ്ബിൽ കയറി.
എമ്പുരാന്റെ റിലീസിന് പിന്നാലെ ചിത്രത്തിന്റെ ഇതിവൃത്തത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് തീവ്ര വലതുപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉയരുന്നത്. ഗുജറാത്ത് കലാപത്തെ കുറിച്ച് സംസാരിക്കുന്ന ചിത്രം ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്ന തരത്തിൽ വ്യാജ പ്രചരണങ്ങൾ നടക്കുന്നുണ്ട്.
സംഘപരിവാറിന്റെ സൈബർ ആക്രമണം ശക്തമായതോടെ എമ്പുരാന്റെ പതിനേഴിലേറെ ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്താൻ നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നു. സിനിമയുടെ ഭാഗങ്ങളിൽ മാറ്റം വരുത്തുകയും വില്ലൻ കഥാപാത്രത്തിന്റെ പേര് മാറ്റുകയും ചില ഭാഗങ്ങൾ മ്യൂട്ട് ചെയ്യുകയും ചെയ്യും. പ്രധാന വില്ലന്റെ ബജ്റംഗി എന്ന പേര് മാറ്റുകയും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളിൽ പലതും കട്ട് ചെയ്തുമായിരിക്കും ചിത്രം ഇനി തിയേറ്ററുകളിലെത്തുക. എമ്പുരാനിൽ ദേശീയ ഏജൻസിയുമായി ബന്ധപ്പെട്ട ഭാഗങ്ങളും മ്യൂട്ടും ചെയ്യും.
Content Highlight: Murali Gopy reacts to the Empuraan Movie controversy